Deshabhimani

ബെല്ലിങ്ഹാമിന്റെ വണ്ടർ ഗോൾ; പിഎസ്‌വിക്കെതിരെ റയലിന് തകർപ്പൻ ജ‌യം

Real Madrid
വെബ് ഡെസ്ക്

Published on Nov 25, 2026, 07:10 AM | 1 min read

മാഡ്രിഡ് : ചാമ്പ്യൻസ് ലീ​ഗിൽ പി എസ് വിയെ തകർത്ത് റയൽ മാഡ്രിഡ്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാരുടെ ജയം. പകരക്കാരനായി ഇറങ്ങി മനോഹരമായ ഗോൾ നേടിയ ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയത്. ചാമ്പ്യൻസ് ലീഗിൽ റയലിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ അഞ്ചു മത്സരങ്ങളും ജയിച്ച റയൽ 15 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.


ആദ്യ പകുതിയിൽ പി എസ് വിക്കായിരുന്നു ആധിപത്യം. റൂബൻ വാൻ ബൊമ്മലിന് ലഭിച്ച മികച്ച അവസരം മുതലാക്കാനായില്ലെങ്കിലും, 32ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പി എസ് വി മുന്നിലെത്തി. ആദ്യ പകുതിയിൽ റയൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല.


രണ്ടാം പകുതിക്ക് മുമ്പ് റയൽ മൂന്ന് മാറ്റങ്ങൾ വരുത്തി. പകരക്കാരനായി ജൂഡ് ബെല്ലിങ്ഹാം കളത്തിലിറങ്ങിയതോടെ റയലിന് പുതിയ ഊർജം ലഭിച്ചു. വൈകാതെ 50ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർദെ പന്ത് വലയിലെത്തിച്ചു. പിന്നാലെ 60ാം മിനിറ്റിൽ ബെല്ലിങ്ഹാമിന്റെ അത്ഭുതഗോളെത്തി.


രണ്ടാം ഗോളിന് പിന്നാലെ 64ാം മിനിറ്റിൽ റയൽ മൂന്നാം ഗോളും നേടി. സ്വന്തം പകുതിയിൽ കൊഡായി സാനോ വരുത്തിയ പിഴവ് മുതലെടുത്ത് ഗ്യൂലർ പന്ത് കൈക്കലാക്കി. കെയ്‌ലിയൻ എംബാപ്പെയ്ക്ക് നൽകിയ പാസ് ഫ്രഞ്ച് താരം ശക്തമായ ഷോട്ടിലൂടെ വലയിലെത്തിച്ചു. 14 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകളാണ് റയൽ നേടിയത്.


മത്സരത്തിന്റെ അവസാനഘട്ടത്തിലും റയലിൽ ആക്രമണം തുടർന്നു. ഗ്യൂലറുടെ പാസിൽ എംബാപ്പെ പന്ത് വലയിലെത്തിച്ചതോടെ നാലാമത്തെ ​ഗോൾ പിറന്നു. ഈ സീസണിൽ 18 മത്സരങ്ങളിൽനിന്ന് എംബാപ്പെയുടെ 19ാമത്തെ ഗോളായിരുന്നു ഇത്.


വിനീഷ്യസ് ജൂനിയറിന്റെ ബൂട്ടിൽ നിന്നായിരുന്നു അഞ്ചാം ഗോൾ. ബെല്ലിങ്ഹാമിന്റെ പാസിലാണ് അഞ്ചാമത്തെ ​ഗോൾ അനായാസം ലക്ഷ്യം കണ്ടത്. 15 തവണ യൂറോപ്യൻ ചാമ്പ്യന്മാരായ റയലിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. അഞ്ചു മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് മാത്രമുള്ള പി എസ് വി പ്ലേ ഓഫ് ലെവലിന് പുറത്താണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home