print edition ശ്രീശങ്കറിന് സ്വർണം, കോമൺവെൽത്ത് ഗെയിംസ് യോഗ്യത

റാഞ്ചിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിൽ പുരുഷ ലോങ്‌ജന്പിൽ മലയാളി താരം എം ശ്രീശങ്കർ സ്വർണം നേടുന്നു
റാഞ്ചി: തകർപ്പൻ ചാട്ടത്തിലൂടെ മലയാളിയായ എം ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിലേക്ക് ചുവടുവച്ചു. റാഞ്ചിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് പുരുഷ ലോങ് ജന്പിൽ 8.08 മീറ്റർ ചാടിയാണ് സ്വർണവും യോഗ്യതയും സ്വന്തമാക്കിയത്. പുരുഷ പോൾവോട്ടിലെ ആവേശകരമായ പോരിൽ മധ്യപ്രദേശിന്റെ ദേവ്‌കുമാർ മീണയും കുൽദീപ് കുമാറും ദേശീയ റെക്കോഡ് കുറിച്ചു. 5.45 മീറ്റർ ഉയരം താണ്ടിയ ഇരുവരും കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ഗെയിംസിനും യോഗ്യത നേടി. എടുത്ത ശ്രമങ്ങളുടെ കണക്കിൽ മീണ സ്വർണവും കുൽദീപ് വെള്ളിയും അണിഞ്ഞു. മീറ്റ് ഇന്ന് സമാപിക്കും.
പ്രതീക്ഷിച്ച ദൂരം താണ്ടാനായില്ലെങ്കിലും കോമൺവെൽത്ത് ഗെയിംസ് യോഗ്യത കുറിച്ചത് ശ്രീശങ്കറിന് നേട്ടമായി. 8.05 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. മൂന്നാംചാട്ടത്തിലായിരുന്നു സ്വർണദൂരം കടന്നത്. ആദ്യത്തേത് മികച്ച ചാട്ടമായിരുന്നെങ്കിലും ബോർഡിന് ഏറെ പിന്നിലായതിനാൽ 7.81 മീറ്ററിൽ തൊട്ടു. രണ്ടാമത്തെ ചാട്ടം 7.98 മീറ്റർ. നാലാമത്തേത് 7.93. അവസാന രണ്ട് ചാട്ടവും -ഫൗളായി. റിലയൻസിന്റെ എസ് ലോകേഷിനാണ് (7.94) വെള്ളി. നേവിയുടെ മുഹമ്മദ് മുഹസിൻ (7.85) വെങ്കലവും നേടി. ദേശീയ റെക്കോഡുകാരൻ ജെസ്വിൻ ആൾഡ്രിൻ (7.73) ആറാമതായി. ഗ്ലാസ്‌ഗോയിൽ ജൂലൈ 23നാണ് കോമൺവെൽത്ത് ഗെയിംസ്.
പോൾവോൾട്ടിൽ ഇന്ത്യൻ അത്‌ലറ്റിക്‌സ് ചരിത്രത്തിലെതന്നെ ആവേശകരമായ പോരാട്ടമാണ് നടന്നത്. ഇൗ മാസമാദ്യം ഭുവനേശ്വറിൽ നടന്ന പോൾവോൾട്ട് ചാന്പ്യൻഷിപ്പിൽ 5.41 മീറ്റർ ഉയരംകണ്ട കുൽദീപിന്റെ പേരിലായിരുന്നു ദേശീയ റെക്കോഡ്. മീണയുടെ റെക്കോഡായിരുന്നു തിരുത്തിയത്. റാഞ്ചിയിൽ രണ്ടാംശ്രമത്തിൽ 5.42 മീറ്റർ ചാടി മീണ ഉയരത്തിൽ പുതിയ ദൂരമെഴുതി. ആദ്യരണ്ട് ശ്രമങ്ങളിലും ബാറിനെ മറികടക്കാൻ കഴിയാതിരുന്ന കുൽദീപ് അടുത്ത ശ്രമം 5.45 മീറ്ററിൽവച്ച് ഉയരം മറികടന്നു. മറുവശത്ത്, മീണയും ഇൗ ഉയരം കടന്നതോടെ മത്സരം ആവേശത്തിലായി. 5.50 മീറ്ററിൽ ഇരുവരും ശ്രമം നടത്തിയെങ്കിലും -ഫലമുണ്ടായില്ല. 5.25 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. മധ്യപ്രദേശിലെ എം പി അക്കാദമിയിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
പുരുഷ ഹൈജന്പിൽ മീറ്റ് റെക്കോഡോടെ സർവേഷ് കുഷാരെ (2.28 മീറ്റർ) യോഗ്യത നേടി. രണ്ടാമതെത്തിയ ആദർശ് റാമും 2.22 മീറ്റർ യോഗ്യതാ മാർക്ക് കടന്നു. 110 മീറ്റർ ഹർഡിൽസിൽ റിലയൻസിന്റെ തേജസ് ഷിർസെ (13.50 സെക്കൻഡ്) മീറ്റ് റെക്കോഡിട്ടു. നേവിയുടെ മലയാളി താരം മുഹമ്മദ് ലസാനാണ് (13.83) വെങ്കലം. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജെഎസ്‌ഡബ്ല്യുവിന്റെ മലയാളി താരം സി അഞ്‌ജലിയും (13.35) മൂന്നാമതെത്തി.










0 comments