കെപിഎൽ കിക്കോഫ് 27ന് ; കോഴിക്കോടും മഞ്ചേരിയും വേദികൾ

കെപിഎൽ ചാമ്പ്യൻമാർക്കുള്ള ട്രോഫിയുമായി പതിനാല് ടീമിന്റെയും ക്യാപ്റ്റൻമാർ
കോഴിക്കോട്
കേരള പ്രീമിയർ ലീഗ് (കെപിഎൽ) ഫുട്‌ബോളിന്റെ 12–-ാംപതിപ്പിന് 27ന് തുടക്കമാകും. മലപ്പുറം മഞ്ചേരിക്കടുത്ത് പയ്യനാട് സ്‌റ്റേഡിയത്തിൽ ഗോകുലം കേരള എഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ഉദ്‌ഘാടനമത്സരം. മഞ്ചേരിയെ കൂടാതെ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയവും വേദിയാകും. ഏപ്രിൽ അവസാനവാരം കോഴിക്കോട്ടാണ് ഫൈനൽ. 14 ടീമുകൾ പങ്കാളികളാകുന്ന ലീഗിൽ 94 മത്സരങ്ങളുണ്ട്. എല്ലാ കളിയും പകൽ മൂന്നരയ്‌ക്കാണ്.
കോവളം എഫ്‌സി, കേരള പൊലീസ്, കെഎസ്‌ഇബി, ഗോൾഡൻ ത്രെഡ്‌സ്, എഫ്‌സി കേരള, കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, പിഎഫ്‌സി കേരള, മുത്തൂറ്റ് എഫ്‌എ, റിയൽ മലബാർ എഫ്‌സി, വയനാട് യുണൈറ്റഡ് എഫ്‌സി, ഇന്റർ കേരള എഫ്‌സി, സെന്റ് ജോസഫ് കോളേജ് ദേവഗിരി എന്നീ ടീമുകളാണ് ലീഗിൽ. നിലവിലെ റണ്ണറപ്പുകളായ സാറ്റ് തിരൂർ പിൻമാറി. ഇന്റർ കേരളയാണ് പുതുമുഖ ടീം.
എല്ലാ മത്സരങ്ങളും സ്‌കോർലൈൻ സ്‌പോർട്‌സ് യൂട്യൂബ് ചാനലിൽ തത്സമയം കാണാമെന്ന് കെഎഫ്‌എ പ്രസിഡന്റ് നവാസ് മീരാൻ, വൈസ് പ്രസിഡന്റ് പി ഹരിദാസ്, അഡ്‌മിനിസ്ട്രേഷൻ മേധാവി ഷാജി സി കുര്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജർമനിയുമായി കൈകോർക്കാൻ കേരളം
അണ്ടർ 17 മത്സരങ്ങളിൽ ജർമൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരള ഫുട്‌ബോൾ അസോസിയേഷൻ. പുതിയ കോച്ചുകളെയും താരങ്ങളെയും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അസോസിയേഷൻ ഭാരവാഹികൾ ഇന്ന് ജർമനിയിലേക്ക് പുറപ്പെടും.
ജർമൻ ക്ലബ്ബുകളുമായി സഹകരണം ഉറപ്പാക്കുക ലക്ഷ്യമിടുന്നു. അടുത്ത വർഷം സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുന്ന എട്ട് ടീമുകളും ജർമനിയിലെ തേർഡ് ഡിവിഷൻ ഫുട്ബാൾ ക്ലബുകളുമായി സഹകരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.










0 comments