ad
Deshabhimani

കാലുകൾ നഷ്ടപ്പെട്ടപ്പോഴും തളരാത്ത പോരാളി;കായിക ലോകത്തെ വിസ്മയ നക്ഷത്രം അലക്സ് സനാർഡി വിടവാങ്ങി

alex zanardi death

"മുൻ റേസിംഗ് ഡ്രൈവറും പാരാസൈക്ലിസ്റ്റുമായ ഇറ്റാലിയൻ താരം അലക്‌സ് സനാർഡി 2017 ഏപ്രിൽ 2-ന് നടന്ന 23-ാമത് റോം മാരത്തണിൽ പങ്കെടുക്കുന്നു. Photo Credit: AFP

വെബ് ഡെസ്ക്

Published on May 02, 2026, 04:43 PM | 1 min read

റോം: നിശ്ചയദാർഢ്യം കൊണ്ട് വിധിക്ക് മുന്നിൽ തോൽക്കാതെ പൊരുതിയ കായിക ഇതിഹാസം അലക്‌സ് സനാർഡി (59) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.


മുൻ ഫോർമുല വൺ ഡ്രൈവറും പാരാലിമ്പിക്സിലെ നാല് തവണ സ്വർണ്ണ മെഡൽ ജേതാവുമായ സനാർഡി, കായിക ലോകത്തിന് എന്നും ധൈര്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു.


1990-കളിൽ ജോർദാൻ, ലോട്ടസ്, വില്യംസ് തുടങ്ങിയ പ്രമുഖ ടീമുകൾക്കായി ഫോർമുല വൺ ട്രാക്കുകളിൽ സനാർഡി മിന്നുന്ന പ്രകടനം നടത്തിയിരുന്നു.


എന്നാൽ 2001-ൽ ജർമ്മനിയിലെ ലൗസിറ്റ്‌സ്‌റിംഗിൽ നടന്ന കാറോട്ട മത്സരത്തിനിടെയുണ്ടായ ഭീകരമായ അപകടത്തിൽ അദ്ദേഹത്തിന് രണ്ട് കാലുകളും നഷ്ടമായി. കരിയർ അവസാനിച്ചെന്ന് എല്ലാവരും കരുതിയടത്തുനിന്നും ഹാൻഡ്‌സൈക്ലിംഗിലൂടെ അദ്ദേഹം അത്ഭുതകരമായി തിരിച്ചുവന്നു.


2012-ലെ ലണ്ടൻ പാരാലിമ്പിക്സിലും 2016-ലെ റിയോ പാരാലിമ്പിക്സിലുമായി നാല് സ്വർണ്ണ മെഡലുകൾ നേടിയ സനാർഡി, 12 തവണ ലോക ചാമ്പ്യൻ പട്ടവും സ്വന്തമാക്കി.


വൈകല്യങ്ങളെ വെല്ലുവിളിച്ച് അദ്ദേഹം നടത്തിയ ഈ നേട്ടങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി. 2020-ലുണ്ടായ മറ്റൊരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും അതിജീവനത്തിന്റെ പാതയിൽ അദ്ദേഹം പോരാട്ടം തുടർന്നിരുന്നു.


ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഉൾപ്പെടെയുള്ള പ്രമുഖർ സനാർഡിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഓരോ പരീക്ഷണത്തെയും ധീരതയുടെയും കരുത്തിന്റെയും പാഠങ്ങളാക്കി മാറ്റിയ അസാമാന്യ മനുഷ്യനെയാണ് ഇറ്റലിക്ക് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. കായിക നേട്ടങ്ങൾക്കപ്പുറം, ഒരിക്കലും തോറ്റുകൊടുക്കരുത് എന്ന വലിയ സന്ദേശമാണ് സനാർഡി ലോകത്തിന് നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home