ജംഷഡ്‌പുരിന് സന്തോഷപ്പെരുന്നാൾ; ഐഎസ്എൽ ഫുട്ബോൾ സെമിയിൽ

ഗോൾ നേടിയ ജംഷെഡ്പൂർ താരങ്ങളുടെ ആഹ്ലാദം. PHOTO: Facebook
ഷില്ലോങ്: നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വെല്ലുവിളി മറികടന്ന് ജംഷഡ്‌പുർ എഫ്‌സി ഐഎസ്‌എൽ ഫുട്ബോൾ സെമിയിൽ. സീസണിൽ ഉടനീളം മികച്ച കളി പുറത്തെടുത്ത നോർത്ത് ഈസ്റ്റിനെ രണ്ട് ഗോളിന് കീഴടക്കിയാണ് ഇന്ത്യക്കാരനായ ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ജംഷഡ്‌പുർ അവസാന നാലിൽ ഇടംപിടിച്ചത്. സ്റ്റീഫൻ എസെയും ഹാവി ഹെർണാണ്ടസും ലക്ഷ്യം കണ്ടു. സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് എതിരാളി. മറ്റൊരു സെമിയിൽ എഫ്‌സി ഗോവയും ബംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. ഇരുപാദ മത്സരങ്ങളാണ്.
പ്രാഥമിക ഘട്ടത്തിലെ രണ്ട് കളിയിലും നോർത്ത് ഈസ്റ്റിനോട് അടിയറവ് പറഞ്ഞ ജംഷഡ്‌പുരായിരുന്നില്ല നോക്കൗട്ടിൽ. എതിർതട്ടകത്തിൽ വ്യക്തമായ പദ്ധതികളുമായി അവരെത്തി. വടക്കു കിഴക്കൻ ക്ലബ്ബിന്റെ കുന്തമുനയായ അലായിദീൻ അജാരിയെ തന്ത്രപരമായി തളച്ചു. വിങ്ങിൽ മലയാളി താരം എം എസ് ജിതിനും അനങ്ങാനായില്ല. ഉജ്വല പ്രതിരോധമാണ് ജംഷഡ്‌പുർ പടുത്തുയർത്തിയത്. പ്രണോയ് ഹൽദാർ വിയർത്തുകളിച്ചു. 29-ാം മിനിറ്റിലാണ് എസെ ലീഡ് നേടിയത്. തിരിച്ചടിക്കാൻ നോർത്ത് ഈസ്റ്റ് ആവുന്നതെല്ലാം ചെയ്‌തിട്ടും കാര്യമുണ്ടായില്ല. കളിയവസാനം മലയാളി താരം മൊബഷീർ റഹ്‌മാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് ജംഷഡ്‌പുർ കളി പൂർത്തിയാക്കിയത്. പരിക്കുസമയം സുന്ദരഗോളിലൂടെ ക്യാപ്റ്റൻ ഹാവി ജയമുറപ്പിച്ചു. ഐഎസ്‌എല്ലിൽ ആദ്യ കിരീടമാണ് ജംഷഡ്‌പുർ ലക്ഷ്യമിടുന്നത്.










0 comments