കെപിഎൽ ഫുട്‌ബോൾ സെമി ; കെഎസ്‌ഇബി x മുത്തൂറ്റ് , പൊലീസ് x വയനാട് യുണൈറ്റഡ്

മുത്തൂറ്റിനെതിരെ കേരള പൊലീസിന്റെ വിജയഗോൾ നേടിയ സൽമാൻ ഫാരിസിനെ (ഇടത്ത്) സഹതാരങ്ങൾ അഭിനന്ദിക്കാനെത്തുന്നു
കോഴിക്കോട്
98 ദിവസങ്ങൾക്കും 78 മത്സരങ്ങൾക്കുംശേഷം കേരള പ്രീമിയർ ലീഗ് ഫുട്‌ബോൾ സെമി പോരാട്ടങ്ങളിലേക്ക് കടക്കുന്നു. ബുധനാഴ്‌ച കെഎസ്‌ഇബി മുത്തൂറ്റ് എഫ്‌എയെയും വ്യാഴാഴ്‌ച കേരള പൊലീസ് വയനാട് യുണൈറ്റഡിനെയും നേരിടും. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ് മത്സരം. 11ന് ഇതേ വേദിയിലാണ് കലാശപ്പോരാട്ടം.
മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടന്ന പൊലീസ്–-മുത്തൂറ്റ് അവസാന റൗണ്ട് മത്സരത്തോടെയാണ് സെമി ലൈനപ്പ് വ്യക്തമായത്. കളി 2–-1ന് പൊലീസ് ജയിച്ചു. പിന്നിട്ടുനിന്നശേഷമായിരുന്നു കലക്കൻ തിരിച്ചുവരവ്. എസ് ദേവദത്തിലൂടെ മുത്തൂറ്റ് ലീഡെടുത്തു. എന്നാൽ കെ ഫിറോസും പി സൽമാൻ ഫാരിസും പൊലീസ് പടയ്‌ക്കായി നിറയൊഴിച്ചു. പതിനാല് ക്ലബ്ബുകൾ പോരാടിയ ലീഗിൽ ഓരോ ടീമിനും 13 കളിയായിരുന്നു. 30 പോയിന്റുള്ള കെഎസ്‌ഇബിയാണ് ഒന്നാമതെത്തിയത്. പൊലീസ് 28 പോയിന്റുമായി രണ്ടാമത്. മുത്തൂറ്റ് (27) മൂന്നും വയനാട് യുണൈറ്റഡ് (24) നാലും സ്ഥാനങ്ങളിൽ അവസാനിപ്പിച്ചു.
സെമിയിലെത്തിയ ടീമുകളിൽ കെഎസ്‌ഇബിയൊഴികെ മറ്റാരും ഇതുവരെയും കിരീടം നേടിയിട്ടില്ല. കഴിഞ്ഞ സീസൺ മുതൽ വിദേശ കളിക്കാരില്ലാതെയാണ് ലീഗ് നടക്കുന്നത്. കേരള യുണൈറ്റഡായിരുന്നു നിലവിലെ ജേതാക്കൾ. അവസാന സ്ഥാനത്തായ എഫ്‌സി കേരളയും സെന്റ് ജോസഫ് കോളേജ് ദേവഗിരിയും പുറത്തായി.










0 comments