ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻ പ്രീ തുടങ്ങി

മനാമ > ഈ വർഷത്തെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് സീസണ് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ തുടക്കമായി. ബഹ്‌റൈൻ ഗ്രാൻ പ്രീ കാറോട്ട മത്സരം ശനിയാഴ്ച വൈകീട്ട് ആറിന് സർക്യൂട്ടിൽ നടക്കും. ഗ്രാന്റ് പ്രീയിലെ ആദ്യ പ്രാക്ടീസ് സെഷൻ വ്യാഴാഴ്ച രാവിലെയും രണ്ടാം പ്രാക്ടീസ് വൈകീട്ട് ആറിനും നടന്നു. മൂന്നാമത്തെ പ്രാക്ടീസ് വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.30ന് നടക്കും. തുടർന്ന് വൈകീട്ട് ഏഴിന് യോഗ്യത റൗണ്ട് മത്സരം.
ആദ്യ പ്രാക്ടീസ് സെഷനിൽ ആർബിയുടെ ഡാനിയൽ റിക്കിയാഡോ മുന്നിൽ എത്തി. മക്‌ലാരന്റെ ലാൻഡോ നോറിസ്, ഓസ്‌കർ പിയാസ്ട്രി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഫോർമുല വൺ ചരിത്രത്തിൽ ആദ്യമായി 20 ഡ്രൈവർമാരും അതേ ടീമുകളിൽ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നുണ്ട്. റെഡ്ബുൾ, ഫെറാറി, മക്‌ലാരൻ, മെർസിഡസ്, ആസ്റ്റൺ മാർട്ടിൻ, ഹാസ്, ആർബി, ആൽപ്പൈൻ, കിക്ക് സൗബേർ, വില്യംസ് തുടങ്ങിയ പത്ത് ടീമുകളാണ് മത്സര രംഗത്തുള്ളത്. നിലവിലുളള ചാമ്പ്യനായ റെഡ്ബുള്ളിന്റെ മാക്‌സ് വെസാപ്പൻ, സെർജിയോ പെരസ്, ഫെർനാടോ അലോൺസോ, കാർലോസ് സായിൻസ്, ലെവിസ് ഹാമിൽട്ടൺ, വാൾട്ടേരി ബോട്ടാസ് തുടങ്ങിയ പ്രമുഖ ഡ്രൈവർമാർ ട്രാക്കിൽ ഇറങ്ങും.
2002ൽ നിർമ്മിച്ച സാഖിറിലെ സർക്ക്യൂട്ടിൽ 2004ലാണ് ആദ്യ ഗ്രാൻ പ്രി നടന്നത്. 5.412 കിമീ നീളമുള്ള സർക്ക്യൂട്ടിൽ 57 ലാപ്പുകൾ ഉണ്ട്. 308.238 കി.മീ ദൂരമാണ് മത്സര ഓട്ടം. 2005ൽ പെഡ്രോ ഡി ലാ റോസ പൂർത്തിയാക്കിയ 1:31.447 ആണ് ലാപ് റെക്കോർഡ്. ബഹ്‌റൈൻ ഗ്രാൻ പ്രീക്ക് പിന്നാലെ ഈ വർഷത്തെ ഫോർമുല വൺ സീസണിലെ മറ്റു മത്സരങ്ങളും നടക്കും. മാർച്ച് ഏഴു മുതൽ ഒൻപത് വരെ സൗദി അറേബ്യൻ ഗ്രാൻ പ്രീയും 22 മുതുൽ 24 വരെ ഓസ്‌ട്രേലിയൻ ഗ്രാൻ പ്രീയും ഏപ്രിൽ അഞ്ചു മുതൽ ഏഴുവരെ ജപ്പാൻ ഗ്രാൻ പ്രീയും നടക്കും.
വ്യാഴാഴ്ചയിലെ പ്രാക്ടീസ് സെഷന് മുന്നോടിയായി ബുധനാഴ്ച രാത്രി എല്ലാ ടിക്കറ്റ് ഉള്ളവെർക്കായി ഫോർമുല വൺ പിറ്റ്‌ലൈനിൽ നടത്തത്തിന് അവസരം ഒരുക്കിയിരുന്നു. കാറോട്ട മത്സരത്തിന്റെ അനുബന്ധപരിപാടിയായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാപന ദിവസം എയർ ഷോയും ഉണ്ട്.










0 comments