‘നമുക്ക് കൂട്ടായ്‌മയിൽ വിശ്വസിക്കാം’ ; കേരള ക്യാപ്‌റ്റൻ ജി സഞ്‌ജു പറയുന്നു...

ദിബ്രുഗഢ്
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരള ടീമിന്റെ അമരത്ത് ആത്മവിശ്വാസത്തിലാണ് ജി സഞ്‌ജു. തുടർച്ചയായി രണ്ടാംതവണയാണ് ക്യാപ്‌റ്റൻ കുപ്പായം. പ്രതിരോധക്കാരന് തുടർച്ചയായ ആറാം ടൂർണമെന്റാണ്. കഴിഞ്ഞതവണ ഹൈദരാബാദിൽ കൈവിട്ട കിരീടം ഇത്തവണ ഉയർത്താമെന്ന പ്രതീക്ഷയിലാണ് മുപ്പത്തൊന്നുകാരൻ. എറണാകുളം ആലുവ സ്വദേശി കേരള പൊലീസ് താരമാണ്. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിയുടെ പ്രതിരോധവും കാത്തു. ഭാര്യ: പി എം ജോഷിത. മകൻ: എയ്‌ദൻ സഞ്‌ജു.
ആറാം ടൂർണമെന്റ്, ക്യാപ്‌റ്റൻ
തുടർച്ചയായി ആറാം സന്തോഷ് ട്രോഫി കളിക്കുക എന്നത് വലിയ അംഗീകാരമാണ്. അതുപോലെ വീണ്ടും ക്യാപ്‌റ്റനായതിലും സന്തോഷമുണ്ട്. ഇൗ ടീം കൂട്ടായ്‌മയിൽ വിശ്വസിക്കുന്നവരാണ്. ക്യാപ്‌റ്റനെന്ന നിലയിൽ എനിക്ക് മറ്റൊരു സവിശേഷതയുമില്ല.
ടീം, പരിശീലനം
ഒരുമയുള്ള കളിക്കാരാണ്. സൂപ്പർ ലീഗിൽ ഉൾപ്പെടെ കളിച്ച് പരിചയമുള്ളവർ. ഓരോ കളിക്കാരനും എന്ത് ചെയ്യണമെന്ന ബോധ്യമുണ്ട്. പരിശീലകസംഘം ഇതിൽ നല്ല ധാരണയുള്ളവരാണ്. എല്ലാവരുടെയും പ്രകടനം മെച്ചപ്പെടുത്താൻ പ്രഫഷണലായി നല്ല ഇടപെടലാണ്. ഫിസിയോയും വീഡിയോ അനലിസ്‌റ്റും ടീമിൽ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്.
ആദ്യ കളി, ലക്ഷ്യം
കഴിഞ്ഞതിനേക്കാൾ ഒരുപടി മുകളിലെത്തണമെന്നാണ് കോച്ച് ആവശ്യപ്പെട്ടത്. പഞ്ചാബിനെതിരെ ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.










0 comments