ഇന്ത്യയുടെ ഒന്നാം നമ്പർ ഫുട്‌ബോൾ ലീഗ് പ്രതിസന്ധിയിൽ
ഐഎസ്‌എൽ കളിക്കാർ പറയുന്നു ; എന്തൊരു ഫൗൾ

സുനിൽ ഛേത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം

Sports Desk
Published on Jul 17, 2025, 03:30 AM | 3 min read
ന്യൂഡൽഹി
ഐഎസ്‌എൽ പുതിയ സീസൺ താൽക്കാലികമായി മുടങ്ങിയ സാഹചര്യത്തിൽ വിവിധ ക്ലബ്ബുകളിലെ കളിക്കാർ ആശങ്കയിൽ. ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്‌റ്റൻ സുനിൽ ഛേത്രിതന്നെ രംഗത്തെത്തി. കളിക്കാർ ആശങ്കയിലും ഭയത്തിലുമാണെന്ന് ഛേത്രി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്) ഐഎസ്‌എൽ നടത്തിപ്പുകാരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്‌എസ്‌ഡിഎൽ) തമ്മിലുള്ള മാസ്‌റ്റേഴ്‌സ് റൈറ്റ്‌സ് കരാർ (എംആർഎ) പുതുക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രതിസന്ധിക്കുകാരണം.
നിലവിലെ സാഹചര്യത്തിൽ സെപ്‌തംബറിൽ ഐഎസ്‌എൽ ആരംഭിക്കാനാകില്ലെന്ന് എഫ്‌എസ്‌ഡിഎൽ ക്ലബ്ബുകളെ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് ഛേത്രി കളിക്കാരുടെ ആശങ്ക പങ്കുവച്ചത്. ‘ഇന്ത്യൻ ഫുട്‌ബോളിലെ നിലവിലെ സാഹചര്യം അങ്ങയേറ്റം ആകുലതയുണ്ടാക്കുന്നതാണ്. ആശങ്കയറിയിച്ച് നിരവധി സന്ദേശങ്ങളാണ് വരുന്നത്. കളിക്കാരും സ്‌റ്റാഫ് അംഗങ്ങളും ഫിസിയോകളും ഉൾപ്പെടെ ഐഎസ്‌എല്ലുമായി ബന്ധപ്പെട്ട എല്ലാവരും അരക്ഷിതാവസ്ഥയിലാണ്. ഇത് എന്റെ ക്ലബ്ബിലെ മാത്രം സ്ഥിതിയല്ല. ഇന്ത്യൻ ഫുട്‌ബോളിലെ അവസ്ഥ കാണുമ്പോൾ ഭയവും വേദനയും ഒരുപോലെ തോന്നുകയാണ്. ഇതുവരെ ഇങ്ങനെയൊരു അനിശ്‌ചിതത്വം അഭിമുഖീകരിച്ചിട്ടില്ല–ഛേത്രി എക്‌സിൽ കുറിച്ചു.
അധികൃതർ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നറിയാം. പ്രതീക്ഷയോടെയാണ് ഈ പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം എന്റെ കൈയിലില്ല. എങ്കിലും ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാഗമായ എല്ലാവരും ശാന്തരായി കാത്തിരിക്കുക. പരിശീലനം തുടരുക–- ബംഗളൂരു എഫ്‌സി താരം കൂടിയായ ഛേത്രി പൂർത്തിയാക്കി.
കഴിഞ്ഞയാഴ്‌ചയാണ് ഐഎസ്‌എൽ മുടങ്ങുമെന്നറിയിച്ച് എഫ്‌എസ്‌ഡിഎൽ ക്ലബ്ബുകൾക്ക് കത്തയച്ചത്. ടീമുകൾ അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കത്തിലായിരുന്നു. അനിശ്‌ചിതത്വം വന്നതോടെ ചില ക്ലബ്ബുകളെങ്കിലും ഒരുക്കം അവസാനിപ്പിച്ചു. ഈസ്‌റ്റ് ബംഗാൾ എഫ്‌സി, ജംഷഡ്‌പുർ എഫ്‌സി തുടങ്ങിയ ടീമുകൾ പരിശീലനം തുടരുകയാണ്. വിദേശ താരങ്ങളിൽ ചിലർ കരാർ അവസാനിപ്പിച്ച് മടങ്ങി. കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഹെസ്യൂസ് ഹിമിനെസ് ആണ് അതിൽ പ്രധാനി. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ വേട്ടക്കാരനായ സ്‌പാനിഷുകാരൻ ഒരു വർഷം കരാർ ശേഷിക്കെയാണ് ടീം വിട്ടത്. പോളണ്ട് ഒന്നാം ഡിവിഷൻ ക്ലബ് നിയെസിയെസ്‌കയിലേക്കാണ് ചേക്കേറിയത്. ജംഷഡ്‌പുർ എഫ്‌സിയുടെ പ്രധാന താരമായിരുന്ന ഹാവി ഹെർണാണ്ടസും ഐഎസ്‌എൽ വിട്ടു.
സ്‌പാനിഷ് ക്ലബ് ആർഎസ്‌ഡി അൽകാലയിലാണ് ചേർന്നത്. നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് എഫ്‌സിയുടെ വിദേശ താരങ്ങളിൽ ചിലരും കരാർ പൂർത്തിയാക്കി മടങ്ങി. അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തിൽ പുതിയ കളിക്കാരെ ബ്ലാസ്‌റ്റേഴ്‌സ് കരാറാക്കിയിട്ടില്ല. ലീഗിലെ മൂന്നോ നാല് ക്ലബ്ബുകളെങ്കിലും അന്തിമ തീരുമാനത്തിനായി കാത്തുനിൽക്കുകയാണ്.
ബ്ലാസ്‌റ്റേഴ്‌സ് നിരവധി കളിക്കാരുമായുള്ള കരാർ കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു. വിദേശ താരങ്ങളായ മിലോസ് ഡ്രിൻസിച്ച്, ക്വാമി പെപ്ര എന്നിവരുമായി കരാർ പുതുക്കിയില്ല. ഇന്ത്യൻ താരങ്ങളിൽ ഇഷാൻ പണ്ഡിത, കമൽജിത് സിങ്, സൗരവ് മണ്ഡൽ എന്നിവരുമായുള്ള കരാറും അവസാനിപ്പിച്ചു. പരിശീലക സംഘത്തിലെ തോമസ് ഷോർസ്, വെർണെർ മർട്ടെൻസ്, സ്ലാവെൻ, പ്രോഗോവെക്കി ടീം വിട്ടു. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയാകട്ടെ നിൽക്കുമോ പോകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
രൂപരേഖയുമായി എഐഎഫ്‌എഫ്
ഐഎസ്‌എൽ പുതിയ സീസൺ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം തുടരുന്നതിനിടെ പുതിയ രൂപരേഖയുമായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്). അടുത്ത പത്തുവർഷത്തേക്കുള്ള കരാറാണ് ഉദ്ദേശിക്കുന്നത്. ഐഎസ്‌എൽ രാജ്യത്തെ പ്രധാന ഫുട്‌ബോൾ ലീഗായി തുടരും. സ്ഥാനക്കയറ്റം, തരംതാഴ്‌ത്തൽ എന്നിവയെക്കുറിച്ച് തൽക്കാലം പരാമർശമില്ല. ചർച്ച ചെയ്‌ത് മുന്നോട്ടുപോകാമെന്ന നിലപാടാണുള്ളത്. ഐഎസ്‌എൽ നടത്തിപ്പുകാരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന് (എഫ്‌എസ്‌ഡിഎൽ) എല്ലാ വാണിജ്യ അവകാശങ്ങളും നൽകും.
2019ലാണ് ഐഎസ്‌എൽ രാജ്യത്തെ പ്രധാന ലീഗായി മാറുന്നത്. 2022–-23 സീസൺ മുതൽ സ്ഥാനക്കയറ്റം നൽകി തുടങ്ങി. ഐ ലീഗ് ചാമ്പ്യൻമാരായ പഞ്ചാബ് എഫ്‌സിയും മുഹമ്മദൻസും അതുവഴി ഐഎസ്‌എല്ലിന്റെ ഭാഗമായി. തരംതാഴ്‌ത്തൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. പുതിയ രൂപരേഖ പ്രകാരം ഐഎസ്‌എൽ ചാമ്പ്യനാകും എഎഫ്‌സി ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ പ്രഥമ സ്ഥാനം. മറ്റൊന്ന് ഐ ലീഗ് ജേതാക്കൾക്കും നൽകും. കഴിഞ്ഞ സീസൺവരെ സൂപ്പർ കപ്പ് ജേതാക്കൾക്കായിരുന്നു സ്ഥാനം. പുതിയ കരാർ പ്രകാരം ഗെയിം ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് 50 കോടി രൂപയോ 2026ലെ ആകെ വരുമാനത്തിന്റെ പത്ത് ശതമാനമോ എഫ്‌എസ്‌ഡിഎൽ നൽകണമെന്നും പറയുന്നു. ഏതാണോ കൂടുതൽ ആ തുകയാണ് നൽകേണ്ടത്.
എന്നാൽ എഫ്‌എസ്‌ഡിഎൽ ഈ കരാറുമായി ഒത്തുപോകാൻ സാധ്യതയില്ല. ഇതുപ്രകാരം ക്ലബ്ബുകൾ 60 ശതമാനവും എഫ്‌എസ്‌ഡിഎൽ 26 ശതമാനവും എഐഎഫ്‌എഫ് 16 ശതമാനവും പണം മുടക്കണമെന്നാണ് ആവശ്യം.
അതേസമയം ഡിസംബറിൽ ലീഗ് തുടങ്ങിയേക്കുമെന്നാണ് സൂചന. എഐഎഫ്‌എഫിന്റെ പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള തർക്കം നിലനിൽക്കുന്നതിനാൽ സുപ്രീം കോടതി വിധിക്കുശേഷമേ ഐഎസ്‌എല്ലിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളൂ.










0 comments