ഇറ്റലി ലോകകപ്പ് സ്വപ്നങ്ങൾക്ക് അരികിൽ; വടക്കൻ അയർലൻഡിനെ 2-0 വീഴ്ത്തി

റോം: ലോകകപ്പ് ഫുട്ബോൾ സ്വപ്നങ്ങൾക്ക് അരികിലേക്ക് ഇറ്റലി കുതിക്കുന്നു. യൂറോപ്യൻ പ്ലേ ഓഫ് സെമിയിൽ വടക്കൻ അയർലൻഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് അസൂറികൾ വീഴ്ത്തിയത്. ഏപ്രിൽ ഒന്നിന് നടക്കുന്ന ഫൈനലിൽ ബോസ്‌നിയ ആൻഡ് ഹെർസെഗൊവിനയാണ് ടീമിന്റെ എതിരാളികൾ. തോറ്റാൽ തുടർച്ചയായ മൂന്നാം ലോകകപ്പിലും യോഗ്യത നേടാതെ മടങ്ങേണ്ടിവരും. 12 വർഷമായി ഇറ്റലി ലോകവേദിയിൽനിന്ന് പുറത്തായിട്ട്.
ജയമല്ലാതെ മറ്റൊരു വഴിയില്ലാതെ കളത്തിലിറങ്ങിയ ഇറ്റലി രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് നേടിയത്. 56-ാം മിനിറ്റിൽ ന്യൂകാസിൽ യുണൈറ്റഡ് മിഡ്‌ഫീൽഡർ സാന്ദ്രോ ടൊണാലിയാണ് ഇറ്റലിക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. ബോക്സിന് പുറത്തുനിന്നുള്ള വെടിയുണ്ട പോലുള്ള ഷോട്ട് തടക്കാൻ വടക്കൻ അയർലൻഡിന് കഴിഞ്ഞില്ല. ആദ്യ ഗോൾ വീണതോടെ അയർലൻഡിന്റെ പ്രതിരോധക്കോട്ട തകർന്നു. 80-ാം മിനിറ്റിൽ മോയിസ് കീൻ ഇറ്റലിയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു.
തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമായാണ് വടക്കൻ അയർലൻഡ് കളത്തിലിറങ്ങിയത്. കളിയുടെ ഒരു ഘട്ടത്തിൽ ഇറ്റലിയെ വിറപ്പിക്കാനും മികച്ച മുന്നേറ്റങ്ങൾ നടത്താനും അവർക്ക് സാധിച്ചു. ഫിനിഷിംഗിലെ പോരായ്മകൾ 40 വർഷത്തിന് ശേഷം ലോകകപ്പ് യോഗ്യത നേടുക എന്ന ടീമിന്റെ സ്വപ്നത്തിന് തിരിച്ചടിയായി.
വെയിൽസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) പരാജയപ്പെടുത്തിയാണ് ബോസ്‌നിയ ആൻഡ് ഹെർസെഗൊവിന ഫൈനലിന് യോഗ്യത നേടിയത്. ചൊവ്വാഴ്ച വിജയിക്കുന്നവർ ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ ആതിഥേയരായ കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ എന്നിവർക്കൊപ്പം ഇടംപിടിക്കും.
ഇറ്റലിയ്ക്കും ബോസ്‌നിയയ്ക്കും പുറമെ തുർക്കി, സ്വീഡൻ, പോളണ്ട്, കൊസോവോ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക് എന്നീ ടീമുകളും സെമിയിൽ ജയിച്ചു കയറി. ഫൈനലിൽ ജയിക്കുന്ന നാല് ടീമുകൾക്കാണ് ലോകകപ്പിന് യോഗ്യത. അതേസമയം 2006 ജേതാക്കളായശേഷം ഇറ്റലി നിലംതൊട്ടില്ല. അടുത്ത രണ്ട് പതിപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങി. 2018ലും 2022ലും യോഗ്യതയും നേടിയില്ല. അതിനിടെ 2021ൽ യൂറോ നേടിയതാണ് ആകെയുള്ള നേട്ടം.









0 comments