print edition അമേരിക്കയിലേക്ക് ഇറാനെത്തുമോ? ലോകകപ്പിൽ നിന്ന് പിന്മാറിയാൽ 200 കോടി നഷ്ടമാകും

നെെജീരിയക്കെതിരെ കഴിഞ്ഞ മാസം നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനിറങ്ങിയ ഇറാൻ ഫുട്ബോൾ ടീം ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോൾ. കുഞ്ഞു ബാഗുകളുമായാണ് കളിക്കാർ കളത്തിലെത്തിയത്.
ടെഹ്‌റാൻ : അമേരിക്ക ആതിഥേയരാകുന്ന ഫുട്‌ബോൾ ലോകകപ്പിൽ ഇറാൻ കളിക്കുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. ‘ഞങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊന്നവരാണ്. അമേരിക്കയും ഇസ്രയേലും ചേർന്ന് ആക്രമണം ഇപ്പോഴും തുടരുന്നു. കുട്ടികൾപോലും മരിച്ചുവീഴുന്നു. ഇൗ സാഹചര്യത്തിൽ ലോകകപ്പ് കളിക്കുക സാധ്യമല്ല’– എന്നായിരുന്നു ഇറാൻ സ്‌പോർട്‌സ് മന്ത്രി അഹമ്മദ് ഡോന്യാമാലി മുമ്പ് നടത്തിയ പ്രഖ്യാപനം. ലോക ഫുട്‌ബോൾ സംഘടനായ ഫിഫയുടെ ഇടപെടലിനെത്തുടർന്ന് നിലപാട് പിന്നീട് മയപ്പെടുത്തി. പക്ഷേ ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ല. രാഷ്‌ട്രീയ–സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയാകും തീരുമാനമെന്ന് ഡോന്യാമലി അറിയിച്ചു.
ഇറാൻ ലോകകപ്പ് കളിക്കുമെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആവർത്തിച്ച് പറയുന്നത്. ഏഴ് തവണ യോഗ്യത നേടിയ ടീം ഇത്തവണ ‘ജി’ ഗ്രൂപ്പിലാണ്. ജൂൺ 16ന് ന്യൂസിലൻഡിനെയും 22ന് ബൽജിയത്തെയും 27ന് ഇൗജിപ്‌തിനെയുമാണ് നേരിടേണ്ടിയിരുന്നത്. ഇൗ മൂന്ന് കളിയും അമേരിക്കയിലെ ലോസ് ഏഞ്ചൽസ്, സിയാറ്റിൽ നഗരങ്ങളിലാണ്. ഏഷ്യൻ ശക്തികളായ ഇറാൻ കഴിഞ്ഞവർഷം മാർച്ചിൽതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയശേഷം പങ്കാളിത്തത്തെക്കുറിച്ച് സംശയം ഉയർന്നു.
ലോകകപ്പിൽനിന്നും പിൻമാറിയാലുണ്ടാകുന്ന സാമ്പത്തിക നഷ്‌ടവും ഫിഫയുടെ ശിക്ഷാനടപടികളും കടുത്ത നടപടിയിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കുമോയെന്നാണ് അറിയിണ്ടേത്. ഏകദേശം 200 കോടിയോളം രൂപ ഇറാന് നഷ്‌ടമാകും. ലോകകപ്പിനുള്ള ഒരുക്കം, പരിശീലനം, പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട് ഫിഫ നൽകുന്ന തുകയാണിത്. ആറ് കോടിയോളം രൂപ പിഴയും വന്നേക്കും. ആറ് ലോകകപ്പിലായി 18 മത്സരങ്ങൾ കളിച്ചു. മൂന്ന് ജയം മാത്രമാണ്. 1998ൽ അമേരിക്കയെയും 2018ൽ മൊറോക്കോയെയും 2022ൽ വെയ്‌ൽസിനെയും കീഴടക്കി. 1978ലാണ് ആദ്യ യോഗ്യത. തുടർന്ന് 1998, 2006, 2014, 2018, 2022 ലോകകപ്പുകൾ കളിച്ചു. കഴിഞ്ഞ മൂന്ന് ലോകകപ്പിലും ഗ്രൂപ്പ്‌ഘട്ടം കടക്കാനായില്ല.










0 comments