ad
Deshabhimani

വിജയമാർച്ച്‌

kpl

കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് സെമിയിൽ വയനാട് യുണൈറ്റഡിനെതിരെ കേരള പൊലീസിന്റെ 
വിജയ ഗോൾ നേടിയ ഷബാസ് അഹമ്മദ് (25) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ ഫോട്ടോ / മിഥുൻ അനില മിത്രൻ

avatar
അജിൻ ജി രാജ്‌

Published on May 09, 2025, 03:29 AM | 1 min read


കോഴിക്കോട്

കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനലിലേക്ക്‌ കേരള പൊലീസിന്റെ വിജയമാർച്ച്‌. സെമിയിൽ പൊരുതിക്കളിച്ച വയനാട് യുണൈറ്റഡിനെ ഒരു ഗോളിന്‌ കീഴടക്കി. പ്രതിരോധക്കാരൻ ഷബാസ് അഹമ്മദാണ് വിജയഗോൾ നേടിയത്. പൊലീസിന്റെ രണ്ടാം ഫൈനലാണ്‌. 2015ൽ എസ്ബിടിയോട് തോറ്റു.


ഞായറാഴ്‌ച രാത്രി എഴിന് മുത്തൂറ്റ് എഫ് എയുമായാണ് ഫൈനൽ. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയമാണ് വേദി. ഇരുടീമുകളും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.


സീസണിന്റെ തുടക്കം കിതച്ച പൊലീസ്, പരിശീലകൻ സിദ്ധിഖ് കല്യാശേരിക്കുകീഴിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരികയായിരുന്നു. രണ്ടാം സ്ഥാനക്കാരായാണ് സെമി ഉറപ്പിച്ചത്. തുടർച്ചയായ രണ്ടാം സെമിക്കിറങ്ങിയ പൊലീസ് ആദ്യപകുതിയിൽ കിട്ടിയ അവസരങ്ങളെല്ലാം തുലച്ചു. മൂന്നാം മിനിറ്റിൽ മുന്നിലെത്താനുള്ള വഴിയുണ്ടായി.


മധ്യനിരക്കാരൻ എൻ എസ് സുജിലിനെ ബോക്‌സിൽ വീഴ്‌ത്തിയതിന് കിട്ടിയ പെനൽറ്റി ഇ സജീഷിന് മുതലാക്കാനായില്ല. ശക്തിയേറിയ ഷോട്ട് ബാറിൽ തട്ടി മടങ്ങി. ഇതിനിടെ ഫ്‌ളഡ്‌ലിറ്റ്‌ തകരാറിലായതിനെ തുടർന്ന് കളി എട്ട് മിനിറ്റോളം നിർത്തിവച്ചു. ആദ്യപകുതി അവസാനിക്കുംമുമ്പ്‌ സജീഷിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങി.


വയനാടിന്റെ മുന്നേറ്റത്തോടെയാണ്‌ രണ്ടാംപകുതി തുടങ്ങിയത്. സി സനൂപിന്റെ മികച്ച നീക്കം പൊലീസ് ഗോൾകീപ്പർ മുഹമ്മദ് അസ്ഹർ നിഷ്‌പ്രഭമാക്കി. എൺപതാം മിനിറ്റിൽ പൊലീസ് കാത്തിരുന്ന നിമിഷമെത്തി. ജംഷിദിന്റെ ഫ്രീകിക്കിൽനിന്നായിരുന്നു തുടക്കം. വലതുമൂലയിൽനിന്ന് ഈ മധ്യനിരക്കാരനെടുത്ത കിക്ക് വയനാട് പ്രതിരോധമതിലിൽ തട്ടി ഷബാസിലേക്ക്. ഓടിവന്നുള്ള ഇടംകാലടിക്ക് മറുപടിയുണ്ടായില്ല. ശേഷിച്ച പത്ത് മിനിറ്റിൽ വയനാട് പൊരുതിനോക്കിയെങ്കിലും ക്യാപ്‌റ്റൻ ജി സഞ്ജു നയിച്ച പൊലീസ് പ്രതിരോധം വിട്ടുകൊടുത്തില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home