ad
Deshabhimani

നാല്‌ പതിറ്റാണ്ടോളം നീണ്ട പൊലീസ്‌ 
ജീവിതം , കേരള പൊലീസ്‌ ടീമിനെ 
പ്രശസ്‌തമാക്കിയതിൽ പ്രധാനി

ഐ എം വിജയൻ പൊലീസ്‌ കുപ്പായമഴിക്കുന്നു ; എംഎസ്‌പി അസി. കമാന്‍ഡന്റ് 
തസ്തികയില്‍നിന്ന് ഈമാസം വിരമിക്കും

i m vijayan

ചെന്നെെയിൽ ഞായറാഴ്--ച നടന്ന പ്രദർശന മത്സരത്തിൽ ബ്രസീൽ ലെജൻഡ്സിനെതിരെ 
ഇന്ത്യൻ ഓൾസ്റ്റാർസിനായി കളത്തിലിറങ്ങിയ ഐ എം വിജയൻ

avatar
ജിജോ ജോർജ്‌

Published on Apr 01, 2025, 12:07 AM | 2 min read




മലപ്പുറം : ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ പൊലീസ്‌ കുപ്പായം അഴിക്കുന്നു. പതിനേഴാം വയസ്സിൽ കേരള പൊലീസ്‌ ടീമിലെത്തിയ വിജയൻ മലപ്പുറം എംഎസ്‌പിയിൽ അസി. കമാൻഡന്റാണ്‌. നാല്‌ പതിറ്റാണ്ടോളം നീണ്ട പൊലീസ്‌ ജീവിതത്തിനിടയിൽ രണ്ടുതവണയായി പത്ത്‌ വർഷത്തിലധികം പ്രൊഫഷണൽ ക്ലബ്ബുകളിൽ കളിക്കാന്‍ സർവീസിൽനിന്ന്‌ വിട്ടുനിന്നു. ഈമാസം 30ന്‌ വിരമിക്കുമ്പോൾ വൻ യാത്രയയപ്പാണ്‌ ഒരുക്കുന്നത്‌.


1969 ഏപ്രിൽ 25ന്‌ തൃശൂർ കോലത്തുംപാടും അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് കേരളം സംഭാവനചെയ്‌ത എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരത്തിന്റെ ജനനം. ദാരിദ്ര്യംനിറഞ്ഞ കുട്ടിക്കാലത്തും മനസ്സുനിറയെ ഫുട്‌ബോളായിരുന്നു. 1986ൽ എം കെ ജോസഫ്‌ ഡിജിപിയായിരിക്കെയാണ്‌ പൊലീസിന്റെ സെലക്ഷൻ ട്രയൽസിനിറങ്ങുന്നത്‌. കളിമിടുക്ക് കണ്ട് ഇഷ്ടപ്പെട്ടെങ്കിലും 18 വയസ്സ് തികയാത്തതിനാല്‍ ടീമിലെടുത്തില്ല. ആറുമാസത്തിലധികം അതിഥി താരമായി ടീമിൽ കളിച്ചശേഷം 1987ൽ പൊലീസ്‌ കോൺസ്‌റ്റബിളായി നിയമിതനായി. 1991മുതൽ 2003വരെ ഇന്ത്യക്കായി കളിച്ചു. രാജ്യത്തിനായി 88 കളിയിൽ 39 ഗോളടിച്ചു.


പൊലീസിന്റെ പ്രതാപകാലം

1984ലാണ് കേരള പൊലീസ് ഫുട്ബോള്‍ ടീം തുടങ്ങുന്നത്. എണ്‍പതുകളുടെ അവസാനംമുതല്‍ തൊണ്ണൂറുകളുടെ പകുതിവരെ ടീമിന്റെ പ്രതാപകാലമായിരുന്നു. 1990ൽ തൃശൂരിലും 1991ൽ കണ്ണൂരിലും നടന്ന ഫെഡറേഷൻ കപ്പിൽ കേരള പൊലീസ്‌ കിരീടംചൂടി. വി പി സത്യൻ, യു ഷറഫലി, സി വി പാപ്പച്ചൻ, കുരികേശ്‌ മാത്യു, കെ ടി ചാക്കോ, ഐ എം വിജയന്‍ എന്നിവരടങ്ങിയതായിരുന്നു അന്നത്തെ സുവര്‍ണനിര.


ഇതിനിടെ 1991ൽ കൊല്‍ക്കത്ത മോഹൻബഗാന്‍ ക്ലബ്ബിനുവേണ്ടി കളിക്കാന്‍പോയി. അടുത്തവർഷം തിരിച്ചുവന്നു. 1993ൽ സന്തോഷ്‌ട്രോഫി കിരീടംനേടിയ കേരള ടീമില്‍ അംഗമായി. അധികംവൈകാതെ വീണ്ടും പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് തിരിച്ചുപോയി. ഈസ്റ്റ്‌ ബംഗാൾ, ജെസിടി മിൽ‌സ് ഫഗ്വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ്‌ തുടങ്ങിയ ടീമുകൾക്കായി ബൂട്ടുകെട്ടി. വര്‍ഷങ്ങള്‍ക്കുശേഷം പൊലീസിൽ എഎസ്‌ഐയായി തിരിച്ചെത്തിയ വിജയന്‍ 2021ൽ എംഎസ്‌പി അസി. കമാൻഡന്റായി.


മലബാർ സ്‌പെഷ്യൽ പൊലീസ്‌ (എംഎസ്‌പി) നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കേരള പൊലീസ്‌ ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടര്‍കൂടിയാണ്. ഇടക്കാലത്ത്‌ സിനിമയിലും വേഷമിട്ടു. കഴിഞ്ഞവർഷത്തെ സംസ്ഥാന പൊലീസ്‌ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും എംഎസ്‌പിക്കായി കളിച്ചു. പൊലീസിൽനിന്ന് എല്ലാകാലത്തും നല്ല അനുഭവമാണുണ്ടായതെന്ന്‌ വിജയൻ പറഞ്ഞു.


കളിമാത്രമായിരുന്നില്ല. ശബരിമല ഡ്യൂട്ടിക്കും തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കും പോയിട്ടുണ്ട്‌. അപ്പോഴെല്ലാം ജനങ്ങൾ സ്‌നേഹത്തോടെയാണ്‌ പെരുമാറിയിട്ടുള്ളതെന്ന്‌ വിജയൻ ഓർമിച്ചു. എക്കാലവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ശക്തി. രാജിയാണ്‌ ഭാര്യ. മക്കൾ: അർച്ചന (ഫിസിയോ തെറാപ്പിസ്‌റ്റ്‌, തൃശൂർ ജില്ലാ ആശുപത്രി), ആരോമൽ (വീഡിയോ അനലൈസർ, ഈസ്‌റ്റ്‌ ബംഗാൾ), അഭിരാമി (യുകെ). മരുമകൻ: ആദിൽ (ബിസിനസ്‌).


രണ്ടുതവണ ഇന്ത്യൻ നായകൻ

ഇന്ത്യയുടെ പത്താംനമ്പർ ജേഴ്‌സിയിൽ 12 വർഷം വിജയനുണ്ടായിരുന്നു. 1991ൽ തിരുവനന്തപുരം നെഹ്റു കപ്പിൽ റുമാനിയക്കെതിരെയായിരുന്നു ഇന്ത്യൻ ജേഴ്‌സിയിലെ അരങ്ങേറ്റം. കറുത്തമുത്ത്‌ എന്ന ഓമനപ്പേരിൽ മൈതാനത്ത്‌ നിറഞ്ഞ അദ്ദേഹം രണ്ടുതവണ ഇന്ത്യൻ നായകനായി. 1998 ബാങ്കോക്ക്‌ ഏഷ്യൻ ഗെയിംസിലും 2000 ഏഷ്യാ കപ്പിലുമായിരുന്നു നായകക്കുപ്പായമിട്ടത്. 1999 സാഫ്‌ ഗെയിംസിൽ ഭൂട്ടാനെതിരെ കളിയാരംഭിച്ച്‌ പന്ത്രണ്ടാം സെക്കൻഡിൽ ഗോള്‍ നേടി. ഇത് രാജ്യാന്തരതലത്തിൽ രണ്ടാമത്തെ വേഗമേറിയ ഗോളായി. 2002ൽ അർജുന അവാർഡും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. 2003ൽ ഹൈദരാബാദിൽ നടന്ന ആഫ്രോ ഏഷ്യൻ ഗെയിംസിലായിരുന്നു ഇന്ത്യൻ കുപ്പായത്തിലെ അവസാന മത്സരം.


ഫുട്‌ബോള്‍ 
അക്കാദമി തുടങ്ങും

വിരമിച്ചശേഷം കേരളത്തിൽ ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന്‌ ഐ എം വിജയൻ പറഞ്ഞു. "കേരള പൊലീസിൽ എത്തിയതുകൊണ്ടാണ്‌ ഇന്നത്തെ ഐ എം വിജയനുണ്ടായത്. ഫുട്‌ബോളാണ്‌ എല്ലാം തന്നത്‌. അതുകൊണ്ടുതന്നെ ഫുട്‌ബോൾ ലോകത്ത്‌ തുടർന്നുമുണ്ടാകും. കേരളത്തിൽ തുടങ്ങുന്ന പ്രൊഫഷണൽ ഫുട്‌ബോൾ അക്കാദമിക്ക്‌ സർക്കാരിന്റെ സഹായമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ’–- വിജയൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home