print edition പരിശീലകർ കോടിപതികൾ

പൊന്നുംവിലയുള്ള സൂപ്പർ താരങ്ങൾ മാത്രമല്ല, കോടികൾ പ്രതിഫലമുള്ള സൂപ്പർ പരിശീലകരും ലോകകപ്പ് ഫുട്‌ബോളിലുണ്ട്. തന്ത്രങ്ങളും പദ്ധതികളും അച്ചടക്കവുമെല്ലാം പഠിപ്പിച്ച് ടീമിനെ ഒരുക്കുന്ന പരിശീലകരിൽ ഇത്തവണ വമ്പൻ പേരുകാരുണ്ട്. യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ അടക്കിവാണ കാർലോ ആൻസെലോട്ടിയും 2006ൽ ഇറ്റലിയെ ലോകകപ്പിലേക്ക് നയിച്ച ക്യാപ്‌റ്റൻ ഫാബിയോ കന്നവാരോയും ഉൾപ്പെടെ 48 കോച്ചുമാർ. ഇവരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആദ്യ നാല് പരിശീലകരെ പരിചയപ്പെടാം.
കാർലോ ആൻസെലോട്ടി
ബ്രസീൽ
പ്രതിഫലം: 112 കോടി രൂപ (1 വർഷം)
ബ്രസീലിനെ ആറാം ലോകകപ്പ് സമ്മാനിക്കുക എന്നതാണ് ഇറ്റലിക്കാരനായ കാർലോ ആൻസെലോട്ടിയുടെ ദൗത്യം. ചരിത്രത്തിൽ ഇത് നാലാം തവണയാണ് കാനറിപ്പട വിദേശ കോച്ചിനെ ആശ്രയിക്കുന്നത്. അതും യൂറോപ്പിലെ തലതൊട്ടപ്പനായ ആൻസെലോട്ടിയെ. അഞ്ചുതവണ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ നേടിയ അറുപത്താറുകാരനെ ഒരു വർഷം 112 കോടി രൂപ നൽകിയാണ് ബ്രസീൽ സ്വന്തമാക്കിയത്. സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽനിന്ന് കഴിഞ്ഞ വർഷമാണ് കരാറിലെത്തിയത്. 2030 വരെ തുടരും. 31 വർഷത്തെ പരിശീലകജീവിതത്തിൽ ഇതാദ്യമായാണ് ആൻസെലോട്ടി ഒരു ദേശീയ ടീമിനെ ഒരുക്കുന്നത്.
ജൂലിയൻ നാഗെൽസ്‌മാൻ
ജർമനി
പ്രതിഫലം: 79 കോടി രൂപ (1 വർഷം)
അവസാന രണ്ട് പതിപ്പുകളിലും ഗ്രൂപ്പ്‌ഘട്ടത്തിൽ പുറത്തായ ജർമനി അപമാനം മാറ്റാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ലോകകപ്പിന് പിന്നാലെ ഹാൻസി ഫ്ലിക്കിനെ മാറ്റിയാണ് നാട്ടുകാരൻ കൂടിയായ യുവപരിശീലകൻ ജൂലിയൻ നാഗെൽസ്‌മാനെ ബയേൺ മ്യൂണിക്കിൽനിന്ന് കൊണ്ടുവന്നത്. ഒരു വർഷം 79 കോടി രൂപയാണ് മുപ്പത്തെട്ടുകാരന്റെ പ്രതിഫലം. 2028 വരെ കരാറുണ്ട്. 31 മത്സരത്തിൽ 19 ജയം നേടി. ഒറ്റ കിരീടവുമില്ല. 2024ൽ നാട്ടിൽ നടന്ന യൂറോ കപ്പിൽ ക്വാർട്ടറിൽ പുറത്തായി. ഇൗ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശശീലകൻ കൂടിയാണ് നാഗെൽസ്‌മാൻ.

മൗറീസിയോ പൊച്ചെട്ടീനോ
അമേരിക്ക
പ്രതിഫലം: 68 കോടി രൂപ (1 വർഷം)
സ്വന്തം മണ്ണിൽ നടക്കുന്ന കായിക മാമാങ്കത്തിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് വമ്പൻ തയ്യാറെടുപ്പാണ് അമേരിക്ക നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് 2024ൽ അർജന്റീനക്കാരൻ മൗറീസിയോ പൊച്ചെട്ടീനോയെ ചുമതലയേൽപ്പിച്ചത്. ടോട്ടനം ഹോട്‌സ്‌പർ, പിഎസ്‌ജി, ചെൽസി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് ആദ്യമായി ഒരു ദേശീയ ടീമിന്റെ കോച്ചായത്. ഒരു വർഷം 68 കോടി രൂപയാണ് നൽകുന്നത്. ഇൗ ലോകകപ്പോടെ അമ്പത്തിനാലുകാരന്റെ കരാർ തീരും. പൊച്ചെട്ടീനോയ്‌ക്ക് കീഴിൽ സ്ഥിരതയുള്ള പ്രകടനമല്ല അമേരിക്കയ്‌ക്ക്.
തോമസ് ടുഷെൽ
ഇംഗ്ലണ്ട്
പ്രതിഫലം: 65 കോടി രൂപ (1 വർഷം)
അറുപത് വർഷത്തിനുശേഷം ഒരു കിരീടം മോഹിച്ചാണ് ഇംഗ്ലണ്ട് തോമസ് ടുഷെലിനെ പരിശീലകനാക്കിയത്. കഴിഞ്ഞ വർഷം ചുമതലയേറ്റ ജർമൻകാരന് 2028വരെ കരാറുണ്ട്. ഒരു സീസണിൽ 65 കോടി രൂപയാണ് പ്രതിഫലം. ഇംഗ്ലണ്ടിന്റെ പരിശീലകനാകുന്ന മൂന്നാമത്തെ വിദേശിയാണ് അമ്പത്തിരണ്ടുകാരൻ. ആദ്യമായാണ് ദേശീയ ടീമിന്റെ ഭാഗമാകുന്നത്. ബൊറൂസിയ ഡോർട്ട്‌മുണ്ട്, പിഎസ്‌ജി, ചെൽസി, ബയേൺ മ്യൂണിക് തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചു.
പോർച്ചുഗലിന്റെ റോബർട്ടോ മാർട്ടിനെസ്, ഉസ്‌ബെക്കിസ്ഥാന്റെ ഫാബിയാൻ കന്നവാരോ എന്നിവർക്ക് പ്രതിവർഷം 44 കോടി രൂപ വീതം നൽകുന്നുണ്ട്. അർജന്റീനയെ ലോകചാമ്പ്യൻമാരാക്കിയ ലയണൽ സ്‌കലോണിക്ക് 25 കോടി രൂപയാണ് വാർഷിക ശമ്പളം. ഇത്തവണയും മുൻ താരമാണ് കോച്ച്. ഫ്രാൻസിന്റെ ദിദിയെർ ദെഷാം, സ്--പെയ്നിന്റെ ലൂയിസ് ഡാ ഫുയെന്റെ, നെതർലൻഡിന്റെ റൊണാൾഡ് കൂമാൻ തുടങ്ങിയവർക്കും കോടികളാണ് പ്രതിഫലം.










0 comments