print edition ലോകകപ്പ് കളിക്കും ആദ്യ മലയാളി!

തഹ്‌സിൻ മുഹമ്മദ്
ദോഹ: ചരിത്രത്തിനരികെയാണ് തഹ്‌സിൻ മുഹമ്മദ്. ലോകകപ്പ് ഫുട്ബോൾ കളിക്കുന്ന ആദ്യ മലയാളിയെന്ന അപൂർവ നേട്ടത്തിലേക്കാണ് പത്തൊമ്പതുകാരൻ ബൂട്ടുകെട്ടുന്നത്. ലോകകപ്പിനുള്ള ഖത്തർ ലോകകപ്പ് ടീമിൽ കണ്ണൂർക്കാരന് സാധ്യത.
സ്‌പാനിഷ് കോച്ച് യൂലൻ ലോപറ്റെഗുയി പ്രഖ്യാപിച്ച 28 അംഗ ടീമിൽ തഹ്‌സിനുണ്ട്. 35 അംഗ സംഘത്തിൽനിന്ന് ഏഴ് പേരെ ഒഴിവാക്കി. നാളെ അയർലൻഡിനെതിരായ സന്നാഹമത്സരം കഴിഞ്ഞാൽ രണ്ട് പേരെകൂടി ഒഴിവാക്കി 26 അംഗ അന്തിമ ടീമാകും. അതിൽ തഹ്‌സിൻ ഉണ്ടാകുമെന്നാണ് സൂചന.
ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശേരി ചിറക്കര ഹിബാസിൽ ജംഷീദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനാണ്. ജനിച്ചതും വളർന്നതും ഖത്തറിൽ. അവിടെ ആസ്‌പയർ ഫുട്‌ബോൾ അക്കാദമിയിലൂടെയാണ് വളർന്നത്. വൈകാതെ ഖത്തർ യൂത്ത് ടീമിൽ ഇടം ലഭിച്ചു. പിന്നീട് ഖത്തർ സ്‌റ്റാർസ് ലീഗ് ക്ലബ്ബായ അൽ ദുഹൈലിലേക്ക്. സ്‌റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനാണ്. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16,17,19 വിഭാഗങ്ങളിൽ കളിച്ചു. അൽ ദുഹൈൽ സീനിയർ ടീമിൽ കളിക്കുമ്പോഴാണ് ദേശീയ ടീമിലേക്കുള്ള വിളി.
ഇന്ത്യൻ യൂത്ത് ടീം ക്യാമ്പുവരെയെത്തിയ പിതാവായ ജംഷീദിന്റെ പാരമ്പര്യമുണ്ട് തഹ്‌സിന്. ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിച്ച ജംഷീദ് അന്തർസർവകലാശാല കിരീടം നേടിയ കലിക്കറ്റ് സർവകലാശാലാ ടീമിന്റെ ഉപനായകനായിരുന്നു. പരിക്ക് കളിക്കളത്തിൽനിന്ന് അകറ്റിയതോടെയാണ് ജോലിതേടി ഗൾഫിലെത്തിയത്. മകനെ ദേശീയ ടീമിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.










0 comments