print edition ദായ്..ദായ്.. വരൂ..വരൂ..

ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരം അരങ്ങേറുന്ന മെക്സിക്കോ സിറ്റിയിലെ അസ്റ്റെക സ്റ്റേഡിയം
മെക്സിക്കോ സിറ്റി: കളിക്കുമുമ്പ് ത്രസിപ്പിക്കുന്ന സംഗീതവും ചടുലമായ നൃത്തച്ചുവടുകളും കളം നിറയും. ആതിഥേയരായ മൂന്ന് രാജ്യങ്ങളിലും ആദ്യ കളിക്കുമുമ്പ് ഒന്നരമണിക്കൂർ സംഗീതവിരുന്നൊരുക്കും. കിക്കോഫ് നടക്കുന്ന മെക്‌സിക്കോയിൽ അസ്‌റ്റെക സ്‌റ്റേഡിയത്തിലാണ് ആദ്യ പരിപാടി. ഇന്ത്യൻ സമയം വ്യാഴാഴ്‌ച രാത്രി 11 മണിക്ക് ആഘോഷപരിപാടികൾ തുടങ്ങും. 12.30നാണ് കിക്കോഫ്. ഉദ്‌ഘാടനമത്സരത്തിൽ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.
കൊളംബിയൻ ഗായികയായ ഷാകിറയുടെ നേതൃത്വത്തിൽ ലോകകപ്പ് ഗാനമായ വരൂ... വരൂ എന്നർഥം വരുന്ന ‘ദായ്...ദായ്‌ക്കൊപ്പം കലാകാരന്മാർ ചുവടുവെക്കും. ഒപ്പം നൈജീരിയൻ ഗായകൻ ബർണാ ബോയിയും ഉണ്ടാകും. മെക്‌സിക്കൻ പോപ് ബാൻഡായ മാനയും സംഗീത ഗ്രൂപ്പായ ലോസ് ഏഞ്ചൽസ് അസുലെസും നേതൃത്വം നൽകും. ദക്ഷിണാഫ്രിക്കൻ ഗായികയും ഗാനരചയിതാവുമായ ടൈല ലോ സീതൽ, കൊളംബിയൻ ഗായകൻ ജെ ബാൾവിൻ, മെക്‌സിക്കൻ ഗായകരായ അലക്‌സാൻഡ്രോ ഫെർണാണ്ടസ്, ലൈല ഡൗൺസ്, ബെലിൻഡ, വെനസ്വേല ഗായകൻ ഡാനി ഓഷ്യൻ എന്നിവരും അണിചേരും.
കാനഡയിലെ ടൊറന്റോ സ്‌റ്റേഡിയത്തിൽ വെള്ളിയാഴ്‌ച രാത്രി 12.30ന് ആതിഥേയരായ കാനഡ ബോസ്‌നിയ ആന്റ് ഹെർസെഗോവിനയെ നേരിടും. 11 മണിക്ക് ഇതേ വേദിയിലും കലാപരിപാടികൾ അരങ്ങേറും. അമേരിക്കയിലെ ആദ്യ കളി 13ന് രാവിലെ 6.30ന് ലോസ് ഏഞ്ചൽസ് സ്‌റ്റേഡിയത്തിലാണ്. ആതിഥേയരായ അമേരിക്കയും പരാഗ്വേയും തമ്മിലാണ് മത്സരം. ഇൗ വേദിയിൽ പുലർച്ചെ അഞ്ചിന് പോപ് താരം കാതിപെറി നേതൃത്വം നൽകുന്ന സംഗീത വിരുന്നുണ്ടാകും.
ജൂലൈ 19ന് ഫൈനലിന്റെ ഇടവേളയിലും സംഗീതപരിപാടികളുണ്ടാകും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മത്സരത്തിന്റെ ഇടവേളയിൽ പരിപാടി ഒരുക്കുന്നത്. പോപ് ഗായകരായ ഷാകിറയും മഡോണയും കൊറിയൻ ബാൻഡായ ബിടിഎസിനാപ്പം നൃത്തച്ചുവടുവെയ്‌ക്കും. 82,500 പേർക്ക് ഇരിക്കാവുന്ന ന്യൂജഴ്‌സി മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.







0 comments