സീനിയർ, ജൂനിയർ ടീമുകൾക്ക് ഏഷ്യൻ കപ്പ് യോഗ്യത , ഫിഫ റാങ്ക് ഉയർന്നു , സ്വപ്‌നത്തിൽ ലോകകപ്പും
ലോകകപ്പ് അകലെയല്ല ; ഇന്ത്യൻ വനിതാ ഫുട്‌ബോൾ കുതിപ്പിൽ


Sports Desk
Published on Aug 12, 2025, 12:00 AM | 2 min read
ന്യൂഡൽഹി
‘വരാനുള്ളത് ഇന്ത്യൻ വനിതാ ഫുട്‌ബോളിന്റെ സുവർണ കാലമാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ ഏഷ്യയിലെ പവർഹൗസാകും’–ഓസ്‌ട്രേലിയൻ മുൻ സൂപ്പർതാരം സാറ വാൽഷ് അടിവരയിട്ട് പറയുന്നു. നിലവിൽ ഫുട്‌ബോൾ ഓസ്‌ട്രേലിയ വനിതാ ഡയറക്ടറായ വാൽഷിന് ഇന്ത്യയെ നന്നായറിയാം. ഇവിടത്തെ പ്രതിഭകളെയും. പ്രതിസന്ധിയിലും വിവാദങ്ങളിലും തളർന്ന ഇന്ത്യൻ ഫുട്‌ബോളിന് ആശ്വാസമാണ് വനിതകളുടെ പ്രകടനം.
പുരുഷ ടീമിന്റെ പ്രകടനവും റാങ്കും കൂപ്പുകുത്തുമ്പോഴാണ് വനിതകളുടെ കുതിപ്പ്. സീനിയർ ടീമും അണ്ടർ 20 ടീമും ഏഷ്യൻ കപ്പിന് യോഗ്യത നേടി. സീനിയർ നിര ഫിഫ റാങ്കിങ്ങിൽ 63–ാം സ്ഥാനത്തെത്തി. ഏഷ്യയിൽ 12–ാമതുണ്ട്. പുരുഷൻമാർ 133ലാണ്.
ഒറ്റദിവസംകൊണ്ടല്ല വനിതാ ഫുട്‌ബോളിന്റെ ഉയർച്ച. വർഷങ്ങളായുള്ള പദ്ധതിയും ആവിഷ്‌കാരവും ബലമായി. യൂത്ത് ടീമുകൾക്ക് കൂടുതൽ മത്സരങ്ങൾ നൽകി.
സംസ്ഥാനതലത്തിൽ വനിതാ ലീഗ് നിർബന്ധമാക്കി. ജൂനിയർതലത്തിൽ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പദ്ധതികളെല്ലാം. ഇത് ഫലംകണ്ടു. ഒഡിഷ, തമിഴ്‌നാട്, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് നിരവധി താരങ്ങളുയർന്നുവന്നു. കളിക്കാരുടെ ലഭ്യതകൂടി. 2016മുതൽ ആരംഭിച്ച ദേശീയ വനിതാ ലീഗും നിർണായകമായി. കളി കൂടുതൽ പ്രൊഫഷണലായി. വിദേശ താരങ്ങളുടെ കൂടെ പന്തുതട്ടിയതോടെ ഇന്ത്യൻ താരങ്ങളുടെ നിലവാരമുയർന്നു.
സീനിയർ ടീം അടുത്തവർഷം മാർച്ച് ഒന്നുമുതൽ 21വരെ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ലോകകപ്പ് യോഗ്യതകൂടി ലക്ഷ്യമിട്ടാണ് മത്സരിക്കുന്നത്. 12 ടീമുകളാണ് ആകെ. ആദ്യ ആറ് സ്ഥാനത്തെത്തിയാൽ 2027ൽ നടക്കുന്ന ലോകകപ്പ് കളിക്കാം. ക്രിസ്‌പിൻ ഛേത്രി മുഖ്യപരിശീലകനായ ഇന്ത്യൻ ടീമിന്റെ സഹപരിശീലക കണ്ണൂർ സ്വദേശി പി വി പ്രിയയാണ്. 15 വർഷമായി ടീമിന്റെ ഭാഗമായ പ്രിയ രാജ്യത്തെ വനിതാ ഫുട്‌ബോളിന്റെ വളർച്ചയിൽ പ്രധാന ഭാഗമായി. ഏഷ്യയിലെ ഏറ്റവും ഉയർന്ന പരിശീലന ലൈസൻസായ എഎഫ്‌സി പ്രോ നേടിയ ആദ്യ ഇന്ത്യൻ വനിതാ കോച്ചാണ്. ടീമിൽ മലയാളി സാന്നിധ്യമായി കാസർകോടുകാരി പി മാളവികയുമുണ്ട്.
ഏഷ്യൻ കപ്പിന് വിപുലമായ മുന്നൊരുക്കമാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഒരുക്കിയിരിക്കുന്നത്. മൂന്ന് ഘട്ടമായി 83 ദിവസത്തെ ക്യാമ്പുണ്ടാകും. 12 രാജ്യാന്തര സൗഹൃദ മത്സരവും ഏർപ്പാടാക്കും. വനിതാ ലീഗ് നേരത്തെയാക്കി.
അണ്ടർ 20 ടീം 20 വർഷത്തിനുശേഷമാണ് ഏഷ്യൻ കപ്പിന് പോകുന്നത്. സ്വീഡൻകാരൻ യോക്വം ആൻഡേഴ്‌സണുകീഴിൽ 135 ദിവസത്തെ ഒരുക്കമാണ് യോഗ്യതാ റൗണ്ടിനായി നടത്തിയത്. കഴിഞ്ഞ ഡിസംബർതൊട്ട് ടീം പലപ്പോഴായി ഒത്തുകൂടി. തുർക്കിയിൽ നടന്ന പിങ്ക് യൂത്ത് കപ്പുൾപ്പെടെ ഒട്ടേറെ വേദികളിൽ പന്തുതട്ടി. രണ്ട് വർഷത്തിനിടയിൽ അണ്ടർ 17 വരെ 155 ലീഗുകളാണ് രാജ്യത്ത് നടന്നത്. തെലങ്കാനയിൽ ഫിഫ അക്കാദമിയുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും.
സീനിയർ നിരയ്‌ക്കും അണ്ടർ 20 ടീമിനും പിന്നാലെ അണ്ടർ 17 നിരയും ഏഷ്യൻ കപ്പ് യോഗ്യത തേടി ഇറങ്ങുകയാണ്. ഒക്‌ടോബറിൽ കിർഗിസ് റിപ്പബ്ലിക്കിലാണ് യോഗ്യതാ റൗണ്ട്.
മുപ്പത്താറ് ദിവസത്തിന്റെ ഇടവേളയ്‌ക്കിടെയാണ് സീനിയർ ടീമും അണ്ടർ 20 ടീമും ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. സീനിയർ നിര 23 വർഷത്തിനുശേഷമാണെങ്കിൽ യുവനിര 20 വർഷത്തിനുശേഷമാണ് ഏഷ്യൻ കളത്തിലെത്തുന്നത്.
ഏഷ്യൻ കപ്പ് യോഗ്യത നേടിയ ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന് 22 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). മ്യാൻമറിൽ നടന്ന യോഗ്യതാ റൗണ്ടിൽ ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് 2006നുശേഷം ഇന്ത്യ വൻകര പോരിന് ടിക്കറ്റെടുത്തത്. തുർക്മെനിസ്ഥാനെയും മ്യാൻമറിനെയും തോൽപ്പിച്ചപ്പോൾ ഇന്തോനേഷ്യയോട് സമനില വഴങ്ങി.










0 comments