print edition മലയോളം വൊസീന്യ

ലോകകപ്പിൽ സ്‌പെയ്‌നിന്റെ ഗോൾ ശ്രമം വിഫലമാക്കുന്ന കേപ് വെർദെ ഗോളി വൊസീന്യ
അറ്റ്‌ലാന്റ: പത്തോളം അഗ്‌നിപർവതങ്ങളുണ്ട് കേപ് വെർദെയിൽ. അറ്റ്‌ലാന്റ സ്‌റ്റേഡിയത്തിൽ അതിലൊരു അഗ്‌നിപർവതമായി വൊസീന്യ. സ്‌പാനിഷ് കടന്നുകയറ്റത്തെ അതിർത്തിയിൽ പുകച്ചുവിട്ടൊരു മലയായി വളരുകയായിരുന്നു നാൽപ്പതുകാരൻ. മഹാസമുദ്രം പോലെ ആഞ്ഞടിച്ച സ്‌പാനിഷ് ആക്രമണങ്ങളെ ആ ഗോൾകീപ്പർ നിർവീര്യമാക്കി. കന്നി ലോകകപ്പ് കളിക്കുന്ന ആഫ്രിക്കൻ രാജ്യം ജയത്തോളം പോന്ന സമനിലയുമായി കളത്തിൽ നിന്ന് തിരിച്ചുകയറിയപ്പോൾ വൊസീന്യയുടെ കണ്ണിൽ കണ്ടു തീഗോളം.
804 പാസുകളും 27 ഷോട്ടുകളും തൊടുത്ത സ്‌പാനിഷ് നിരയ്‌ക്ക് 0–0 എന്ന സ്‌കോർ കൂടാരത്തിലേക്ക് മടങ്ങുമ്പോഴും അവിശ്വസനീയമായി തോന്നി.
കിരീട സാധ്യതയിൽ ഏറെ മുന്നിൽ നിൽക്കുന്ന സ്‌പെയ്‌നിന് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യത്തിന്റെ വീര്യമറിയുമായിരുന്നില്ല. നിലവിലെ യൂറോപ്യൻ ചാന്പ്യൻമാർക്ക് ചെറുത്തുനിൽപ്പിന്റെ കഠിനപാഠം പകർന്നായിരുന്നു കേപ് വെർദെയുടെ മടക്കം. കളംവിടുന്പോൾ പൊട്ടിക്കരഞ്ഞ വൊസീന്യ ഇൗ ലോകകപ്പിന്റെ കാഴ്‌ചകളിലൊന്നായി മാറി. കുറസാവോ കഴിഞ്ഞാൽ ഇൗ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് കേപ് വെർദെ. അഞ്ചേകാൽ ലക്ഷമാണ് ജനസംഖ്യ.
പോർച്ചുഗീസ് ഭാഷയിൽ ‘നീല സ്രാവുകൾ’ എന്നാണ് കേപ് വെർദെ ടീമിനുള്ള വിശേഷണം. കളത്തിൽ അവർ സ്രാവുകളായി. റോഡ്രിയും ഫെറാൻ ടോറെസും ഫാബിയാൻ റൂയിസും അടങ്ങിയ സ്‌പാനിഷ് നിര പിടഞ്ഞുപോയി. പകരക്കാരനായെത്തിയ സൂപ്പർ താരം ലമീൻ യമാലിനും വൊസീന്യയെ കീഴടക്കാനായില്ല.
കോട്ട കാത്ത കൈകൾ
അറ്റ്‌ലാന്റ: സ്‌പാനിഷ് കൊടുങ്കാറ്റിൽ കേപ് വെർദെയന്ന കുഞ്ഞൻ രാജ്യത്തെ കാത്തത് വൊസീന്യയുടെ കരുത്തുറ്റ കൈകൾ. സ്‌പെയ്‌ൻ മുന്നേറ്റക്കാർ കേപ് വെർദെയുടെ പ്രതിരോധം തകർത്തപ്പോഴെല്ലാം ഗോൾകീപ്പർ കോട്ടകെട്ടി നെഞ്ചുവിരിച്ച് നിന്നു. ഗോളെന്നുറച്ച് സ്‌പെയ്‌ൻ ആരാധകർ എഴുന്നേറ്റ് നിന്ന നിമിഷങ്ങളിൽ രക്ഷകനായി. പലപ്പോഴും സ്‌പെയ്‌നും വൊസീന്യയും തമ്മിലുള്ള പോരിനാണ് അറ്റ്‌ലാന്റ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗോളെന്നുറച്ച ഏഴ് ഷോട്ടുകളാണ് നാൽപ്പതുകാരൻ രക്ഷപ്പെടുത്തിയത്. പോർച്ചുഗൽ രണ്ടാം ഡിവിഷൻ ക്ലബായ ഷാവേസിന്റെ താരമാണ്. 2012 മുതൽ ദേശീയകുപ്പായത്തിലുണ്ട്.










0 comments