‘ജോയ് ബഗാൻ’: ഐഎസ്എൽ ഷീൽഡ് ഏറ്റുവാങ്ങി മോഹൻ ബഗാൻ

കൊൽക്കത്ത:
മോഹൻ ബഗാൻ സൂപ്പർ ജയന്റ് ആധികാരികമായി ഐഎസ്‌എൽ ലീഗ് ഷീൽഡ് ഉയർത്തി. എഫ്‌സി ഗോവയെ രണ്ടുഗോളിന് തകർത്ത് കരുത്തുകാട്ടി. പിന്നാലെ സ്വന്തംതട്ടകമായ കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 62,000 കാണികളെ സാക്ഷിയാക്കി ഷീൽഡ് ഏറ്റുവാങ്ങി.
പ്രാഥമികഘട്ടത്തിലെ 24 കളിയിൽ ഒന്നാമതെത്തുന്ന ടീമാണ് ഷീൽഡ് ജേതാക്കളാകുക. ഇത് ബഗാന്റെ തുടർച്ചയായ രണ്ടാംനേട്ടമാണ്. ഇത്തവണ റെക്കോഡുകൾ തീർത്താണ് ഹൊസെ മൊളീനയുടെ ടീം ചാമ്പ്യൻമാരായത്. 24 കളിയിൽ 17ലും ജയിച്ചു. രണ്ട് തോൽവി മാത്രം.
അഞ്ച് സമനിലയുണ്ട്. ആകെ 56 പോയിന്റ്. ഐഎസ്‌എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമുമായി. 15 കളിയിൽ ഗോൾവഴങ്ങിയിട്ടില്ല. 47 ഗോളടിച്ചപ്പോൾ വഴങ്ങിയത് പതിനാറെണ്ണം.
സീസണിലുടനീളം സ്ഥിരതയോടെയാണ് ബഗാൻ പന്തുതട്ടിയത്. ആദ്യകളികളിൽ തിരിച്ചടി കിട്ടിയെങ്കിലും അതിഗംഭീരമായി തിരിച്ചുവന്നു. എല്ലാനിരയിലും മികച്ച വിദേശ–-ഇന്ത്യൻ താരങ്ങളാണ് കരുത്ത്. ദിമിത്രി പെട്രാറ്റോസ്, ജാമി മക്‌ലാരൻ, ഗ്രെഗ് സ്റ്റുവർട്ട്, ജാസൺ കമ്മിങ്‌സ് എന്നിവർ ഉൾപ്പെട്ട മുന്നേറ്റനിര ഏത് എതിർപ്രതിരോധത്തെയും തച്ചുടയ്‌ക്കും. മലയാളിതാരങ്ങളായ സഹൽ അബ്‌ദുൽ സമദും ആഷിഖ് കുരുണിയനും മികച്ച പ്രകടനം നടത്തി.
പ്രതിരോധത്തിൽ ക്യാപ്‌റ്റൻ സുഭാശിഷ് ബോസ് തിളങ്ങി. ഗോളൊരുക്കാനും മുന്നിലുണ്ടായി. ഇരുപത്തൊന്നുകാരൻ ദീപേന്ദു ബിശ്വാസിന്റെ കളിയും കൈയടി നേടി. ഗോവയ്‌ക്കെതിരെ ബോറിസ് സിങ്ങിന്റെ പിഴവുഗോളിലൂടെ മുന്നിലെത്തിയ ബഗാന് സ്റ്റുവർട്ട് ജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 4–-0ന് ഈസ്റ്റ് ബംഗാളിനെ തകർത്തു. ഈസ്റ്റ് ബംഗാളിനായി മലയാളി താരങ്ങളായ ടി കെ ജെസിൻ, പി വിഷ്‌ണു, മുഹമ്മദ് റോഷാൽ, എൻ എസ് അനന്ദു എന്നിവർ കളത്തിലെത്തി. ഇതിൽ റോഷാലിന്റെയും അനന്ദുവിന്റെയും അരങ്ങേറ്റമായിരുന്നു. നോർത്ത് ഈസ്റ്റിനായി മറ്റൊരു മലയാളി കൗമാരതാരമായ മുഹമ്മദ് അർഷഫും ആദ്യ ഐഎസ്‌എല്ലിനിറങ്ങി.










0 comments