ഇന്ത്യക്കായി 157 കളിയിൽ 95 ഗോൾ
print edition ഛേത്രി വീണ്ടും വിരമിച്ചു

ബംഗളൂരു
സുനിൽ ഛേത്രി ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ കുപ്പായം എന്നേക്കുമായി അഴിച്ചു. കഴിഞ്ഞവർഷം വിരമിച്ചശേഷം തീരുമാനം പുന:പരിശോധിച്ച് തിരിച്ചുവന്നതായിരുന്നു. തുടർന്ന് ആറ് കളിയിൽ ഇന്ത്യക്കായി കളിച്ച് ഒരു ഗോൾ നേടി. 157 കളിയിൽ 95 ഗോളാണ് നാൽപ്പത്തൊന്നുകാരന്റെ സമ്പാദ്യം. ലോക ഫുട്‌ബോളിൽ ദേശീയ ടീമിനായി ഗോളടിയിൽ നാലാമനാണ്.
കഴിഞ്ഞവർഷം ജൂണിൽ കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ കളിച്ചാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ 2027 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരണമെന്ന് അന്നത്തെ കോച്ച് മനോലോ മാർക്വസ് ആവശ്യപ്പെട്ടു. കോച്ചിന്റെ ആവശ്യം പരിഗണിച്ച് ഛേത്രി തിരിച്ചുവന്നെങ്കിലും ഇന്ത്യക്ക് യോഗ്യത സാധ്യമായില്ല. അതിനിടെ മനോലോയെ ഒഴിവാക്കി ഇന്ത്യ ഖാലിദ് ജമീലിനെ പുതിയ കോച്ചായി നിയമിക്കുകയും ചെയ്‌തു. എങ്കിലും ഛേത്രി ടീമിൽ തുടർന്നു. പക്ഷേ, ദേശീയ ടീമിന് വിജയം സാധ്യമായില്ല. ഒക്‌ടോബർ 14ന് സിംഗപ്പൂരിനെതിരായ കളിയിൽ 1–2ന് തോറ്റു. മാലദ്വീപിനെതിരായ സൗഹൃദമത്സരത്തിലാണ് അവസാന ഗോൾ.
ഐഎസ്‌എല്ലിൽ ഇൗ സീസൺകൂടി ബംഗളൂരു എഫ്‌സിക്കായി കളിക്കുമെന്ന് ഛേത്രി അറിയിച്ചു.
ആദ്യകളിമുതൽ ഇന്ത്യക്കായുള്ള 25, 50, 75, 100, 125, 150 മത്സരങ്ങളിലെല്ലാം ഗോളടിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെ 2005 ജൂണിൽ സൗഹൃദമത്സരത്തിലാണ് ആദ്യഗോൾ. 25–-ാംമത്സരത്തിൽ തജികിസ്ഥാനെതിരെയും അമ്പതിൽ മലേഷ്യക്കെതിരെയും ഗോളടിച്ചു. നൂറാംകളിയിൽ കെനിയക്കെതിരെയാണ്. നേപ്പാളിനെതിരെയായിരുന്നു 125–-ാംകളിയിലെ ഗോൾ. 150–-ാംമത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ പെനൽറ്റിയിലൂടെ ലക്ഷ്യംകണ്ടു.
ലോകത്ത് നാലാമൻ
ലോകത്ത് ദേശീയ ടീമിനായി ഗോളടിച്ചവരിൽ നാലാം സ്ഥാനമാണ് സുനിൽ ഛേത്രിക്ക്. നിലവിൽ കളിക്കുന്നവരിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയും (225കളിയിൽ 143ഗോൾ) ലയണൽ മെസിയും (195 കളിയിൽ 114) മാത്രമായിരുന്നു മുന്നിൽ. 108 ഗോളടിച്ച ഇറാന്റെ അലി ദയി വിരമിച്ചിരുന്നു.
ദേശീയ ടീമിനായി 150 മത്സരമെന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനാണ്;
ക്രിസ്‌റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 225, 143
ലയണൽ മെസി (അർജന്റീന) 195, 114
അലി ദയി (ഇറാൻ, വിരമിച്ചു) 148, 108
സുനിൽ ഛേത്രി (ഇന്ത്യ, വിരമിച്ചു) 157, 95










0 comments