കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്... കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
നേവൽ ബേസ് പരിസരം, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, ദേശാഭിമാനി-പുന്നക്കൽ റോഡ്, ഇടപ്പള്ളി ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
ആലുവ-പാലാരിവട്ടം പിഡബ്ല്യുഡി റോഡിൽ ഭാഗികമായി ഗതാഗതം നിയന്ത്രിക്കും. വാതുരുത്തി ജങ്ഷനിൽ നിന്ന് തുടങ്ങി തേവര, എം.ജി റോഡ്, ബാനർജി റോഡ്, കലൂർ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള വിവിഐപി റൂട്ടിൽ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണമായി നിരോധിച്ചു.
സുരക്ഷയുടെ ഭാഗമായി വെള്ളിയാഴ്ച സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിലുടനീളം ഡ്രോണുകൾ പറത്തുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആലുവയിൽനിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂർ-കതൃക്കടവ് റോഡ് വഴി തിരിഞ്ഞുപോകണം.
ആലുവ, പറവൂർ ഭാഗങ്ങളിൽനിന്ന് ഹൈക്കോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കണം.
കാക്കനാടുനിന്ന് ഹൈക്കോടതി ഭാഗത്തേക്ക് പോകുന്നവർ പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജങ്ഷനിലെത്തി ഫ്രീ ലെഫ്റ്റെടുത്ത് കണ്ടെയ്‌നർ റോഡിലെത്തി യാത്ര തുടരണം.
തോപ്പുംപടിയിൽനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നവർ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം വഴി പോകണം.
ആലുവയിൽനിന്ന് ഫോർട്ട്കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി ഗ്രാൻഡ് മാളിന് മുന്നിലൂടെ എൻ.എച്ച്. 66 വഴി വൈറ്റില, കുണ്ടന്നൂർ, തോപ്പുംപടി വഴി യാത്രചെയ്യണം.
വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്‌നർ റോഡ് ഭാഗത്തുനിന്ന് കലൂർ, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് വഴി യാത്ര ചെയ്യണം.
വൈപ്പിനിൽനിന്ന് തോപ്പുംപടി ഭാഗത്തേക്ക് പോകുന്നവർ ഫോർട്ട്കൊച്ചി-വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കുക.









0 comments