print edition ലോകകപ്പിൽ യുവമേളം

ലോകകപ്പിന് പന്തുരുളാൻ ഇനി ഒരു മാസം തികച്ചില്ല. ടീമുകൾ തയ്യാറെടുപ്പ് പൂർത്തിയാക്കാനൊരുങ്ങുന്നു. പരിചയ സന്പത്തിനൊപ്പം യുവ വീര്യവും ഉൾപ്പെടുത്തിയാണ് ടീമുകൾ ഇറങ്ങുന്നത്. ഇൗ ലോകകപ്പിൽ പ്രതീക്ഷയോടെ കാണുന്ന ഒട്ടേറെ യുവതാരങ്ങളുണ്ട്. ലോകകപ്പിന്റെ താരങ്ങളാകാൻ തന്നെ പ്രതിഭയുള്ളവർ. ഇൗ ലോകകപ്പിന്റെ യുവ താരങ്ങളിലേക്ക്.
ലമീൻ യമാൽ
18 വയസ്
ടീം: സ്‌പെയ്‌ൻ, ബാഴ്‌സലോണ
രാജ്യാന്തര അരങ്ങേറ്റം: 2023 സെപ്‌തംബർ (16 വയസ്)
സ്ഥാനം: അറ്റാക്കിങ് മിഡ്ഫീൽഡർ/വിങ്ങർ
പരിക്കുകാരണം പുറത്താണെങ്കിലും ലോകകപ്പിന് മുൻപ് യമാൽ തിരിച്ചെത്തുമെന്നാണ് സ്‌പെയ്‌നിന്റെ പ്രതീക്ഷ. ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമാണ് സ്‌പെയ്‌ൻ. യമാലിന്റെ സാന്നിധ്യമാണ് അതിനുള്ള കാരണങ്ങളിലൊന്ന്. ഇൗ സീസണിൽ സ്‌പാനിഷ് ലീഗ് ചാന്പ്യൻമാരായ ബാഴ്‌സലോണയ്‌ക്കായി മിന്നുന്ന പ്രകടനമാണ് യമാൽ കാഴ്‌ചവച്ചത്.
എൻഡ്രിക്ക്
19 വയസ്
ടീം: ബ്രസീൽ, ല്യോൺ
അരങ്ങേറ്റം: 2023 നവംബർ (17 വയസ്)
സ്ഥാനം: സ്‌ട്രൈക്കർ
റയൽ മാഡ്രിഡിൽനിന്ന് വായ്‌പാടിസ്ഥാനത്തിൽ ല്യോണിൽ കളിക്കാൻ തുടങ്ങിയതോടെയാണ് എൻഡ്രിക്ക് തെളിയുന്നത്. ബ്രസീൽ പരിശീലകൻ കാർലോ ആൻസെലോട്ടി തുടക്കത്തിൽ എൻഡ്രിക്കിനെ ടീമിലുൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഫ്രഞ്ച് ലീഗിൽ തകർപ്പൻ കളി പുറത്തെടുത്തതോടെ ബ്രസീൽ ടീമിലേക്കുള്ള വിളിവന്നു. ഇൗ ലോകകപ്പിലെ യുവതാരങ്ങളിൽ ശ്രദ്ധേയൻ.
ദിസിരെ ദുവെ
20 വയസ്
ടീം: ഫ്രാൻസ്, പിഎസ്‌ജി
അരങ്ങേറ്റം: 2025 മാർച്ച് (19 വയസ്)
പൊസിഷൻ: അറ്റാക്കിങ് മിഡ്ഫീൽഡർ/വിങ്ങർ
2022 ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം മുൻനിര കളിക്കാർ വിരമിച്ചപ്പോൾ ഫ്രഞ്ച് ടീമിന്റെ ഒഴിവുകൾ നികത്തിയത് യുവതാരങ്ങളാണ്. ആ കൂട്ടത്തിലെ ഒന്നാമനാണ് ദുവെ. ഫ്രഞ്ച് ഫുട്‌ബോളിലെ ഭാവിവാഗ്‌ദാനം. നാല് വർഷത്തിനിപ്പുറം ലോക ഫുട്‌ബോളിലെ മികച്ച യുവതാരങ്ങളിലൊരാളായി ഇരുപതുകാരൻ മാറി. താരസന്പന്നമായ ഫ്രഞ്ച് നിരയിൽ മുതൽക്കൂട്ടാകും ദുവെ.
നിക്കോ പാസ്
21 വയസ്
ടീം: അർജന്റീന, കോമോ
അരങ്ങേറ്റം: 2024 ഒക്‌ടോബർ (20)
സ്ഥാനം: അറ്റാക്കിങ് മിഡ്‌ഫീൽഡർ
നിലവിലെ ജേതാക്കളായ അർജന്റീനയ്‌ക്ക് കഴിഞ്ഞ ലോകകപ്പിൽ ജൂലിയൻ അൽവാരസ്, അലെക്‌സിസ് മക് അല്ലിസ്‌റ്റർ, എൺസോ ഫെർണാണ്ടസ് എന്നീ യുവതാരങ്ങളായിരുന്നു കരുത്ത്. ഇക്കുറി ലയണൽ സ്‌കലോണിയുടെ സംഘത്തിൽ നിക്കോ പാസ് എന്ന ഇരുപത്തൊന്നുകാരനാണ് ശ്രദ്ധേയൻ. ഇടംകാലാണ് കരുത്ത്. മധ്യനിരയിൽ ഭാവനാപൂർണമായ നീക്കങ്ങളുണ്ടാക്കാനും കഴിയും. ഇറ്റാലിയൻ ലീഗിൽ കോമോയ്‌ക്കായി സീസണിൽ ഏഴ് ഗോളടിച്ചു.
നിക്കോ ഒറെയ്‌ല്ലി
21 വയസ്
ടീം: ഇംഗ്ലണ്ട്, മാഞ്ചസ്‌റ്റർ സിറ്റി
അരങ്ങേറ്റം: 2025 നവംബർ (20)
സ്ഥാനം: ഇടതുബാക്ക്/മധ്യനിരക്കാരൻ
സാങ്കേതികത്തികവുള്ള കളിക്കാരനാണ് ഒറെയ്‌ല്ലി. സീസണിൽ മാഞ്ചസ്‌റ്റർ സിറ്റിക്കായി ഉശിരൻ പ്രകടനമാണ് പുറത്തെടുത്തത്. അരങ്ങേറ്റ സീസണിൽതന്നെ പെപ് ഗ്വാർഡിയോളയുടെ സംഘത്തിലെ പ്രധാനിയായി. ഏത് സ്ഥാനത്തും ഒ റെയ്‌ല്ലിയെ കളിപ്പിക്കാനാകും.
ലെന്നാർട് കാൾ
18 വയസ്
ടീം: ജർമനി, ബയേൺ മ്യൂണിക്
അരങ്ങേറ്റം: 2026 മാർച്ച് (18വയസ്)
സ്ഥാനം: അറ്റാക്കിങ് മിഡ്ഫീൽഡർ/ വിങ്ങർ
അരങ്ങേറ്റ സീസണിൽതന്നെ ബയേൺ മ്യൂണിക്കിന്റെ നിർണായക താരമാകാൻ കാളിന് കഴിഞ്ഞു. ജർമൻ ലീഗിൽ അഞ്ച് കളിയിൽ അഞ്ച് ഗോളാണ് നേടാനായത്. അഞ്ചെണ്ണത്തിന് വഴിയുമൊരുക്കി. ചാന്പ്യൻസ് ലീഗിൽ എട്ട് കളിയിൽ നാല് ഗോളും നേടി. അവസരമൊരുക്കിയത് രണ്ടെണ്ണത്തിന്. 17–ാം വയസിലാണ് ആദ്യ ഗോൾ.
പോർച്ചുഗലിന്റെ ജോയോ നെവെസ്, തോമസ് അറൗഹോ, സ്‌പെയ്‌നിന്റെ പൗ കുബാർസി, ഫെർമിൻ ലോപെസ്, ഡീൻ ഹുയ്‌സെൻ, സെനെഗലിന്റെ ഇബ്രാഹിം എംബായെ, നോർവേയുടെ ആന്തണി നുസ, ജർമനിയുടെ അലെക്‌സാണ്ടർ പവ്‌ലോവിച്ച്, തുർക്കിയുടെ അർദ ഗുലെർ, ബ്രസീലിന്റെ ജോയോ പെഡ്രോ, ഐവറികോസ്‌റ്റിന്റെ യാൻ ഡയമണ്ടെ എന്നിവരും ഇൗ ലോകകപ്പിൽ പ്രതീക്ഷയോടെ ഇറങ്ങുന്ന യുവതാരങ്ങളാണ്.











0 comments