വിനീഷ്യസിനെ അധിക്ഷേപിച്ചു; ബെൻഫിക്ക താരം പ്രെസ്റ്റിയാനിക്ക് യുവേഫയുടെ ആറ് മത്സര വിലക്ക്

വിനീഷ്യസിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണം ജിയാൻലൂക്ക പ്രെസ്റ്റിയാനി (ചുവന്ന ജേഴ്‌സി ധരിച്ച താരം) നിഷേധിച്ചു. Photo Credit|Getty Images
ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറെ അധിക്ഷേപിച്ച ബെൻഫിക്ക വിങ്ങർ ജിയാൻലൂക്ക പ്രെസ്റ്റിയാനിക്ക് യുവേഫ ആറ് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. ഫെബ്രുവരിയിൽ നടന്ന നോക്കൗട്ട് പ്ലേ ഓഫ് മത്സരത്തിനിടെ വിനീഷ്യസിനെതിരെ സ്വഭാവഹത്യ നടത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയതിനാണ് നടപടി.
ഇതോടെ വിനീഷ്യസ് നേരിടുന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.ലിസ്ബണിലെ എസ്റ്റാഡിയോ ഡാ ലൂസിൽ നടന്ന മത്സരത്തിനിടെ വിനീഷ്യസ് നൽകിയ പരാതിയെത്തുടർന്ന് കളി പത്ത് മിനിറ്റോളം തടസ്സപ്പെട്ടിരുന്നു. പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ ആരോപണം.
എന്നാൽ താൻ വംശീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും വിനീഷ്യസിന് തെറ്റിദ്ധാരണ ഉണ്ടായതാണെന്നും 20കാരനായ പ്രെസ്റ്റിയാനി വാദിച്ചു. എന്നാൽ, വിനീഷ്യസിനെതിരെ മോശം പരാമർശമാണ് നടത്തിയതെന്ന് പ്രെസ്റ്റിയാനി സമ്മതിച്ചതായി റയൽ മധ്യനിര താരം ഓറേലിയൻ ചൗമേനി പിന്നീട് വെളിപ്പെടുത്തി.
ലഭിച്ച ആറ് മത്സരങ്ങളുടെ വിലക്കിൽ മൂന്നെണ്ണം സസ്പെൻഡ് ചെയ്യപ്പെട്ടവയാണ്. നിലവിൽ ഒരു മത്സരത്തിൽ നിന്ന് വിട്ടുനിന്ന പ്രെസ്റ്റിയാനി രണ്ട് മത്സരങ്ങൾ കൂടി പുറത്തിരിക്കണം. ബാക്കിയുള്ള മൂന്ന് മത്സരങ്ങളുടെ വിലക്ക് രണ്ട് വർഷത്തേക്ക് നിരീക്ഷണത്തിന് വിധേയമായിരിക്കും.
ഈ വിലക്ക് ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ യുവേഫ ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വംശീയ അധിക്ഷേപമാണ് നടത്തിയതെന്ന് തെളിഞ്ഞിരുന്നെങ്കിൽ താരത്തിന് കുറഞ്ഞത് പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിക്കുമായിരുന്നു.മത്സരത്തിനിടെ പ്രെസ്റ്റിയാനിയുമായുള്ള തർക്കത്തിന് പിന്നാലെ വിനീഷ്യസ് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയറുടെ അടുത്തെത്തി പ്രതിഷേധിച്ചിരുന്നു.
വംശീയ അധിക്ഷേപം നടന്നുവെന്ന് സൂചിപ്പിക്കാൻ 2024 മെയ് മാസത്തിൽ ഫിഫ അവതരിപ്പിച്ച 'കൈകൾ പിണച്ചുവെച്ചുള്ള' അടയാളം റഫറി കാണിക്കുകയും ചെയ്തു.തുടർന്ന് വിനീഷ്യസും റയൽ താരങ്ങളും മൈതാനത്ത് നിന്ന് ഇറങ്ങിപ്പോയിരുന്നു.
"വംശീയവാദികൾ എല്ലാറ്റിലുമുപരി ഭീരുക്കളാണ്" എന്നാണ് വിനീഷ്യസ് പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.മൈതാനത്ത് തർക്കങ്ങൾക്കിടെ താരങ്ങൾ വായ മറച്ചുപിടിച്ച് സംസാരിക്കുന്നത് തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതികരിച്ചു.
അധിക്ഷേപങ്ങൾ മറച്ചുപിടിക്കാൻ ഇത്തരം രീതികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഇത്തരക്കാരെ മൈതാനത്ത് നിന്ന് പുറത്താക്കണമെന്നാണ് ഇൻഫാന്റിനോയുടെ നിലപാട്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രെസ്റ്റിയാനിയുടെ കരിയർ തന്റെ കീഴിൽ അവസാനിക്കുമെന്ന് ബെൻഫിക്ക പരിശീലകൻ ജോസ് മൗറീഞ്ഞോയും നേരത്തെ വ്യക്തമാക്കിയിരുന്നു.











0 comments