Deshabhimani

ഫുട്ബോളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരമായി റൊണാൾഡോ; മെസി രണ്ടാമത്

Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ| Photo: Reuters

വെബ് ഡെസ്ക്

Published on Oct 26, 2026, 08:37 AM | 2 min read

റിയാദ് : ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തുടരുന്നു. ഫോർബ്സിന്റെ 2026ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ 30 കോടി ഡോളർ (ഏകദേശം 2,700 കോടി രൂപ) വരുമാനവുമായി റൊണാൾഡോ ഒന്നാമതെത്തി.


സൗദി ക്ലബ് അൽ നസ്റിന്റെ താരമായ റൊണാൾഡോയുടെ 2026–27 സീസണിലെ വരുമാനമാണ് ഫോർബ്സ് കണക്കാക്കിയിരിക്കുന്നത്. ലയണൽ മെസിയുടെയും കിലിയൻ എംബാപ്പെയുടെയും ആകെ വരുമാനത്തേക്കാൾ 5.5 കോടി ഡോളർ കൂടുതലാണിത്.


തുടർച്ചയായ നാലാം സീസണിലാണ് റൊണാൾഡോ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. അൽ നസ്റിൽനിന്നുള്ള ശമ്പളവും ബോണസും ഉൾപ്പെടെ കളിക്കളത്തിൽനിന്ന് 25 കോടി ഡോളറും പരസ്യങ്ങൾ, സ്പോൺസർഷിപ്പുകൾ, സിആർ7 ബ്രാൻഡ് ഉൾപ്പെടെയുള്ള ബിസിനസ് സംരംഭങ്ങൾ എന്നിവയിലൂടെ അഞ്ചുകോടി ഡോളറും റൊണാൾഡോ നേടുമെന്നാണ് ഫോർബ്സിന്റെ കണക്ക്. നികുതിക്കും ഏജന്റ് ഫീസിനും മുമ്പുള്ള വരുമാനമാണ് പട്ടികയിൽ പരിഗണിച്ചിരിക്കുന്നത്.


കരിയറിലുടനീളം നികുതിക്ക് മുമ്പുള്ള വരുമാനം 200 കോടി ഡോളർ കടക്കുന്ന ആദ്യ കായികതാരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി. കഴിഞ്ഞ നാല് സീസണുകളിലും റൊണാൾഡോയും മെസിയുമാണ് ഫുട്ബോളിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള ആദ്യ രണ്ട് താരങ്ങൾ. കഴിഞ്ഞ 13 വർഷത്തിനിടെ 12 തവണയും ഇവരാണ് ഈ സ്ഥാനങ്ങളിൽ എത്തിയത്.


മെസി രണ്ടാമത്; എംബാപ്പെ മൂന്നാമത്


14.5 കോടി ഡോളർ വരുമാനവുമായി ഇന്റർ മയാമി താരം ലയണൽ മെസിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇതിൽ കളിക്കളത്തിന് പുറത്തുനിന്നുള്ള വരുമാനം 7.5 കോടി ഡോളറും കളിക്കളത്തിൽനിന്നുള്ളത് ഏഴുകോടി ഡോളറുമാണ്. ആദ്യ അഞ്ചുപേരിൽ കളിക്കളത്തിന് പുറത്തുനിന്നുള്ള വരുമാനം കളിക്കളത്തിലെ വരുമാനത്തേക്കാൾ കൂടുതലുള്ള ഏക താരവും മെസിയാണ്.


റയൽ മാഡ്രിഡിന്റെ കിലിയൻ എംബാപ്പെ 10 കോടി ഡോളറുമായി മൂന്നാം സ്ഥാനത്തെത്തി. ക്ലബ്ബിൽനിന്ന് ഏഴുകോടി ഡോളറും വാണിജ്യ കരാറുകളിലൂടെ മൂന്നുകോടി ഡോളറുമാണ് താരത്തിന്റെ പ്രതീക്ഷിക്കുന്ന വരുമാനം. സ്വിസ് കായിക വസ്ത്ര ബ്രാൻഡായ ഓണുമായുള്ള പുതിയ പങ്കാളിത്തവും ഇതിൽ ഉൾപ്പെടുന്നു.


മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലൻഡ് 8.5 കോടി ഡോളറുമായി നാലാം സ്ഥാനത്താണ്. കളിക്കളത്തിൽനിന്ന് ആറുകോടി ഡോളറും പുറത്തുനിന്ന് 2.5 കോടി ഡോളറുമാണ് വരുമാനം. 2034 വരെ നീളുന്നതാണ് സിറ്റിയുമായുള്ള ഹാലൻഡിന്റെ കരാർ.


റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ 7.6 കോടി ഡോളറുമായി അഞ്ചാം സ്ഥാനത്തുണ്ട്. ക്ലബ്ബുമായുള്ള പുതിയ കരാറിലൂടെ കളിക്കളത്തിൽനിന്ന് 4.8 കോടി ഡോളറും മറ്റ് വരുമാനമായി 2.8 കോടി ഡോളറുമാണ് താരത്തിന് ലഭിക്കുക.


ആദ്യ പത്തിൽ യമാൽ, സലാ


ബാഴ്‌സലോണയുടെ ലാമിൻ യമാൽ 5.5 കോടി ഡോളറുമായി ആറാം സ്ഥാനത്തെത്തി. അൽ നസ്റിന്റെ സാദിയോ മാനെ 5.4 കോടി ഡോളറുമായി ഏഴാമതും റയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ങാം 4.5 കോടി ഡോളറുമായി എട്ടാമതുമാണ്.


ബയേൺ മ്യൂണിക്കിന്റെ ഹാരി കെയ്ൻ 4.2 കോടി ഡോളറുമായി ഒൻപതാം സ്ഥാനത്തും ട്രാബ്‌സോൺസ്‌പോറിന്റെ മുഹമ്മദ് സലാ നാലുകോടി ഡോളറുമായി പത്താം സ്ഥാനത്തുമുണ്ട്. ആദ്യ പത്തിൽ ഉൾപ്പെട്ട താരങ്ങളുടെ ആകെ പ്രതീക്ഷിക്കുന്ന വരുമാനം 94.2 കോടി ഡോളറാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home