കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; വീരമണിക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തു

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഗ്രാനൈറ്റ് വ്യവസായി ആർ വീരമണിക്കെതിരെ ഗുണ്ടാ നിയമം ചുമത്തി. വീരമണിക്കും കൂട്ടാളികളായ എം ശാന്തി, മഹേന്ദ്ര സിംഹൻ എന്നിവർക്കെതിരെയുമാണ് ചെന്നൈ പൊലീസ് ഗുണ്ടാ നിയമം ചുമത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വീരമണിക്കെതിരെയും മറ്റുള്ളവർക്കുമെതിരെ നിലവിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ചെന്നൈ പൊലീസ് സജ്ജീകരിച്ച വാട്സ്ആപ്പ് ഹെൽപ്‌ലൈനിലേക്ക് ഇതുവരെ അഞ്ച് പ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്, ഇവ അന്വേഷിച്ചുവരികയാണ്. കൂടാതെ, അന്വേഷണത്തിന്റെ ഭാഗമായി വീരമണിയും മറ്റുള്ളവരും തമ്മിലുള്ള സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് ഇവർ മൂവരെയും അറസ്റ്റ് ചെയ്തത്. വീരമണി വാടകയ്ക്കടുത്ത വീട്ടിൽ വെച്ച് ശാന്തിയും മഹേന്ദ്രയും കുറ്റകൃത്യങ്ങൾക്ക് ഒത്താശ ചെയ്തെന്നാണ് പൊലീസ് ആരോപിക്കുന്നത്. വീരമണിയുടെ ജെം ഗ്രൂപ്പിന്റെ മുൻ ജീവനക്കാരനായ ഗണേശനെയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 2025 ഒക്ടോബർ 7നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രൂരമായ പീഢനത്തിന്റെ ദൃശ്യങ്ങളാണ് ഇതിലൂടെ പുറത്തെത്തിയത്. പക്ഷേ ദീർഘകാലം കേസ് അന്വേഷണം എങ്ങും എത്തിയില്ല. ഇരകൾ ജീവനൊടുക്കിയതിനാൽ കേസ് തുടരാനാവുന്നില്ല എന്നുവരെ വിശദീകരിച്ചായിരുന്നു പൊലീസ് പിൻമാറ്റം.
കേസ് ഇല്ലാതാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ മാധ്യമങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട പല തലങ്ങളിൽ ശ്രമങ്ങൾ നടന്നു. ഇവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് തുടക്കത്തിൽ പറഞ്ഞിരുന്നു. കേസുകൾ ഇല്ലാതാക്കാൻ മാത്രം 70 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർടുകൾ പുറത്തെത്തിയത്.








0 comments