കാരബാവോ കപ്പിൽ ഗോൾമഴ; നോർവിച്ചിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി നാലാം റൗണ്ടിൽ

ഫ്ലോയ്ഡ് സാംബ| Photo:AFP
ലണ്ടൻ : കാരബാവോ കപ്പിൽ നോർവിച്ചിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി നാലാം റൗണ്ടിൽ. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ നോർവിച്ച് സിറ്റിയെ തകർത്തത്. പതിനേഴുകാരൻ അക്കാദമി താരം ഫ്ലോയ്ഡ് സാംബ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ യുവനിരയുടെ മികവിലാണ് സിറ്റി നാലാം റൗണ്ട് ഉറപ്പിച്ചത്.
പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചെങ്കിലും മൈതാനത്ത് സിറ്റിയുടെ ആധിപത്യത്തിന് കുറവുണ്ടായില്ല. 29-ാം മിനിറ്റിൽ മികച്ച ഹെഡറിലൂടെ ഫ്ലോയ്ഡ് സാംബയാണ് സിറ്റിയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് 32-ാം മിനിറ്റിൽ റയാൻ ചെർക്കി ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലബ്ബിലെ തൻ്റെ കന്നി മത്സരത്തിനിറങ്ങിയ ബ്രസീലിയൻ താരം അലൻ മികച്ച ഗോളിലൂടെ സ്കോർ 3-0 ആക്കി.
54-ാം മിനിറ്റിൽ സാംബ വീണ്ടും ഗോൾ നേടിയതോടെ സിറ്റിയുടെ വിജയം പൂർണമായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ റയാൻ മക്ഐഡൂ അഞ്ചാം ഗോളും നേടി. മത്സരത്തിലുടനീളം 65 ശതമാനത്തിലധികം ബോൾ പൊസഷൻ നിലനിർത്തിയ സിറ്റിക്കെതിരെ ഒരു ഭീഷണിയും ഉയർത്താൻ നോർവിച്ചിനായില്ല. ടൂർണമെന്റിന്റെ അടുത്ത റൗണ്ടിൽ ബ്രൈറ്റൺ ആൽബിയനാണ് ഇത്തിഹാദിൽ സിറ്റിയുടെ എതിരാളികൾ.









0 comments