print edition ഇതിഹാസങ്ങൾ ഒരിക്കൽകൂടി

ന്യൂയോർക്ക്: ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മർ... ഒരു കാലഘട്ടത്തെ കാൽക്കീഴിലാക്കിയ ഇതിഹാസ താരങ്ങൾ 2026 ലോകകപ്പിന് ശേഷം ഒന്നിച്ച് വിടപറഞ്ഞേക്കും. ആറാം ലോകകപ്പിന് ബൂട്ടുകെട്ടുന്ന മെസിയും റൊണാൾഡോയും നാലാം ലോകകപ്പിനിറങ്ങുന്ന നെയ്‌മറും കിരീടനേട്ടത്തോടെ പടിയിറങ്ങാൻ കൈമെയ് മറന്ന് പോരിനിറങ്ങുന്പോൾ ലോകകപ്പ് ആവേശം സർവ അതിരുകളും ഭേദിക്കും. ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ബൽജിയത്തിന്റെ കെവിൻ ഡി ബ്രയ്‌ൻ, ജർമനിയുടെ മാനുവൽ നോയെ, ഇൗജിപ്‌തിന്റെ മുഹമ്മദ് സലാ, സെനെഗലിന്റെ സാദിയോ മാനെ എന്നിവരും അവസാന ലോകകപ്പിനാണ് ബൂട്ടുകെട്ടുന്നത്.
നേട്ടം ആവർത്തിക്കാൻ മെസി
കഴിഞ്ഞ തവണ ഖത്തറിൽ ഉയർത്തിയ സ്വപ്‌ന കിരീടം നിലനിർത്താനാണ് മെസി ഇറങ്ങുന്നത്. 38–ാം വയസിലും മികച്ച ഫോം തുടരുന്ന അർജന്റീന നായകൻ ഐസ്‌ലൻഡിനെതിരായ അവസാന സന്നാഹ മത്സരത്തിൽ ഗോളടിച്ച് ലോകകപ്പ് മുന്നൊരുക്കം മികച്ചതാക്കി. അഞ്ച് ലോകകപ്പുകളിലെ 26 മത്സരങ്ങളിൽ 13 ഗോളാണ് സന്പാദ്യം. എട്ട് ഗോളവസരവും ഒരുക്കി.
ആദ്യ കപ്പ് കൊതിച്ച് റൊണാൾഡോ
പ്രായം വെറുമൊരക്കമാണെന്ന് തെളിയിച്ച് 41–ാം വയസ്സിലും ഗോളടിച്ചുകൂട്ടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കന്നി ലോകകപ്പ് കൊതിച്ചാണ് ഇത്തവണയിറങ്ങുന്നത്. സൗദി പ്രോ ലീഗിലെ മിന്നും ഫോം തുടരാനാകുമെന്ന പ്രതീക്ഷയാണ് പോർച്ചുഗൽ നായകന്. അഞ്ച് ലോകകപ്പുകളിലെ 22 മത്സരങ്ങളിൽ എട്ട് ഗോളും രണ്ട് അസിസ്റ്റുമാണ് സന്പാദ്യം.
പരിക്കിനെ തോൽപ്പിക്കാൻ നെയ്‌മർ
വിശ്വകിരീടത്തിനായുള്ള ബ്രസീലിന്റെ 24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് നെയ്‌മർ എത്തുന്നത്. 2023 ഒക്‌ടോബർ 17ന് ശേഷം ആദ്യമായാണ് 34കാരൻ ബ്രസീൽ ജഴ്‌സിയണിയുന്നത്. മൂന്ന് ലോകകപ്പുകളിലെ 13 മത്സരങ്ങളിൽ എട്ട് ഗോൾ നേടി. മൂന്ന് ഗോളവസരവും ഒരുക്കി.









0 comments