ad
Deshabhimani

print edition ചാമ്പ്യൻമാരെ ഞെട്ടിച്ച്‌ കണ്ണൂർ ഫൈനലിൽ

super league football
വെബ് ഡെസ്ക്

Published on Dec 15, 2025, 12:00 AM | 1 min read

കോഴിക്കോട്: ചാമ്പ്യൻമാരുടെ പകിട്ടും തുടർജയത്തിന്റെ ആത്മവിശ്വാസവുമായെത്തിയ കാലിക്കറ്റ്‌ എഫ്‌സിയെ ഞെട്ടിച്ച്‌ കണ്ണൂർ വാരിയേഴ്‌സ്‌ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഫൈനലിൽ. മുപ്പതിനായിരത്തോളം കാണികൾ നിറഞ്ഞ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ മുഹമ്മദ്‌ സിനാൻ കുറിച്ച പെനൽറ്റി ഗോളിലാണ്‌ കണ്ണൂരിന്റെ പോരാളികൾ കന്നി ഫൈനലിലേക്ക്‌ മുന്നേറിയത്‌. രണ്ടാംപകുതിയിലായിരുന്നു വിജയഗോൾ. കാലിക്കറ്റിന്റെ ആക്രമണ ഫുട്‌ബോളിനെ ഉജ്വല പ്രതിരോധത്തിലൂടെയാണ്‌ കണ്ണൂർ മറികടന്നത്‌.


ലീഗ്‌ ഘട്ടം തപ്പിത്തടഞ്ഞ കണ്ണൂരായിരുന്നില്ല സെമിയിൽ. വ്യക്തമായ പദ്ധതികളുമായാണ്‌ സ്‌പാനിഷ്‌ കോച്ച്‌ മാനുവൽ സാഞ്ചസ്‌ മുറിയാസ്‌ ടീമിനെ ഒരുക്കിയത്‌. അവസാന ആറ്‌ കളിയും ജയിച്ചെത്തിയ കാലിക്കറ്റിന്റെ മധ്യനിരയിലെ പന്തൊഴുക്കിനെ തടയാനുള്ള ‘പ്രതിരോധനയം’ വിജയകരമായി. ലീഗിൽ ഏഴ്‌ ഗോളടിച്ച കാലിക്കറ്റിന്റെ മുഹമ്മദ്‌ അജ്‌സലിനെയും സെബാസ്റ്റ്യൻ റിങ്കണെയും തുടക്കത്തിലേ പൂട്ടി. 21–ാം മിനിറ്റിൽ സച്ചു സിബി പരിക്കേറ്റ് മടങ്ങിയതും ആതിഥേയർക്ക്‌ തിരിച്ചടിയായി. പകരമെത്തിയത് കേരള പൊലീസിന്റെ ഷഹബാസ് അഹമ്മദായിരുന്നു. ആദ്യപകുതി കാലിക്കറ്റിന്‌ രണ്ട്‌ അവസരമുണ്ടായി. മുഹമ്മദ്‌ ആസിഫിന്റെ ഫ്രീകിക്ക്‌ ഉപയോഗപ്പെടുത്താൻ ആർക്കുമായില്ല. അജ്‌സലും ഒരു അവസരം കളഞ്ഞു.


ഇടവേളയ്‌ക്കുശേഷവും കാലിക്കറ്റ്‌ മുന്നിലെത്താൻ ശ്രമിച്ചു. മുഹമ്മദ്‌ ആഷിഖിന്റെ ക്രോസ്‌ ക്യാപ്‌റ്റൻ കെ പ്രശാന്തിന്‌ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 71–ാം മിനിറ്റിലായിരുന്നു കണ്ണൂർ ആഗ്രഹിച്ച നിമിഷമെത്തിയത്‌. അസിയർ ഗോമസിനെ ബോക്‌സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനൽറ്റി യുവതാരം സിനാൻ വലകടത്തി. കാലിക്കറ്റ്‌ ഗോളി എസ്‌ ഹജ്മലിന്റെ കൈകളിൽ തട്ടിയാണ് പന്ത് പോയത്. സിനാന്റെ നാലാം ഗോളാണ്‌.ഗോൾവഴങ്ങിയതോടെ കാലിക്കറ്റ്‌ ഉണർന്നെങ്കിലും കണ്ണൂർ പിടിവിട്ടില്ല. സമ്മർദത്തിലും പതറിയില്ല. ഒടുവിൽ തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ട കാലിക്കറ്റിനെ മടക്കി കണ്ണൂർ വിജയമാഘോഷിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home