ഛേത്രി ഗോൾ ; ഇന്ത്യക്ക് ജയമധുരം

ഷില്ലോങ് : ഒടുവിൽ ഇന്ത്യക്ക് വിജയമധുരം. വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയ സുനിൽ ഛേത്രി ജയവുംകൊണ്ടുവന്നു. സൗഹൃദ ഫുട്‌ബോളിൽ മൂന്ന് ഗോളിനാണ് ഇന്ത്യ മാലദ്വീപിനെ തകർത്തുവിട്ടത്. മൂന്നാംഗോൾ ഛേത്രി നേടി. രാഹുൽ ബെക്കെയും ലിസ്‌റ്റൺ കൊളാസോയും മറ്റു ഗോളുകൾ നേടി.
ഒന്നരവർഷത്തിനുശേഷമാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം ഒരു ജയം സ്വന്തമാക്കുന്നത്. അവസാന 12 കളിയിൽ ജയമുണ്ടായിരുന്നില്ല. ഗോളടിക്കുന്നതിലും പിഴച്ചു. കഴിഞ്ഞവർഷം ജൂണിലായിരുന്നു ഛേത്രിയുടെ വിരമിക്കൽ. എന്നാൽ, നാൽപ്പതുകാരനെ പരിശീലകൻ മനാലോ മാർക്വസ് തിരികെവിളിച്ചു. ആദ്യ പതിനൊന്നിൽത്തന്നെ ഛേത്രി ഉൾപ്പെട്ടു.
ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്റു സ്--റ്റേഡിയത്തിൽ നടന്ന ആദ്യ രാജ്യാന്തര പോരിൽ കളിയുടെ തുടക്കംമുതൽ ഇന്ത്യ ആക്രമിച്ചുകളിച്ചു. ലിസ്‌റ്റൺ ആയിരുന്നു ഊർജം. ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ശ്രമങ്ങൾക്ക് ഫലം കിട്ടി. ബെക്കെയുടെ ഹെഡർ മാലദ്വീപ് വല തകർത്തു. ബ്രണ്ടൻ ഫെർണാണ്ടസിന്റെ കോർണറിൽ ബെക്കെ മനോഹരമായി തലവച്ചപ്പോൾ ഇന്ത്യക്ക് ലീഡ്.
ഇടവേളയ്‌ക്കുശേഷമുള്ള ആദ്യഘട്ടത്തിൽ ഇന്ത്യ വീണ്ടും ഗോളിന് അരികെയെത്തി. മഹേഷ് സിങ്ങിന്റെ കോർണറിൽ തലവയ്‌ക്കാൻ ഛേത്രി ശ്രമിച്ചെങ്കിലും മാലദ്വീപ് പ്രതിരോധം തടഞ്ഞു. പിന്നാലെ കൊളാസോ ലക്ഷ്യം കണ്ടു. കളി തീരാൻ 15 മിനിറ്റ് ശേഷിക്കെ ഛേത്രി പട്ടിക പൂർത്തിയാക്കി. കൊളാസോയുടെ ക്രോസിൽനിന്നായിരുന്നു ഗോൾ.
രാജ്യാന്തര ഫുട്‌ബോളിൽ ഇന്ത്യൻ ക്യാപ്‌റ്റൻ 95 ഗോളായി. 152 മത്സരങ്ങളിൽനിന്നാണ് നേട്ടം. പരിശീലകനായി ചുമതലയേറ്റശേഷം മനോലോയ്ക്ക് കീഴിൽ ഇന്ത്യ നേടുന്ന ആദ്യ ജയം കൂടിയാണ് മാലദ്വീപിനെതിരെ. കഴിഞ്ഞ നാലിലും തിരിച്ചടിയായിരുന്നു.
ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 25ന് ഇറങ്ങും. ഷില്ലോങ്ങിൽത്തന്നെയാണ് മത്സരം.










0 comments