print edition പറക്കുന്ന കൈകൾ

ഡാലസ്: അറ്റ്‌ലാന്റാ സ്‌റ്റേഡിയത്തിൽ അവസാന വിസിൽ മുഴങ്ങുന്പോൾ കാമറാ കണ്ണുകൾ വൊസീന്യയെന്ന നാൽപ്പതുകാരനിലേക്ക് മാത്രം തിരിഞ്ഞു. അയാളുടെ കണ്ണുകളിൽ നനവ് പടർന്നു. സ്‌റ്റേഡിയത്തിൽ ആർത്തിരന്പിയത് കേപ് വെർദെ ആരാധകർ മാത്രമായിരുന്നില്ല. ലോകംതന്നെ കൈയടിച്ചു.
സ്‌പെയ്‌നിന്റെ നൂറായിരം സ്വപ്‌നങ്ങളെ അച്ചടക്കമെന്ന ഒറ്റ നൂലിനാൽ കേപ് വെർദെ കെട്ടിയിടുകയായിരുന്നു. വൊസീന്യ അതിനെ കൃത്യമായി കോർത്തുവച്ചു. വൊസീന്യയുടെ ഇന്ദ്രജാല നിമിഷങ്ങൾക്കുശേഷവും ലോകകപ്പ് ഫുട്ബോളിന്റെ ആ ദിനം ഗോൾകീപ്പർമാർ തെളിഞ്ഞുവന്നു.
ഉറുഗ്വായ്‌യുമായുള്ള കളിയിൽ ഒന്പത് സേവുകളാണ് സൗദി അറേബ്യയുടെ മുപ്പത്തിനാലുകാരൻ മുഹമ്മദ് അൽ ഒവൈസ് നടത്തിയത്. ഉറുഗ്വായ്‌യുടെ നാൽപ്പതുകാരൻ -ഗോളി ഫെർണാണ്ടോ മുസ്‌സേലരയുടെ ഒറ്റക്കൈ സേവ് ഇൗ ലോകകപ്പിലെ ഏറ്റവും മനോഹര നിമിഷമായി മാറി.
‘ഞാൻ കരഞ്ഞത് എന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും ഓർത്താണ്. അവരില്ലെങ്കിൽ ഞാൻ ഇവിടെയെത്തുമായിരുന്നില്ല. ഇന്നീ നിമിഷം എന്റെ കളികാണാൻ അവരില്ല. വർഷങ്ങൾക്കുമുന്പ് അവരെന്നെ വിട്ടുപോയി. എന്റെ ജീവിതവും ജീവനും അവരായിരുന്നു.
എന്റെ അമ്മ. അവർക്കും എത്താനായില്ല. വിസയ്‌ക്കുള്ള പണം സംഘടിപ്പിക്കാനായിരുന്നില്ല– സ്‌പെയ്‌നിനെ ഗോളില്ലാതെ പിടിച്ചുകെട്ടിയശേഷം വൊസീന്യ പറഞ്ഞു.
ഹൊസിമർ ഹൊസെ എവോറ ഡയസ് എന്നാണ് മുഴുവൻ പേര്. അർജന്റീന ടീം മുൻ താരവും പരിശീലകനുമായിരുന്ന ഹൊർജെ വൊൾദാനോ, ബ്രസീലിന്റെ ഹൊസിമർ എന്നിവരാണ് പേരിന് പിന്നിലുള്ള സ്വാധീനം. 1986 മെക്‌സിക്കോ ലോകകപ്പാണ് ആ പേരിലേക്ക് നയിച്ചത്.
അർജന്റീനയ്‌ക്ക് വേണ്ടി നാല് ഗോളടിച്ച വൊൾദാനോയോടുള്ള ഇഷ്ടം കാരണം വൊസീന്യയുടെ അച്ഛൻ സെ പെദ്രോ മകന് ആ പേരിടാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ, ആ പേര് രജിസ്‌റ്റർ ചെയ്യാൻ കേപ് വെർദെയിലെ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.
അതേസമയം, ആ ലോകകപ്പിൽ മറ്റൊരു താരം മിന്നുകയായിരുന്നു. ബ്രസീൽ ഫുൾബാക്ക് ഹോസിമർ. വൊസീന്യയുടെ കുടുംബം രണ്ടാമതൊന്ന് ആലോചിച്ചില്ല. കുട്ടിക്ക് ആ പേരിട്ടു. പക്ഷേ അതും അറിയപ്പെട്ടില്ല. ആഫ്രിക്കയിലെ സ്ഥിരം വിളിപ്പേരായ ‘വൊസീന്യ’യിൽ അറിയപ്പെട്ടു.
ലോകകപ്പ് അരങ്ങേറ്റത്തിന് തൊട്ടുമുന്പ് ഇൗ കഥ ഫിഫ വൊൾദാനോയെ അറിയിച്ചു. അർജന്റീനയുടെ 70 വയസ്സുള്ള ഇതിഹാസ താരത്തിന് അത് അത്ഭുതമായി.
ഇത് നാല്പതുകാരന്റെ കളിയല്ല
കേപ് വെർദെയുടെ വൊസീന്യ നടത്തിയ പ്രകടനം ഒരു ഗോളിയെന്ന നിലയിൽ എന്നെ അത്ഭുതപ്പെടുത്തുന്നു. അതിൽ പ്രധാനം പ്രായം തന്നെ. നാൽപ്പതാം വയസ്സിൽ അപൂർവം ചിലർക്കുമാത്രം സാധ്യമാകുന്ന അസാധ്യപ്രകടനം. കളിയിൽ സ്‌പെയ്‌നിനായിരുന്നല്ലോ സമ്പൂർണാധിപത്യം. അവർക്കായി കളിച്ചതെല്ലാം ലോകോത്തരതാരങ്ങൾ.
ബാറിനുകീഴിൽ കൂസാതെയുള്ള നിൽപ്പ്, കളിക്കിടെയുള്ള ഇടപെടലുകൾ, രക്ഷപ്പെടുത്തലുകൾ എല്ലാം ഒന്നിനൊന്ന് മികവാർന്നത്. സ്‌പെയ്‌നിന്റെ എല്ലാ നീക്കങ്ങളെയും മുൻകൂട്ടി കണ്ട് നിഷ്‌പ്രഭമാക്കുന്നതിൽ ഗോളി വിജയിച്ചു. ചടുല വേഗവും മെയ്‌വഴക്കത്തോടെയുള്ള ഡൈവുകളും അതിൽ പ്രധാനമായിരുന്നു. ഗോൾകീപ്പർമാർക്ക് തുടരാവുന്ന മാതൃകയാണിത്.
ഫെറാൻ ടോറസിന്റെ ഷോട്ടുകൾ പിന്നിലേക്ക് ചാടിയും ഒറ്റ കെെകൊണ്ടും തകർത്തുകളഞ്ഞു. ഇൗ പ്രായത്തിലും ഇതുപോലുള്ള സേവുകൾ നടത്തുന്നതുകാണുമ്പോൾ അതിശയവും അഭിമാനവും തോന്നി.
കളത്തിൽ സ്വന്തം കളിക്കാരെ പ്രചോദിപ്പിക്കാനും സാധിച്ചു. കളിക്കാർക്ക് നിർദേശങ്ങളും ആവേശവും നൽകുന്നതായിരുന്നു രീതി. മികച്ച പ്രകടനത്തിനുശേഷം മടങ്ങുമ്പോൾ അദ്ദേഹത്തിനൊപ്പം എന്റെയും കണ്ണ് നിറഞ്ഞിരുന്നു.










0 comments