print edition ഏഷ്യൻ കപ്പ് യോഗ്യതാ ഫുട്‌ബോൾ; കൊച്ചിയിൽ ഇന്ത്യ

കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ ഗോൾ നേടിയ റയൻ വില്യംസിന്റെ ആഹ്ലാദം (ഇടത്ത്), ലിസ്റ്റൺ കൊളാസോ സമീപം
കൊച്ചി: നീലക്കടലിരമ്പത്തിൽ ഇന്ത്യൻ വിജയാരവം. വെല്ലുവിളിച്ചെത്തിയ ഹോങ്കോങ്ങിനെ 2–1ന് തോൽപ്പിച്ച് ഏഷ്യൻ കപ്പ് യോഗ്യതാ ഫുട്‌ബോൾ റൗണ്ടിൽ ഇന്ത്യ ജയത്തോടെ അവസാനിപ്പിച്ചു. കൊച്ചി ജവാഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ ഇരുപകുതികളിലുമായി റയൻ വില്യംസും ആകാശ് മിശ്രയും ലക്ഷ്യം കണ്ടു. എവർട്ടൺ കമാഗ്രോയാണ് ഹോങ്കോങ്ങിനായി ആശ്വാസം കുറിച്ചത്. കൊച്ചിയിൽ മുമ്പ് കളിച്ച പതിനെട്ട് മത്സരങ്ങളിലും ഇന്ത്യക്ക് ജയമില്ലായിരുന്നു.
ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയെ നയിച്ചത്. പ്രതിരോധ ഹൃദയത്തിൽ സന്ദേശ് ജിങ്കനും അൻവർ അലിയും രാഹുൽ ബെക്കെയും അണിനിരന്നു. ഇടത്ത് ആകാശും വലത്ത് അഭിഷേക് സിങ് തെക്‌ച്ചാമുമെത്തി. അപൂയക്ക് ഡിഫൻസീവ് മിഡ്‌ഫീൽഡറുടെ വേഷമായിരുന്നു.
ലല്ലിയൻസുവാല ചാങ്തെയും ലിസ്‌റ്റൺ കൊളാസോയും വിങ്ങർമാരായി. മധ്യത്തിൽ റയനായിരുന്നു. മൻവീർ സിങ്ങിന് ഗോളടിക്കാനുള്ള ചുമതലയും. മലയാളി താരങ്ങളായ ബിജോയ് വർഗീസും ആഷിഖ് കുരുണിയനും സഹൽ അബ്‌ദുൾ സമദും ആദ്യപതിനൊന്നിൽ ഇടംപിടിച്ചില്ല. എന്നാൽ ആഷിഖും ബിജോയിയും പകരക്കാരായി കളത്തിലെത്തി. ബിജോയിയുടെ അരങ്ങേറ്റമായിരുന്നു.
ഉശിരൻ തുടക്കമായിരുന്നു ഇന്ത്യയുടേത്. നാലാം മിനിറ്റിൽതന്നെ റയൻ ലീഡ് സമ്മാനിച്ചു. വലതുവശം മൻവീർ സിങ്ങിന്റെ മിന്നൽ നീക്കമാണ് ഗോളിൽ കലാശിച്ചത്. അഭിഷേക് തെക്‌ച്ചാമിൽനിന്നും കിട്ടിയ പന്തുമായി മാർക്ക് ചെയ്യപ്പെടാതിരുന്ന മൻവീർ കുതിച്ചു. കൃത്യമായ സ്ഥാനത്തുനിന്നുള്ള ക്രോസ് തടയാൻ ഹോങ്കോങ് പ്രതിരോധനിരയ്‌ക്ക് കഴിഞ്ഞില്ല. ഗോൾമുഖത്ത് ഓടിയെത്തിയ റയനിന് വലിയ പണിയേടുക്കേണ്ടി വന്നില്ല.
ഇടവേള കഴിഞ്ഞെത്തിയ ഉടൻ ഇന്ത്യ ലീഡുയർത്തി. ബെക്കെയുടെ നീളൻ ത്രോബോൾ ഗോൾമുഖത്തെത്തി. അപകടമൊഴിവാക്കാനുള്ള പരിഭ്രമത്തിനിടയിൽ എതിരാളിക്ക് പിഴച്ചു. മുന്നിലെത്തിയ പന്ത് ആകാശ് വലയിലേക്ക് പായിച്ചു. രണ്ട് ഗോളിന് മുന്നിലെത്തിയ ആതിഥേയർ പിന്നീട് തിരിഞ്ഞുനോക്കിയില്ല. 65–ാം മിനിറ്റിൽ എവർട്ടൺ കമാഗ്രോ ഒന്നടിച്ചെങ്കിലും ഇന്ത്യൻ വീര്യത്തെ തോൽപ്പിക്കാൻ അത് മതിയായിരുന്നില്ല.










0 comments