യുഎസിന്റെ വിസ വിലക്കും യാത്രാനിയന്ത്രണങ്ങളും; ലോകകപ്പിൽ അനീതി നേരിടുന്നുവെന്ന് ഇറാൻ പരിശീലകൻ അമീർ ഗാലെനോയി

Photo Credit:AFP
ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന യുഎസ് തങ്ങൾക്കെതിരെ കടുത്ത യാത്രാനിയന്ത്രണങ്ങളും വിസ നിഷേധവും ഏർപ്പെടുത്തി അനീതിപരമായാണ് പെരുമാറുന്നതെന്ന് ഇറാൻ ഫുട്ബോൾ ടീം പരിശീലകൻ അമീർ ഗാലെനോയി.
എന്നാൽ, അടുത്ത ആഴ്ചയോടെ ഈ കർശന നിയന്ത്രണങ്ങളിൽ ചിലതെങ്കിലും ലഘൂകരിക്കാൻ ഫിഫയ്ക്ക് യുഎസിനെ ബോധ്യപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ജനത തങ്ങൾക്കൊപ്പമുണ്ടെന്നതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ഗാലെനോയി, ഇറാന്റെ രക്തസാക്ഷികൾക്കായാണ് തങ്ങൾ കളിക്കുന്നതെന്നും എന്നാൽ ഈ പെരുമാറ്റം ജനങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്നും . ലോകകപ്പിൽ ഇത്തരം പെരുമാറ്റങ്ങൾ ഒരു പതിവാകില്ലെന്നും സമാധാനം കൈവരുമെന്നും താൻ പ്രത്യാശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പരിശീലനം പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നു
ബെൽജിയവുമായുള്ള നിർണായകമായ രണ്ടാം മത്സരത്തിനായി ഇറാൻ ടീം ശനിയാഴ്ച ലോസ് ഏഞ്ചൽസ് മേഖലയിലേക്ക് മടങ്ങിയെത്തിയെങ്കിലും, കടുത്ത യാത്രാനിയന്ത്രണങ്ങൾ കാരണം കളിക്ക് മുന്നോടിയായുള്ള പരിശീലനം പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നതായി ഗാലെനോയി വെളിപ്പെടുത്തി.
വെള്ളിയാഴ്ച തന്നെ ലോസ് ഏഞ്ചൽസിലേക്ക് യാത്ര ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും യുഎസ് അത് നിരസിക്കുകയായിരുന്നു. ഫിഫ റാങ്കിംഗിൽ പത്താം സ്ഥാനത്തുള്ള കരുത്തരായ ബെൽജിയത്തെ നേരിടുന്നതിന് മുൻപ് തങ്ങൾക്ക് 24 മണിക്കൂർ ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാൽ 16 മണിക്കൂറിൽ താഴെ മാത്രമാണ് ലഭിച്ചതെന്നും ഇത് ടീമിനെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ടീമിനോട് കാണിക്കുന്ന ഈ വിവേചനത്തിനെതിരെ ലോകകപ്പിലെ മറ്റ് 47 പരിശീലകരും ശബ്ദമുയർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇറാനെതിരെ യുഎസ് സംഘർഷം ആരംഭിച്ച സാഹചര്യത്തിലാണ് ഇറാൻ ടീമിന് മേൽ ഈ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മത്സരത്തിന് തലേദിവസം മാത്രം യുഎസിലേക്ക് പറക്കാനും, മത്സരം കഴിഞ്ഞയുടൻ മെക്സിക്കോയിലെ ടിവാനയിലുള്ള തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് മടങ്ങാനുമാണ് ടീമിന് നൽകിയിരിക്കുന്ന നിർദ്ദേശം.
മറ്റ് ടീമുകൾക്ക് ഈ സമയക്രമം ബുദ്ധിമുട്ടായി തോന്നുന്നില്ലെങ്കിലും, യാത്രാസമയം മുഴുവൻ ഇതിനായി ചെലവഴിക്കേണ്ടി വരുന്നത് തങ്ങളുടെ ആസൂത്രണത്തെ ബാധിക്കുന്നുണ്ടെന്ന് ഇറാൻ മിഡ്ഫീൽഡർ സയീദ് ഇസതോളാഹി വ്യക്തമാക്കി.
മൂന്നാം മത്സരത്തിൽ ഇളവ് നൽകുമെന്ന് യുഎസ്
ഈ വിഷയത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നടത്തുന്ന ഇടപെടലുകളെ ഇറാൻ പരിശീലകൻ പ്രശംസിച്ചു.
ഈ ഇടപെടലുകളുടെ ഫലമായി, ഈജിപ്തിനെതിരെയുള്ള മൂന്നാം ഗ്രൂപ്പ് മത്സരത്തിനായി രണ്ട് ദിവസം മുൻപ് തന്നെ സിയാറ്റിലിലേക്ക് യാത്ര ചെയ്യാൻ യുഎസ് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആദ്യ രണ്ട് മത്സരങ്ങൾക്ക് എന്തുകൊണ്ട് ഈ അനുമതി നൽകിയില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി, കോച്ചിംഗ്, സപ്പോർട്ട് സ്റ്റാഫ്, മീഡിയ റിലേഷൻസ് ജീവനക്കാർ എന്നിവരടക്കമുള്ള നിരവധി പേർക്ക് യുഎസ് വിസ നിഷേധിച്ചതിനെതിരെയും അദ്ദേഹം രംഗത്തുവന്നു.
ഒരു ടീമിനെ ക്ഷണിച്ച വരുത്തിയ ശേഷം അവരുടെ സപ്പോർട്ട് സ്റ്റാഫിനെ കടത്തിവിടാതിരിക്കുന്നത് ലോകകപ്പിന് ചേർന്ന സംസ്കാരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസിലൻഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ 2-2 എന്ന സ്കോറിന് സമനില പങ്കിട്ട ഇറാന് , കസ്റ്റംസ് വൈകൽ ഉൾപ്പെടെ അഞ്ച് മണിക്കൂറോളം യാത്ര ചെയ്താണ് അന്ന് മത്സരത്തിനെത്തിയത്.










0 comments