print edition തുടരും എംബാപ്പെ കാലം

‘ലോകകപ്പ് ചരിത്രത്തിലെ മികച്ച ഗോളടിക്കാരനായി അറിയപ്പെടാനല്ല; ഫൈനൽ കളിക്കുന്ന താരമാകാനാണ് ആഗ്രഹിച്ചത്. അതായിരുന്നു പ്രധാനം.: കിലിയൻ എംബാപ്പെ ഫ്രഞ്ച് ക്യാപ്‌റ്റൻ
മയാമി: ചരിത്രം മാറ്റിക്കുറിച്ച് കിലിയൻ എംബാപ്പെ മടങ്ങി. തുടർച്ചയായ മൂന്നാം ലോകകപ്പിലും പേര് അടയാളപ്പെടുത്തി ഫ്രഞ്ചുകാരൻ അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ ഇരട്ടഗോളടിച്ച് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി. 22 മത്സരത്തിൽ 22 ഗോളാണ്.
രണ്ടാമതുള്ള അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിക്ക് 21. ഇൗ പതിപ്പിലാണ് ഇരുവരും ജർമൻകാരൻ മിറോസ്ലാവ് ക്ലോസെയുടെ (16) റെക്കോഡ് തിരുത്തിയത്. ഇത്തവണ ലോകകപ്പിൽ 10 ഗോളുമായി എംബാപ്പെയ്‌ക്ക്. ഗോൾഡൻ ബൂട്ടിനായുള്ള പോരിൽ മെസിയേക്കാൾ (8) മുന്നിലെത്തി.
എട്ട് മത്സരത്തിൽ പത്ത് ഗോളും നാല് അവസരവുമാണ് ഇത്തവണ ഫ്രാൻസ് ക്യാപ്‌റ്റന്. 769 മിനിറ്റാണ് കളിച്ചത്. കഴിഞ്ഞ തവണ ഖത്തറിൽ എട്ട് ഗോളുമായി ഗോൾഡൻ ബൂട്ട് ജേതാവായി. 2018 റഷ്യയിൽ നാല് ഗോളടിച്ച് മികച്ച ഭാവി വാഗ്‌ദാനമായിരുന്നു.
ഗോളടിയിൽ റെക്കോഡ് തിരുത്തിയെങ്കിലും സന്തോഷവാനല്ല എംബാപ്പെ. ഇതിലും വലുത് ഫൈനൽ കളിക്കുന്നതാണെന്നും കിരീടമുയർത്തുന്നതാണെന്നും ഇരുപത്തേഴുകാരൻ പറഞ്ഞു. മെസി ഇനിയും കൂടുതൽ ലക്ഷ്യം കാണുമെന്നും മുന്നേറ്റക്കാരൻ അഭിപ്രായപ്പെട്ടു. ഒരു പതിപ്പിൽ 10 ഗോളടിക്കുന്ന നാലാമത്തെ മാത്രം താരമാണ് എംബാപ്പെ. 1970ൽ ജർമനിയുടെ യെർദ് മുള്ളറിന് ശേഷമാണ് ഒരു കളിക്കാരൻ ഇൗ നേട്ടം സ്വന്തമാക്കുന്നത്.










0 comments