print edition യൂറോപ്യൻ ഫുട്ബോളിൽ താരകെെമാറ്റം സജീവമാകുന്നു ; റോഡ്രിഗോയ്‌ക്കായി സിറ്റിയും അഴ്‌സണലും

ലണ്ടൻ
റയൽ മാഡ്രിഡ് വിടാനൊരുങ്ങുന്ന ബ്രസീൽ ഫുട്‌ബോൾ താരം റോഡ്രിഗോയ്‌ക്കായി ഇംഗ്ലീഷ് ക്ലബുകൾ രംഗത്ത്. മാഞ്ചസ്‌റ്റർ സിറ്റി, അഴ്‌സണൽ, ലിവർപൂൾ ക്ലബുകളാണ് ജനുവരിയിലെ താരകൈമാറ്റ ജാലകത്തിൽ സജീവമായുള്ളത്. അതേസമയം, മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെ പരിക്കേറ്റ് വിശ്രമത്തിലുള്ളതിനാൽ റോഡ്രിഗോയെ തൽക്കാലം വിടാൻ റയൽ പരിശീലൻ സാബി അലോൺസോയ്‌ക്ക് താൽപര്യമില്ലെന്നാണ് സൂചന.
അലോൺസോ പരിശീലകനായെത്തിയശേഷം റോഡ്രിഗോയ്‌ക്ക് അവസരങ്ങൾ കുറവായിരുന്നു. എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്‌ഹാം ഉൾപ്പെട്ട മുന്നേറ്റനിരയിൽ ഇടംകണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് റയൽ വിടാൻ ഇരുപത്തിനാലുകാരൻ ഒരുങ്ങിയത്. ലോകകപ്പിന് മുന്പ് മികച്ച പ്രകടനത്തോടെ ബ്രസീൽ ഇടംനേടുകയെന്ന ലക്ഷ്യം കൂടിയുണ്ട്. കഴിഞ്ഞ ആഗസ്‌തിൽതന്നെ സിറ്റിയിലെത്തിക്കാൻ പരിശീലകൻ പെപ് ഗ്വാർഡിയോള ശ്രമം നടത്തിയിരുന്നു. അഴ്‌സണലും സജീവമായി രംഗത്തുണ്ട്. അതേസമയം, മുഹമ്മദ് സലായ്‌ക്ക് പകരക്കാരനെ തേടുന്ന ലിവർപൂളും റോഡ്രിഗോയെ ലക്ഷ്യം വയ്‌ക്കുന്നു. ബൊറൂസിയ ഡോർട്ട്‌മുണ്ട് വിങ്ങർ കരിം അദെയെമി, ആർ ബി ലെയ്‌പ്‌സിഗിന്റെ ഐവറി കോസ്‌റ്റ് താരം യാൻ ഡയമണ്ടെ എന്നിവരും ലിവർപൂളിന്റെ പട്ടികയിലുണ്ട്. ക്ലബ് ബ്രുജിന്റെ പ്രതിരോധക്കാരൻ ജോയെൽ ഒർഡോനെസിനെയും കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. സീസണിലെ തിരിച്ചടി മറികടക്കാനാണ് അർണെ സ്ലോട്ട് ലക്ഷ്യമിടുന്നത്.
സിറ്റി ബോണിമൗത്തിന്റെ അന്റോയ്‌ൻ സെമെന്യോയെയും ലക്ഷ്യമിട്ടിട്ടുണ്ട്. ലിവർപൂൾ വിങ്ങർ ഫെഡെറികോ കിയേസ ഇന്റർ മിലാനിൽ എത്തിയേക്കും. ലിവർപൂളിൽ ഇറ്റലിക്കാരന് അവസരങ്ങൾ കുറവാണ്. ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങൾക്ക് മുന്പ് കിയേസയ്‌ക്ക് കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇറ്റാലിയൻ ഫുട്‌ബോൾ ടീം പരിശീലകൻ ഗെന്നാരോ ഗെട്ടൂസോ.










0 comments