സഹകരിച്ചിട്ടും പൊലീസ് കടന്നുകയറി ആക്രമിച്ചു; വിദ്യാർഥികളെ കുറ്റം ചാരാൻ നുണപ്രചാരണവും

തിരുവനന്തപുരം: മന്ത്രിമാരെ വഴിയിലിറക്കിവിട്ട് ബിജെപിക്കാർ വിലസുമ്പോൾ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥികളെ ആക്രമിച്ച് അതിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത ശ്രമം. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്‌റ്റൽ അരാജക കേന്ദ്രമാണെന്ന് വരുത്താൻ കൈയിൽ കരുതിയ ബിയർകുപ്പികൾ വലിച്ചെറിഞ്ഞതും ഇതിന്റെ ഭാഗം.
ഹോസ്‌റ്റൽ വളപ്പിൽനിന്നാണ് ആദ്യം കല്ലേറുണ്ടായതാണ് പ്രകോപനമെന്നു വരുത്താൻ ഏതാനും മാധ്യമങ്ങളെയും ഉപയോഗിച്ചു. ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് വ്യാപക അക്രമം നടന്നത്. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിന് അകത്തേക്ക് എറിയുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടാവുന്നത്.
ഹോസ്‌റ്റൽ വളപ്പിലേക്ക് യൂത്ത് കോൺഗ്രസുകാർ വലിച്ചെറിഞ്ഞ തീപ്പന്തങ്ങൾ കെടുത്താൻ വിദ്യാർഥികളെ സന്നദ്ധരാക്കാൻ സഹായിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനാലാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അകത്തേക്ക് കടന്നത്. സഞ്ജീവ് അകത്ത് കടന്നതോടെ ഇരച്ചുകയറിയ പൊലീസ് ആദ്യം സഞ്ജീവിനെത്തന്നെ അടിച്ചു. ഹോസ്‌റ്റലിന്റെ ഉള്ളിലേക്കു കയറി വിദ്യാർഥികളെ പൊതിരെ തല്ലുകയായിരുന്നു.
തലങ്ങും വിലങ്ങും അടിച്ചു. വിദ്യാർഥികളാണ് പ്രശ്‌നത്തിന് തുടക്കമിട്ടത് എന്നു വരുത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇതിനെ ന്യായീകരിക്കാനായിരുന്നു പിന്നീട് മുഖ്യമന്ത്രിയുൾപെടെയുള്ളവരുടെ വാദം.
സഹകരിച്ചിട്ടും പൊലീസ് കടന്നുകയറി ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. തന്നെ വധിക്കാനും എസ്എഫ്ഐ പ്രവർത്തകരുടെ തലതല്ലിപ്പൊളിക്കാനും തീരുമാനിച്ചുറപ്പിച്ചാണ് പൊലീസ് പദ്ധതിയിടുന്നതെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിന്റെയും, കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടേയും ആക്രമണത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.








0 comments