എംബോളോയുടെ ചുവപ്പ് കാർഡ് ശരിയല്ലായിരുന്നു; ലോകകപ്പ് വിവാദത്തിൽ ഐഎഫ്എബി വിശദീകരണം

Photo Credit:Social Media
ന്യൂയോർക്ക്: 2026 ലോകകപ്പിൽ അർജന്റീനയ്ക്ക് അനുകൂല റഫറി തീരുമാനങ്ങളുണ്ടായിരുന്നോ എന്ന ചർച്ച ശക്തമാകുന്നതിനിടെ, സ്വിറ്റ്സർലൻഡ് താരം ബ്രിൽ എംബോളോയ്ക്ക് നൽകിയ ചുവപ്പ് കാർഡ് ശരിയായിരുന്നില്ലെന്ന് ഫുട്ബോൾ നിയമ നിർമാണ സമിതി (ഐഎഫ്എബി) വ്യക്തമാക്കി.
ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫൈനലിൽ സ്പെയിനോട് തോൽക്കുന്നതിന് മുമ്പ് തന്നെ വാർ തീരുമാനങ്ങൾ പലതും അർജന്റീനയ്ക്ക് അനുകൂലമായിരുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഈജിപ്ത്, സ്വിറ്റ്സർലൻഡ് ടീമുകളും റഫറി തീരുമാനങ്ങളിൽ പക്ഷപാതമുണ്ടെന്ന് വിമർശിച്ചിരുന്നു.
അർജന്റീനയ്‌ക്കെതിരായ ക്വാർട്ടർ ഫൈനലിൽ 72-ാം മിനിറ്റിലാണ് എംബോളോയ്ക്ക് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചത്. വാർ പരിശോധനയ്ക്ക് ശേഷം വ്യാജമായി ഫൗൾ അഭിനയിച്ചുവെന്ന വിലയിരുത്തലിലാണ് താരത്തെ പുറത്താക്കിയത്. എന്നാൽ ഈ തീരുമാനം തെറ്റായിരുന്നുവെന്നാണ് ഐഎഫ്എബി ഇപ്പോൾ വ്യക്തമാക്കിയത്.
മത്സരത്തിൽ 1-1ന് സമനിലയിൽ നിൽക്കുമ്പോഴായിരുന്നു എംബോളോ പുറത്തായത്. തുടർന്ന് അധിക സമയത്ത് അർജന്റീന 3-1ന് വിജയിച്ച് സെമിയിലേക്ക് മുന്നേറി. ചുവപ്പ് കാർഡ് മത്സരത്തിന്റെ ഗതി മാറ്റിയെന്നായിരുന്നു സ്വിറ്റ്സർലൻഡിന്റെ ആരോപണം.
സ്വിസ് താരം എംബോളോ അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസുമായുള്ള ഏറ്റുമുട്ടലിൽ വീണതോടെയാണ് സംഭവം ആരംഭിച്ചത്. ആദ്യം പരേഡസിന് മഞ്ഞ കാർഡ് നൽകിയെങ്കിലും വാർ ഇടപെട്ട് ഫൗൾ നടന്നിട്ടില്ലെന്നും എംബോളോ അഭിനയിച്ചതാണെന്നും റഫറിയെ അറിയിച്ചു.
എന്നാൽ "മിസ്റ്റേക്കൺ ഐഡന്റിറ്റി" നിയമം ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാവില്ലെന്ന് ഐഎഫ്എബി വ്യക്തമാക്കി. കാർഡ് ലഭിച്ച താരം ശരിയായ ആളാണോ എന്ന് പരിശോധിക്കാൻ മാത്രമേ ഈ നിയമം ഉപയോഗിക്കാനാകൂ എന്നും, ഫൗൾ നടന്നോ ഇല്ലയോ എന്ന തീരുമാനം മാറ്റാൻ കഴിയില്ലെന്നും സമിതി അറിയിച്ചു.
"റഫറിയുടെ തീരുമാനം തെറ്റായിരുന്നു. ഈ നിയമം ഞങ്ങളുടെ മത്സരം നശിപ്പിച്ചു," മത്സരശേഷം സ്വിറ്റ്സർലൻഡ് പരിശീലകൻ മുറാത്ത് യാകിൻ പ്രതികരിച്ചു. വാർ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള അവലോകനം തുടരുകയാണെന്നും എംബോളോയുടെ സംഭവം അതിന്റെ ഭാഗമാണെന്നും ഐഎഫ്എബി അറിയിച്ചു. ഫിഫ പ്രതിനിധികളും ബ്രിട്ടനിലെ നാല് ഫുട്ബോൾ അസോസിയേഷനുകളും ചേർന്നാണ് ഐഎഫ്എബി പ്രവർത്തിക്കുന്നത്.










0 comments