സൂപ്പർ ലീഗ് കേരള സൂപ്പർ ഹിറ്റ്; ‘കേരള മോഡൽ’

സൂപ്പർ ലീഗ് കേരള ഫുട്ബോൾ രണ്ടാം സീസണിൽ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സ് ടീം കണ്ണൂർ നഗരത്തിൽ തുറന്ന വാഹനത്തിൽ നടത്തിത വിജയ പരേഡ് /ഫോട്ടോ: സുമേഷ് കോടിയത്ത്
അജിൻ ജി രാജ്
Published on Dec 20, 2025, 11:10 PM | 2 min read
കോഴിക്കോട് : പ്രതിസന്ധിയിൽ വലയുന്ന ഇന്ത്യൻ ഫുട്‌ബോളിന് മാതൃകയായി ഇതാ ‘കേരള മോഡൽ’. പുതുവർഷത്തിലേക്ക് അടുക്കുമ്പോഴും രാജ്യത്തെ ഒന്നാംനിര ലീഗായ ഐഎസ്‌എൽ നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്ത്വം തുടരുകയാണ്. ഐ ലീഗിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ത്യയിലാകെ ഫുട്‌ബോൾ പ്രവർത്തനങ്ങൾ ഏറെക്കുറെ നിർത്തിവച്ച സാഹചര്യത്തിലാണ് സൂപ്പർ ലീഗ് കേരളയുടെ നടത്തിപ്പും വൻ വിജയവും. ഐഎസ്‌എൽ മാതൃകയിൽ കഴിഞ്ഞ വർഷം ആരംഭിച്ച പ്രഫഷണൽ ലീഗിന്റെ രണ്ടാം പതിപ്പായിരുന്നു ഇത്തവണ. തൃശൂർ മാജിക് എഫ്‌സിയെ ഒരു ഗോളിന് മറികടന്ന് കണ്ണൂർ വാരിയേഴ്‌സ് ചാമ്പ്യൻമാരായി. കാലിക്കറ്റ് എഫ്‌സിയായിരുന്നു പ്രഥമ ജേതാക്കൾ.
33 മത്സരം, 87 ഗോൾ
ഒക്‌ടോബർ രണ്ടിന് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ തുടങ്ങിയ ലീഗ് 78 ദിവസമാണ് നീണ്ടുനിന്നത്. ആകെ 33 കളി നടന്നു. ആറ് ക്ലബുകൾക്ക് സ്വന്തംതട്ടകത്തിലും എതിർതട്ടകത്തിലും അഞ്ച് വീതം കളിയായിരുന്നു. 33 കളിയിലായി ആകെ 87 ഗോളാണ് പിറന്നത്. 21 ഗോളടിച്ച കാലിക്കറ്റാണ് മുന്നിൽ.
മിന്നി യുവതാരങ്ങൾ
മലയാളി യുവതാരങ്ങളുടെ ഗംഭീര പ്രകടനത്തിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. ലീഗിലെ മികച്ച താരത്തിനുള്ള സുവർണ പന്ത് സ്വന്തമാക്കിയ കാലിക്കറ്റിന്റെ മുന്നേറ്റക്കാരൻ മുഹമ്മദ് അജ്‌സലിന് 22 വയസാണ് പ്രായം. ഭാവിവാഗ്‌ദാനമായ കണ്ണൂരിന്റെ മുഹമ്മദ് സിനാനും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട എ കെ കമാലുദ്ദീനും 21 വയസാണ്. കേരളത്തിൽനിന്നുള്ള നിരവധി അണ്ടർ 23 താരങ്ങൾ ആറ് ടീമുകളിലെയും പ്രധാന കളിക്കരായി മാറി.
4.20 ലക്ഷം കാണികൾ
രണ്ടാം സീസണിൽ റെക്കോഡ് കാണികളാണ് എത്തിയത്. 33 മത്സരങ്ങൾ കണ്ടത് നാല് ലക്ഷത്തിലേറെ കാണികൾ. കൃത്യമായി 4,20,657 . ആദ്യ സീസണിൽ നാല് സ്‌റ്റേഡിയത്തിൽ എത്തിയവരുടെ എണ്ണം മൂന്നു ലക്ഷത്തിനടുത്താണ്. ഇത്തവണ ആറ് വേദികളായിരുന്നു. ഫൈനൽ കാണാൻ കണ്ണൂരിൽ 25,550 പേരെത്തി. ഏറ്റവും കൂടുതലാളുകൾ കോഴിക്കോട്ടാണ് എത്തിയത്. ആറ് മത്സരങ്ങൾക്കായി 1,34,965 കാണികളെത്തി. ടെലിവിഷനിൽ ഒരു കോടിയിലേറെ പേരാണ് കളി കണ്ടത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലക്ഷകണക്കിനാളുകൾ കളി കണ്ടിട്ടുണ്ട്.
വരും പുതിയ ടീമുകൾ
മൂന്നാം സീസണിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കും. പാലക്കാട് ആസ്ഥാനമായി പുതിയ ടീം എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ട് സീസണായി ആറ് ടീമുകളാണ് കളിക്കുന്നത്. ആറ് വേദികളുമുണ്ട്. പാലക്കാട് എത്തുന്നതോടെ ഏഴിടങ്ങളിലായി കളി നടക്കും. കാസർകോടും കോട്ടയവും കേന്ദ്രീകരിച്ച് ടീമുകൾ രൂപീകരിക്കാനുള്ള നീക്കവുമുണ്ട്.










0 comments