ഉയിർത്തു ബ്ലാസ്റ്റേഴ്സ് ; ഈസ്റ്റ് ബംഗാളിനെ 2–0ന് തോൽപ്പിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയ നോഹ സദൂയിയെ (ഇടത്ത്) സഹതാരങ്ങൾ എടുത്തുയർത്തുന്നു

Sports Desk
Published on Apr 21, 2025, 12:12 AM | 2 min read
ഭുവനേശ്വർ : ഈസ്‌റ്റർ ദിനത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉയിർത്തെഴുന്നേൽപ്പ്. ഐഎസ്‌എൽ ഫുട്‌ബോളിലെ മോശം പ്രകടനത്തിനുശേഷം കലിംഗ സൂപ്പർ കപ്പിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്‌തു (2–-0). ഹെസ്യൂസ് ഹിമിനെസും നോഹ സദൂയിയുമാണ് ഗോളടിച്ചത്. പുതിയ പരിശീലകൻ ഡേവിഡ് കറ്റാല ബ്ലാസ്‌റ്റേഴ്‌സിലെ അരങ്ങേറ്റം ഉജ്വലമാക്കി. 26ന് നടക്കുന്ന ക്വാർട്ടറിൽ ഐഎസ്‌എൽ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് എതിരാളി.
ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ പക്വതയാർന്ന കളിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. ഐഎസ്‌എല്ലിലെ പിഴവുകൾ തിരുത്തുന്നതിന്റെ ലക്ഷണം കാട്ടി. കോച്ച് കറ്റാല പോരായ്‌മകൾ തിരിച്ചറിഞ്ഞുള്ള കളിശൈലിയായിരുന്നു രൂപപ്പെടുത്തിയത്. പ്രതിരോധം ശക്തിപ്പെടുത്തി.
ജയം കൊതിച്ചെത്തിയ ഈസ്‌റ്റ് ബംഗാളിനെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വിറപ്പിച്ചു. കറ്റാലയുടെ തന്ത്രങ്ങൾ കൊൽക്കത്തൻ ക്ലബിന്റെ മുന്നേറ്റനിരയുടെ വാതിലുകൾ അടച്ചു. പ്രതിരോധത്തിൽ ബ്ലാസ്‌റ്റേഴ്‌സ് മിന്നി. ബികാഷ് യുംനവും മിലോസ് ദ്രിൻസിച്ചും ദുസാൻ ലാഗറ്റോറും വിയർത്തുകളിച്ചു. വലതുമൂലയിൽ നോഹയിൽ കേന്ദ്രീകരിച്ചായിരുന്നു സർവമുന്നേറ്റങ്ങളും. തുടക്കം ഈ മൊറോക്കൻ വിങ്ങർ നിരവധി ക്രോസുകൾ നൽകിയെങ്കിലും ഹിമിനെസിനും കൂട്ടുകാർക്കും ലക്ഷ്യം കാണാനായില്ല. ആദ്യപകുതി അവസാനിക്കവേയാണ് ഗോളെത്തിയത്. നോഹയുടെ മുന്നേറ്റത്തെ ഈസ്റ്റ് ബംഗാൾ പ്രതിരോധക്കാരൻ അൻവർ അലി ബോക്‌സിൽ വീഴ്‌ത്തിയതിന് പെനൽറ്റി. ആദ്യ കിക്കിൽ ഹിമിനെസിന് ഉന്നം തെറ്റി. എന്നാൽ സാങ്കേതിക പിഴവിനാൽ വീണ്ടും ഷോട്ടുതിർക്കാൻ റഫറി ആവശ്യപ്പെട്ടു. ഇത്തവണ സ്‌പാനിഷുകാരൻ ലക്ഷ്യം കണ്ടു. ഇടവേള കഴിഞ്ഞ് മിന്നുംഗോളിലൂടെ നോഹ ലീഡുയർത്തി. ഐബാൻ നൽകിയ പന്ത് സ്വീകരിച്ച് വലതുവശത്തുനിന്നും ഒറ്റയ്‌ക്ക് കുതിച്ചു. ബോക്‌സിന് പുറത്ത് രണ്ട് പ്രതിരോധക്കാരെ മറികടന്ന് ഇടംകാലടി തൊടുത്തു. മിന്നൽ ഷോട്ട് തടുക്കാൻ ഗോളി പ്രഭ്‌സുഖൻസിങ് ഗില്ലിന് സാധിച്ചില്ല. പന്ത് ബാറിൽതട്ടി അകത്തേക്ക് വീണു.
ഗോകുലം ഇന്ന് ഗോവയോട്
കലിംഗ സൂപ്പർ കപ്പ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. ഐഎസ്‌എൽ കരുത്തരായ എഫ്‌സി ഗോവയാണ് എതിരാളി. വൈകിട്ട് നാലരയ്‌ക്കാണ് കളി. ഐ ലീഗിൽ നാലാംസ്ഥാനത്താണ് ഗോകുലം അവസാനിപ്പിച്ചത്. മലയാളിയായ ടി എ രഞ്ജിത്താണ് പരിശീലകൻ. വിദേശ താരങ്ങൾ ഉൾപ്പെടെ പ്രധാന കളിക്കാരെല്ലാം സജ്ജരാണ്. മറ്റൊരു മത്സരത്തിൽ രാത്രി എട്ടിന് ആതിഥേയരായ ഒഡിഷ എഫ്‌സി പഞ്ചാബ് എഫ്‌സിയെ നേരിടും.









0 comments