ഫുട്ബോൾ താരം എംബാപ്പെയുടെ ഇടതുകാലിലെ പരിക്കിന് വലതുകാലിൽ പരിശോധന: ഗുരുതര വീഴ്ച

കിലിയൻ എംബാപ്പെ
മാഡ്രിഡ് : ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിൽ റയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എംബാപ്പെയുടെ ഇടതുകാൽമുട്ടിന് പരിക്കേറ്റപ്പോൾ മെഡിക്കൽ സംഘം എംആർഐ സ്‌കാൻ നടത്തിയത് വലതുകാലിനാണെന്ന് പ്രമുഖ കായിക മാധ്യമമായ 'ദി അത്‌ലറ്റിക്' റിപ്പോർട്ട് ചെയ്തു.
ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ ഇടതുകാൽമുട്ടിന് പരിക്കേറ്റത്. എന്നാൽ ഇടതുകാലിന് പകരം വലതുകാൽ പരിശോധിച്ച മെഡിക്കൽ സംഘം പ്രശ്‌നങ്ങളൊന്നുമില്ലെന്ന നിഗമനത്തിൽ താരത്തെ കളിക്കാൻ അനുവദിച്ചു. ഇതോടെ പരിക്കുമായി എംബാപ്പെ മൂന്ന് മത്സരങ്ങൾ കളിക്കുകയും പരിക്ക് ഗുരുതരമാവുകയും ചെയ്തു.
കാൽമുട്ടുവേദനയ്ക്ക് ശമനമില്ലാതെ വന്നതോടെ താരം പാരീസിൽ വിദഗ്ധ ചികിത്സ തേടിയപ്പോഴാണ് മെഡിക്കൽ ടീമിന് പറ്റിയ അബദ്ധം മനസ്സിലാകുന്നത്. ഇടതുകാൽമുട്ടിലെ ലിഗമെന്റിലെ പരിക്ക് അപ്പോഴേക്കും വഷളായിരുന്നു. ഈ വീഴ്ചയിൽ എംബാപ്പെ അങ്ങേയറ്റം രോഷാകുലനായെന്നും, തന്റെ സ്വകാര്യ മെഡിക്കൽ ടീമിലെ അംഗങ്ങളെ പിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. പോഷകാഹാരവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾക്കായി ക്ലബ്ബ് ഉദ്യോഗസ്ഥർ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകളെ ആശ്രയിച്ചതായി മുൻ ന്യൂട്രീഷ്യനിസ്റ്റ് ഇറ്റ്‌സിയാർ ഗോൺസാലസ് ആരോപിച്ചതും ഇപ്പോൾ വിവാദമായി.










0 comments