Deshabhimani

ഫിഫ അണ്ടർ 15 ലോകകപ്പ്; ക്യൂബയെ വീഴ്ത്തി ഇന്ത്യ

Under 15

ടീം ഇന്ത്യ| Photo: Social Media

വെബ് ഡെസ്ക്

Published on Oct 30, 2026, 05:52 PM | 1 min read

ബാക്കു : ഫിഫ അണ്ടർ15 ലോകകപ്പ് ഫുട്ബോൾ ഫെസ്റ്റിവലിൽ ഇന്ത്യക്ക് വിജയത്തോടെ മടക്കം. 87-ാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ക്യൂബയെ 6–4ന് തോൽപ്പിച്ചാണ് ഇന്ത്യ ടൂർണമെന്റിലെ അവസാന മത്സരം ജയിച്ചത്. അസർബൈജാനിലെ ബാക്കുവിൽ നടന്ന മത്സരത്തിൽ വിക്ടർ ലാലാവ്മ്പുയിയ, നിബാസ് മീറ്റെയ് വഹെങ്ബാം, ആർ ലാൽറെംറുവാത്ഫെല എന്നിവർ ഇരട്ടഗോൾ നേടി.


മത്സരം തുടങ്ങി ഒരു മിനിറ്റ് തികയുംമുമ്പേ വിക്ടറിലൂടെ ഇന്ത്യ ലീഡ് നേടി. ആറാം മിനിറ്റിൽ നിബാസ് ലീഡുയർത്തി. 12-ാം മിനിറ്റിൽ ലാൽറെംറുവാത്ഫെലയുടെ ഗോളിലൂടെ ഇന്ത്യ 3–0ന് മുന്നിലെത്തി. 19-ാം മിനിറ്റിൽ ക്യൂബ ഗോൾ നേടി.


എന്നാൽ 22-ാം മിനിറ്റിൽ നിബാസിന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യ വീണ്ടും ലീഡ് ഉയർത്തി. തൊട്ടടുത്ത മിനിറ്റിൽ വിക്ടറും ഇരട്ടഗോൾ പൂർത്തിയാക്കി. 27-ാം മിനിറ്റിൽ ലാൽറെംറുവാത്ഫെലയുടെ രണ്ടാം ഗോളോടെ ഇന്ത്യയുടെ ലീഡ് 6–1 ആയി.


ധന്യ ദേശായിയുടെ മികച്ച സേവുകൾ ക്യൂബയുടെ നീക്കങ്ങളെ തടഞ്ഞു. 33-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യൂബ രണ്ടാം ഗോൾ നേടി. 34, 39 മിനിറ്റുകളിലും അവർ വലകുലുക്കി. ഇതോടെ സ്കോർ 6–4 ആയി. അവസാന നിമിഷങ്ങളിൽ ഇന്ത്യ ലീഡ് നിലനിർത്തി വിജയം ഉറപ്പിച്ചു.


ബിബിയാനോ ഫെർണാണ്ടസിന്റെ പരിശീലനത്തിൽ ഇറങ്ങിയ ഇന്ത്യ ടൂർണമെന്റിൽ കളിച്ച പത്ത് മത്സരങ്ങളിൽ സ്വന്തമാക്കിയ പത്താം ജയമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home