ad
Deshabhimani

print edition ആൻഫീൽഡിൽ സിറ്റി ; ലിവർപൂൾ തട്ടകത്തിൽ നാടകീയ ജയം

manchestercity

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ 
മക് അല്ലിസ്റ്ററുടെ ഷോട്ട് തടയുന്ന മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ ദൊന്നരുമ്മ

വെബ് ഡെസ്ക്

Published on Feb 10, 2026, 03:53 AM | 1 min read


ലണ്ടൻ

ആൻഫീൽഡിൽ വിജയച്ചിരിയുമായി മാഞ്ചസ്‌റ്റർ സിറ്റി. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ ആവേശപ്പോരിൽ ലിവർപൂളിനെ 1–2നാണ്‌ സിറ്റി വീഴ്‌ത്തിയത്‌. നാടകീയ നിമിഷങ്ങൾ നിറഞ്ഞ കളിയിൽ എർലിങ്‌ ഹാലണ്ടിന്റെ പരിക്കുസമയത്തെ പെനൽറ്റി ഗോളിലാണ്‌ ജയം സ്വന്തമാക്കിയത്‌. ഇതോടെ ഒന്നാമതുള്ള അഴ്‌സണലുമായുള്ള അന്തരം ആറ്‌ പോയിന്റാക്കി ചുരുക്കാൻ പെപ്‌ ഗ്വാർഡിയോളയുടെ സംഘത്തിന്‌ കഴിഞ്ഞു. ലീഗിൽ 13 മത്സരങ്ങളാണ്‌ ഇനി ശേഷിക്കുന്നത്‌.


ലിവർപൂൾ തട്ടകമായ ആൻഫീൽഡിൽ 2021നുശേഷം ആദ്യമായാണ്‌ സിറ്റി ജയം നേടുന്നത്‌. കളി തീരാൻ 16 മിനിറ്റ്‌ ശേഷിക്കെ ഡൊമിനിക്‌ സൊബൊസ്‌ലായിയുടെ ഉശിരൻ ഫ്രീകിക്കിൽ ലിവർപൂൾ ലീഡ്‌ നേടി. എന്നാൽ പത്ത്‌ മിനിറ്റിനുള്ളിൽ ബെർണാഡോ സിൽവയുടെ തകർപ്പൻ ഗോളിൽ സിറ്റി ഒപ്പമെത്തി. പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റിൽ ലീഡും സ്വന്തമാക്കി. മതിയൂസ്‌ ന്യൂനെസിനെ ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ബെക്കർ വീഴ്‌ത്തിയതിന്‌ റഫറി പെനൽറ്റി വിധിച്ചു. ഹാലണ്ടിന്റെ കിക്ക്‌ വലയിലെത്തിയതോടെ സിറ്റി ആരാധകർ ആവേശത്തിലായി.


അടുത്ത നിമിഷം ലിവർപൂൾ ഗോളിന്‌ അടുത്തെത്തി. അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്ററിന്റെ കരുത്തുറ്റ ഷോട്ട്‌ സിറ്റി ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ ഒറ്റക്കയ്യാൽ കുത്തിയകറ്റുകയായിരുന്നു. ഇതിനിടെ അലിസൺ ഉൾപ്പെടെ ലിവർപൂൾ ടീം ഒന്നടങ്കം സിറ്റി ഗോൾ മേഖലയിലേക്ക്‌ കുതിച്ചു. സിറ്റി അത്‌ മുതലാക്കി. മധ്യവരയ്‌ക്ക്‌ പിന്നിൽനിന്ന്‌ റ്യാൻ ചെർക്കി പന്ത്‌ തട്ടുന്പോൾ ലിവർപൂൾ ഗോൾ മുഖത്ത്‌ ആരുമുണ്ടായില്ല. തടയാൻ സൊബൊസ്‌ലായിയും തൊടുക്കാൻ ഹാലണ്ടും ഒപ്പത്തിനൊപ്പം ഓടി.


ബോക്‌സിലേക്കെത്തിയ ഘട്ടത്തിൽ സൊബൊസ്‌ലായി ഹാലണ്ടിനെ വലിച്ചിട്ടു. പന്ത്‌ അപ്പോഴേക്കും വലയിലെത്തി. ആദ്യം ഗോൾ അനുവദിച്ച റഫറി വാർ പരിശോധനയിൽ തീരുമാനം തിരുത്തി. ഹാലണ്ടിനെ വലിച്ചിട്ടതിന്‌ സൊബൊസ്‌ലായിക്ക്‌ ചുവപ്പുകാർഡ്‌. സിറ്റിയുടെ ഗോളും റദ്ദാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home