print edition ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; കരുത്തർ കളത്തിൽ

അഴ്സണൽ താരം ഡെക്ലൻ റൈസ് പരിശീലനത്തിൽ
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഇന്ന് വന്പൻ പോരാട്ടങ്ങൾ. ലിവർപൂൾ സ്വന്തംതട്ടകത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെയും അഴ്‌സണൽ നാപോളിയെയും നേരിടും. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജിക്ക് സ്ലൊവാക്യൻ ക്ലബായ സ്ലൊവാൻ ബ്രാറ്റിസ്ലാവയാണ് എതിരാളി. ബാഴ്‌സലോണ ഫെയ്‌നൂർദിനെയും നേരിടും.
ദേശീയ ലീഗുകളിൽ വിയർക്കുന്ന രണ്ട് ടീമുകളാണ് ലിവർപൂളും അത്‌ലറ്റികോയും. തുടക്കം പാളി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്ന് മത്സരത്തിൽ ഒറ്റ ജയം മാത്രമാണ് മുൻചാമ്പ്യൻമാരായ ലിവർപൂളിന്. അഞ്ച് പോയിന്റുമായി ആറാം സ്ഥാനത്താണ്. പുതിയ കോച്ച് അന്റോണി ഇറവോളയ്‌ക്ക് കീഴിൽ ഒത്തിണക്കം കാട്ടാനാകുന്നില്ല ഇംഗ്ലീഷുകാർക്ക്. മുഹമ്മദ് സലാ ടീം വിട്ടതും തിരിച്ചടിയാണ്. ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനമായിരുന്നു മുന്നേറ്റക്കാരന്റേത്. 83 കളിയിൽ 47 ഗോളും 19 അവസരവുമൊരുക്കി.
സലായുടെ അഭാവം ലിവർപൂളിന് വലിയ തിരിച്ചടിയാകും. കോഡി ഗാക്‌പോ, ബ്രാഡ്‌ലി ബർകോള, അലെക്‌സാണ്ടർ ഇസാക് ത്രയത്തിലാണ് പ്രതീക്ഷകൾ. മറുവശത്ത്, സ്‌പാനിഷ് ലീഗിൽ നാല് മത്സരത്തിൽ ഏഴ് പോയിന്റുമായി ആറാമതാണ് ദ്യേഗോ സിമിയോണിയുടെ അത്‌ലറ്റികോ. അത്‌ലറ്റികോ ബിൽബാവോയോട് മൂന്ന് ഗോളിന് തോറ്റാണ് വരവ്. പ്രതിരോധത്തിന് പേരുകേട്ട ടീമിന് ഇത്തവണ അത്ര മുറുക്കമില്ല. മുന്നേറ്റത്തിൽ ഗോളടിക്കാനാളില്ലാത്തതും പ്രശ്‌നമാണ്.
ടീം വിടാൻ ശ്രമിച്ച ജൂലിയൻ അൽവാരസിന് പരിശീലകൻ അവസരം കൊടുക്കുന്നുമില്ല. നേപ്പിൾസിൾ നാപോളിയുടെ തട്ടകത്തിലാണ് നിലവിലെ റണ്ണറപ്പായ അഴ്‌സണൽ ഇറങ്ങുന്നത്. ഇംഗ്ലണ്ടിൽ മൂന്ന് കളിയും ജയിച്ചാണ് മൈക്കേൽ അർടേറ്റയും സംഘവുമെത്തുന്നത്. മികച്ച ജയമാണ് ലക്ഷ്യം. ഇറ്റാലിയൻ ലീഗിൽ മൂന്നിൽ രണ്ടും തോറ്റ നാപോളിക്ക് പഴയ ശക്തിയില്ല. സ്വന്തം സ്‌റ്റേഡിയത്തിലാണ് പിഎ സ്‌ജിയും ബാഴ്‌സയും കളിക്കുന്നത്.










0 comments