print edition മരവിച്ചു മാന്ത്രികവടി

ന്യൂയോർക്ക്: ആ മാന്ത്രിക നിമിഷങ്ങൾ ഇത്തവണയുണ്ടായില്ല. ലോകകപ്പിലുടനീളം ഹൃദയം കൊണ്ട് പൊരുതിയ അർജന്റീനയായിരുന്നില്ല ഫൈനലിൽ. ലയണൽ മെസിക്കും കൂട്ടർക്കും സ്‌പാനിഷ് തന്ത്രങ്ങൾ അതിജീവിക്കാനുള്ള കെൽപ്പുണ്ടായില്ല. നിരുപാധിക കീഴടങ്ങൽ. മെസി ഉൾപ്പെട്ട ലാറ്റിനമേരിക്കൻ സംഘത്തിന് നിശ്ചിതസമയം സ്‌പെയ്‌ൻ വലയിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായില്ല. നോക്കൗട്ടിൽ നാടകീയ തിരിച്ചുവരവുകൾ നടത്തി വിസ്‌മയിപ്പിച്ച അർജന്റീനയ്‌ക്ക് നിർണായക മത്സരത്തിൽ അതാവർത്തിക്കാനുമായില്ല.
സ്‌പെയ്നിന്റെ പാസൊഴുക്ക് ശാരീരിക മേൽക്കോയ്‌മയിൽ തടയാനായിരുന്നു അർജന്റീന ശ്രമിച്ചത്. ഓരോ കളിക്കാരനെയും മാർക്ക് ചെയ്‌ത് പന്ത് തൊടുന്നതിന് മുമ്പെ എതിർക്കുക എന്നതായിരുന്നു രീതി. അലെക്‌സിസ് മക് അലിസ്‌റ്ററിനായിരുന്നു കോച്ച് ലയണൽ സ്‌കലോണി ഇൗ ചുമതല നൽകിയത്. അമിതഫൗളിനെ തുടർന്ന് അലിസ്‌റ്റർക്ക് മഞ്ഞക്കാർഡ് കിട്ടുകയും ചെയ്‌തു. ലാറ്റിനമേരിക്കക്കാരുടെ ഇൗ പദ്ധതി ക്ഷമയോടെ സ്‌പെയ്‌ൻ തൂത്തെറിഞ്ഞു. പ്രകോപിച്ചപ്പോഴെല്ലാം അവർ ക്ഷമയോടെ നേരിട്ടു. സ്വന്തം കളിശൈലിയിൽ വിശ്വസിച്ച് പന്തുതട്ടി. അർജന്റീനയുടെ ആക്രമണമുഖമായ മെസിയിലേക്കുള്ള പന്തുകളെല്ലാം കൃത്യമായി അടച്ചു. 120 മിനിറ്റിൽ കളത്തിൽ ചെലവഴിച്ചെങ്കിലും 54 തവണയാണ് മെസിക്ക് പന്ത് തൊടാനായത്. 27 പാസുകൾ മാത്രം കൈമാറി. എതിർവലയിലേക്ക് ഒറ്റ പന്ത് പോലും തൊടുക്കാനായില്ല. മെസിയെ പൂട്ടിയിട്ടതോടെ സ്‌പെയ്‌നിന് കാര്യങ്ങൾ എളുപ്പമായി.
ഇടതുഭാഗത്ത് നികോളാസ് ഗോൺസാലസ് മങ്ങിയതും അർജന്റീനയ്‌ക്ക് തിരിച്ചടിയായി. വിങ്ങുകളിലെ ആക്രമണം കൂട്ടാനായിരുന്നു സ്‌കലോണി ഗോൺസാലസിനെ കൊണ്ടുവന്നത്. ഇത് പാളി. രണ്ടാംപകുതിയിൽ പിൻവലിച്ചു. പകരമെത്തിയ ലിയാൻഡ്രോ പരെദെസിനും മുൻ മത്സരങ്ങളിലെ മികവ് തുടരാനായില്ല. പരുക്കൻ കളി പുറത്തെടുക്കുകയും ചെയ്‌തു മധ്യനിരക്കാരൻ. 43–ാം മിനിറ്റിൽ പരിക്കേറ്റ് പ്രതിരോധക്കാരൻ ലിസാൻഡ്രോ മാർട്ടിനെസ് പുറത്തായതും താളം നഷ്ടപ്പെടുത്തി.
സ്‌കലോണിക്ക് തീർച്ചയില്ല
അർജന്റീന പരിശീലകനായി തുടരുന്ന കാര്യത്തിൽ ലയണൽ സ്‌കലോണിക്ക് തീർച്ചയില്ല. ഡിസംബറിൽ നാൽപ്പത്തെട്ടുകാരന്റെ കരാർ അവസാനിക്കും. 2018 മുതൽ ചുമതലയിലുണ്ട് മുൻ താരം. സ്‌പെയ്‌നിനെതിരായ ഫൈനൽ തോൽവിക്കുശേഷം സ്‌കലോണി മനസ്സുതുറന്നു. ‘ഇനിയെന്ത് ചെയ്യണമെന്ന് ഇപ്പോൾ ആലോചിക്കുന്നില്ല. ഡിസംബറിൽ കരാർ പൂർത്തിയാക്കും. ബാക്കിയെല്ലാം പിന്നീടാണ്. ഇതിലും വലുതായി ഇനിയൊന്നും ചെയ്യാനാകുമോ എന്നറിയില്ല’–സ്‌കലോണി പറഞ്ഞു. ഫൈനലിൽ ടീം പരമാവധി ശ്രമിച്ചതായും പരിശീലകൻ കൂട്ടിച്ചേർത്തു. കണ്ണീരണിഞ്ഞ് വാക്കുകൾ ഇടറി വാർത്താസമ്മേളനം പൂർത്തിയാക്കാതെയാണ് അർജന്റീന കോച്ച് മടങ്ങിയത്. ലാറ്റിനമേരിക്കൻ ടീമിന് 2022 ലോകകപ്പ്, രണ്ട് കോപ അമേരിക്ക, ഒരു ഫൈനലിസിമ ട്രോഫികൾ സമ്മാനിച്ച പരിശീലകനാണ് സ്‌കലോണി.
തല്ലുണ്ടാക്കിയ പരെദെസിന് ചുവപ്പ്‌കാർഡ്
ഫൈനലിനുശേഷം സ്‌പെയ്‌ൻ താരങ്ങളെ ആക്രമിച്ച അർജന്റീന കളിക്കാരൻ ലിയാൻഡ്രോ പരെദെസിന് ചുവപ്പ് കാർഡ് ലഭിച്ചു. വിജയാഘോഷത്തിലായിരുന്ന എതിർ ടീം താരത്തിന്റെ വയറ്റിൽ അർജന്റീനയുടെ നഹുവേൽ മോളീന ഇടിച്ചതായി ആരോപണമുയർന്നു. സ്‌പെയ്‌ൻ കളിക്കാർ ഇതിനെതിരെ പ്രതികരിച്ചപ്പോൾ പരെദെസ് രംഗത്തെത്തുകയും കായികമായി നേരിടുകയുമായിരുന്നു. എറിക് ഗാർഷ്യയെ ചവിട്ടി വീഴ്‌ത്തിയ പരെദെസ് യുവതാരം ഗാവിയെ കഴുത്തിന് പിടിച്ച് തള്ളി നിലത്തിട്ടു. ഇതിന് പിന്നാലെയാണ് ചുവപ്പ് കാർഡ് കിട്ടിയത്.
കളിക്കിടെ സ്‌പാനിഷ് യുവതാരം പൗ കുബാർസിയെ ഫൗൾ ചെയ്‌ത അർജന്റീനയുടെ എൺസോ ഫെർണാണ്ടസ് രണ്ടാമത്തെ മഞ്ഞകാർഡ് വാങ്ങി പുറത്തായിരുന്നു.









0 comments