print edition ഒരു മാന്ത്രിക നിമിഷം

ബ്രസീലിനെതിരെ മൊറോക്കോയുടെ ഇസ്-മായിൽ സയ്ബാരി (11) ഗോൾ നേടുന്നു
ന്യൂജേഴ്‌സി: മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലെ വരണ്ട മൈതാനത്ത് ആശയങ്ങളറ്റ ബ്രസീലിനെ കണ്ടു. കളി മെനയേണ്ട മധ്യനിര ചിതറിത്തെറിച്ചിരുന്നു. പ്രതിരോധത്തിലെ വിള്ളലുകൾ ഞെട്ടിപ്പിച്ചു. 92 വർഷംമുന്പ്, 1934ലെ ഒരു മെയ്‌മാസത്തിൽ സ്‌പെയിന് മുന്നിൽ തോറ്റുതുടങ്ങിയ ചരിത്രം ഓർമയിൽ കുടുങ്ങി. അതിനുശേഷം ഒരിക്കൽപ്പോലും ലോകകപ്പിലെ ആദ്യ കളിയിൽ തോൽവി പിണഞ്ഞിട്ടില്ല. പക്ഷേ, ന്യൂജേഴ്‌സിയിൽ മൊറോക്കോയെന്ന പോരാളിപ്പട അതിവേഗം കുതിച്ചെത്തിയപ്പോൾ ബ്രസീൽ കളിമറന്നു. ആദ്യ അരമണിക്കൂറിനുള്ളിൽ ഗോൾ വഴങ്ങി. വരയ്‌ക്കരികെ ബ്രസീലിന്റെ ഇറ്റലിക്കാരൻ പരിശീലകൻ കാർലോ ആൻസെലോട്ടി പുരികമുയർത്തി.
അവർക്കൊരു രക്ഷകനുണ്ടായി. ശൂന്യതയിൽനിന്ന് പ്രതീക്ഷയുടെ ഗോപുരമുയർന്നു. വിനീഷ്യസ് ബ്രസീലിനെ കരകയറ്റി. വരും മത്സരങ്ങളിൽ കളിമാറുമെന്ന സൂചന നൽകി ആൻസെലോട്ടി കളംവിട്ടു. തന്ത്രങ്ങളെല്ലാം പിഴച്ചെന്ന് ആൻസെലോട്ടി കരുതുന്നില്ല. പക്ഷേ, മധ്യനിരയിൽ പാളിച്ച പറ്റി. അതിവേഗപാസുകളും നിലയ്‌ക്കാത്ത നീക്കങ്ങളും അനുസ്യൂതമായ ഒഴുക്കും വളവുകളും തിരിവുകളും മുന്നേറ്റത്തിലേക്ക് കയറിവരുന്ന ഫുൾബാക്കുകളുമായി കളംനിറയുന്ന ബ്രസീലിന്റെ കേളീശൈലി അവിടെയുണ്ടായിരുന്നില്ല. മധ്യനിരയുടെ വലതുഭാഗത്ത് ചുമതല നൽകിയ ലൂകാസ് പക്വേറ്റയും ഒഴിഞ്ഞ ഇടങ്ങളിൽ നിറഞ്ഞുകളിക്കേണ്ട കാസെമിറോയും ബ്രൂണോ ഗ്വിമറെസും നൂല് പൊട്ടിയ പട്ടങ്ങളായി. റഫീന്യ ബാഴ്‌സലോണ കുപ്പായത്തിലെ നിഴൽ മാത്രമായി.
ആ ഇടങ്ങളിലേക്ക് ഉൗർജസ്വലതയോടെ, ആക്രമണാത്മകമായി മൊറോക്കോ കടന്നുകയറി. പതിനെട്ടുകാരൻ അയൂബ് ബുവാദിയും നൗസയ്‌ർ മസ്‌റൗയിയും ചേർന്ന് ബ്രസീൽ മധ്യനിരയെ നിഷ്‌പ്രഭമാക്കി. ക്യാപ്‌റ്റൻ അഷ്‌റഫ് ഹക്കീമിയും ബ്രാഹിം ഡയസും ബ്രസീലിന് തുടക്കത്തിൽതന്നെ അപകട സൂചന നൽകി. വലിയ താമസമുണ്ടായില്ല. മസ്‌റൗയിയും ഡയസും ചേർന്ന് മധ്യവരയ്‌ക്ക് മുന്നിൽവച്ച് ബ്രസീലിന്റെ വാതിൽ തുറന്നു. മാർക്വിന്യോസും ഗബ്രിയേൽ മഗാലിയെസും ചേർന്നുള്ള പ്രതിരോധ ഭിത്തി നെടുകെ പിളർന്നു. മൊറോക്കോ മുന്നേറ്റക്കാരൻ ഇസ്‌മായിൽ സയ്‌ബാരി ഓടിയെത്തി ഗോൾകീപ്പർ അലിസൺ ബെക്കറുടെ തലയ്‌ക്ക് മുകളിലൂടെ പന്ത് കോരിയിട്ടു. അരമണിക്കൂറിൽ മൊറോക്കോ തൊടുത്ത 12 ഗോൾ ശ്രമങ്ങളിലൊന്നായിരുന്നു അത്.
ആൻസെലോട്ടി ആ നിമിഷം തന്ത്രം മാറ്റി. പക്വേറ്റയെ മധ്യനിരയുടെ അകത്തേക്ക് കൊണ്ടുവന്നു. വിനീഷ്യസ് പൂർണമായും ഇടതുപാർശ്വത്തിലേക്കായി. ബ്രസീലിന്റെ മാന്ത്രിക നിമിഷം അതിൽ പിറന്നു. മൊറോക്കോ പകുതിയിൽനിന്ന് പക്വേറ്റ നൽകിയ പന്തുമായി വിനീഷ്യസ് മുന്നേറി. ഇടതുപാർശ്വംവഴി ബോക്‌സിലേക്ക്. മുന്നിൽ പ്രതിരോധക്കാരൻ നീൽ എൽ അയ്‌നൗയി. തൊട്ടരികെ ഇസാ ഡിയോപും. ഇരുവരെയും മറികടക്കാൻ വഴി കാണാത്തതിനാൽ വിനീഷ്യസ് പന്ത് പിന്നിലുള്ള ഗ്വിമറസിലേക്ക് തട്ടി. പിന്നെ ബോക്‌സിന് പുറത്തുകാത്തുനിന്നു. പിന്നാലെ ഗ്വിമറസിൽനിന്ന് പന്തേറ്റ് വാങ്ങി, രണ്ട് ചുവടുമുന്നേറി അസാധ്യമായൊരു ആംഗിളിൽനിന്ന് വലംകാൽ വേഗത്തിൽ ചലിപ്പിച്ചു. മൊറോക്കൻ ഗോൾകീപ്പർ യാസിനെ ബോനോയ്‌ക്ക് എത്തിപ്പിടിക്കാൻപോലും കഴിഞ്ഞില്ല. ആശ്വാസത്തിന്റേയും ആനന്ദത്തിന്റേയും നിമിഷമായി ബ്രസീലിന്. വരയ്‌ക്കരികെ ആൻസെലോട്ടിക്കൊപ്പം നെയ്‌മറും പുഞ്ചിരി തൂകി. ഗ്രൂപ്പ് ‘സി’യിൽ 20ന് ഹെയ്‌തിയുമായാണ് അടുത്ത കളി.











0 comments