ad
Deshabhimani

ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ അഭിമാനമായ കേരള പൊലീസ് രൂപീകരിച്ചിട്ട് 
നാല് പതിറ്റാണ്ട്

ഓർമകളിൽ ആ ഗോളടിക്കാലം ; കേരള പൊലീസ് ഫുട്ബോൾ ടീമിന് 40 വയസ്സ്

kerala police football team

കേരള പൊലീസ് ടീം (പഴയകാലചിത്രം)

വെബ് ഡെസ്ക്

Published on Feb 06, 2025, 12:15 AM | 1 min read

കൊച്ചി : ഇന്ത്യൻ ഫുട്‌ബോളിൽ കേരളത്തെ അടയാളപ്പെടുത്തിയ കേരള പൊലീസിന്‌ 40 തികയുന്നു. വിസ്‌മരിക്കപ്പെടാത്ത സുവർണകാലം സമ്മാനിച്ച കേരള പൊലീസ്‌ ഫുട്‌ബോൾ ടീം രൂപീകരിച്ചിട്ട്‌ 40 വർഷമായി. 1984ലായിരുന്നു ചരിത്രത്തിൽ ഇടംപിടിച്ച ആ പിറവി. പിന്നീടുള്ള ഒന്നരപ്പതിറ്റാണ്ട്‌ ഇന്ത്യയുടെ മേൽവിലാസമായി കേരള പൊലീസ്‌ ടീം മാറി. ഐ എം വിജയനും വി പി സത്യനും ഉൾപ്പെടെ പൊലീസ്‌ കുപ്പായമിട്ട ഒമ്പത്‌ താരങ്ങൾ ഇന്ത്യക്ക്‌ കളിച്ചു. ഇടക്കാലത്ത്‌ ഒന്ന്‌ മങ്ങിയെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ്‌ പൊലീസ്‌ പട. കേരള പ്രീമിയർ ലീഗിലും മറ്റു അഖിലേന്ത്യാ ടൂർണമെന്റുകളിലും സജീവമാണ്‌.


ഡിജിപിയായിരുന്ന എം കെ ജോസഫിന്റെയും ഡിഐജി ഗോപിനാഥന്റെയും നേതൃമികവിലാണ്‌ 1984ൽ പൊലീസ്‌ സ്വന്തമായി ഫുട്‌ബോൾ ടീം രുപീകരിച്ചത്‌. രണ്ടുവർഷമെടുത്തു ആദ്യമായി കപ്പുയർത്താൻ. 1986ൽ മാമ്മൻ മാപ്പിള ടൂർണമെന്റിലായിരുന്നു അത്‌. പിന്നീട്‌ അനുപമമായ നേട്ടങ്ങളുടെ കാലമായിരുന്നു. ആരാധകരെ കോരിത്തരിപ്പിച്ച വിജയങ്ങൾ. കൊൽക്കത്തയിലെയും ഗോവയിലെയും ഹൈദരാബാദിലെയും വമ്പൻമാർ കേരള കരുത്തിനുമുന്നിൽ തലകുനിച്ചു. 1990ലും 91ലും ഫെഡറേഷൻ കപ്പുയർത്തിയതോടെ സൂപ്പർ ടീമെന്ന ഖ്യാതിയായി.


കേരളം രാജ്യത്തിന്‌ സംഭാവന നൽകിയ ഇതിഹാസതാരം വിജയനെ കണ്ടെത്തിയതും രൂപപ്പെടുത്തിയതും പൊലീസായിരുന്നു. സത്യൻ, യു ഷറഫലി, പി പി തോബിയാസ്‌, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, കുരികേശ്‌ മാത്യു, കെ എ അൻസൺ, സി ജാബിർ എന്നിവരും പൊലീസ്‌ കുപ്പായമിട്ടശേഷം ഇന്ത്യക്കായി അരങ്ങേറി. പലരും ദേശീയ ടീം ക്യാപ്‌റ്റൻമാരുമായി. പൊലീസ്‌ ടീമിനെ ഉന്നതിയിൽ എത്തിക്കുന്നതിൽ പരിശീലകരുടെ പങ്കും ചെറുതല്ല. ടി കെ ചാത്തുണ്ണി, ടി എ ജാഫർ, എ എം ശ്രീധരൻ എന്നിവരുടെ തന്ത്രങ്ങളിലാണ്‌ ജയം കൊയ്‌തത്‌.


ആഘോഷം 
തിരുവനന്തപുരത്ത്‌

കേരള പൊലീസ്‌ ഫുട്‌ബോൾ ടീമിന്റെ 40–-ാം വാർഷിക ആഘോഷം തിരുവനന്തപുരത്ത്‌ നടക്കും. ശനിയാഴ്‌ച ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുൻ താരങ്ങൾ ഉൾപ്പെടുന്ന പ്രദർശന മത്സരവും അരങ്ങേറും. മന്ത്രി വി ശിവൻകുട്ടിയാണ്‌ ഉദ്‌ഘാടനം.


kerala police football team



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home