ഇന്ത്യക്കായി ഗോളടിച്ച മലയാളിതാരം പി മാളവിക തായ്‌ലൻഡിൽനിന്നും സംസാരിക്കുന്നു
ആറ് മിനിറ്റിൽ ‘കേരള ഗോൾ’

അജിൻ ജി രാജ്
Published on Jun 24, 2025, 12:15 AM | 1 min read
അഭിമാനത്തിന്റെ നെറുകയിലാണ് പി മാളവിക. കാൽനൂറ്റാണ്ടിനുശേഷം ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ എത്തിയ മലയാളി വിങ്ങർ അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് വരവറിയിച്ചു. തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മംഗോളിയക്കെതിരെ പകരക്കാരിയായെത്തിയാണ് തകർപ്പൻ പ്രകടനം. കളത്തിലെത്തി ആറ് മിനിറ്റിനുള്ളിൽ എതിർവല കുലുക്കി കാസർകോട്ടുകാരി. നീലേശ്വരം ബങ്കളം സ്വദേശിയാണ്. 1999ൽ ബെന്റില ഡികോത്തയാണ് ഇന്ത്യക്കായി അവസാനം ബൂട്ട് കെട്ടിയ മലയാളിതാരം. ആദ്യ ഗോളിനെ കുറിച്ചും ഇന്ത്യൻ ടീമിലെ വിശേഷങ്ങളും മാളവിക പങ്കുവയ്‌ക്കുന്നു.
സന്തോഷപ്പെരുമഴ
എന്ത് പറയണമെന്നറിയില്ല. കുറച്ച് ദിവസങ്ങളിലായി ഇന്ത്യക്കായി അരങ്ങേറുന്നതായിരുന്നു മനസ്സ് മുഴുവൻ. ആദ്യ കളിയിൽ ഗോളടിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചു. സന്തോഷവും അഭിമാനവും തോന്നുന്നു. ടീമിനൊപ്പം മികച്ച പ്രകടനം തുടരണമെന്നാണ് ആഗ്രഹം.
ഇന്ത്യൻ കുപ്പായത്തിലെ ആദ്യ ഗോൾ എന്നെ പിന്തുണച്ചവർക്കുള്ളതാണ്. ഒന്നും എളുപ്പമായിരുന്നില്ല. ഇതുവരെയുള്ള യാത്രയിൽ അകമഴിഞ്ഞ് പിന്തുണച്ച ഒട്ടേറെ പേരുണ്ട്. കുടുംബം, കോച്ച്... എല്ലാവരോടുമുള്ള നന്ദി പറഞ്ഞാൽ തീരില്ല. ഈ ഗോൾ അവർക്ക് സമർപ്പിക്കുന്നു.
ടീം, സീനിയേഴ്‌സ്
പുതിയ കളിക്കാരെ ചേർത്തുപിടിക്കുന്ന സീനിയർ താരങ്ങളാണ് ടീമിൽ. പരിശീലകരും അങ്ങനെത്തന്നെ. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്നു. ഓരോ കളിക്കാർക്കും നൽകുന്ന ഉത്തരവാദിത്വം നിറവേറ്റുക എന്നതാണ് കാര്യം. അത് കൂട്ടായ്‌മയായി ചെയ്യുന്നു. അതാണ് മംഗോളിയക്കെതിരായ വിജയരഹസ്യം.
മലയാളി പെൺകുട്ടികളോട്
വനിതാ ഫുട്‌ബോൾ പഴയതുപോലെയല്ല. അവസരങ്ങളും വേദികളും ഒരുപാടുണ്ട്. കഠിനാധ്വാനം ചെയ്‌താൽ മുന്നേറാം. കഴിവുള്ള ഒരുപാട് കളിക്കാർ കേരളത്തിലുണ്ട്. അവർ മുന്നോട്ട് വരണമെന്നാണ് ആഗ്രഹം.









0 comments