print edition കിംഗ് കെയ്ൻ

ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയ ഹാരി കെയ്‌ൻ (ഇടത്ത്). ജൂഡ് ബെല്ലിങ്‌ഹാം സമീപം
അറ്റ്‌ലാന്റ: കോംഗോയുടെ തുടിച്ച ഹൃദയത്തെ നിശ്‌ചലമാക്കി ഹാരി കെയ്‌ൻ. ഇംഗ്ലണ്ട് അതിൽ പറന്നു. ലോകകപ്പ് ഫുട്‌ബോളിലെ ത്രസിപ്പിക്കുന്ന പോരിൽ ആഫ്രിക്കൻ കരുത്തിനെ 2–1ന് മറികടന്ന് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. കളിയുടെ ഏഴാം മിനിറ്റിൽ ബ്രയാൻ സിപെംഗയിലൂടെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച കോംഗോ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്ക് അരികിലെത്തിയതാണ്.
എന്നാൽ ക്യാപ്‌റ്റൻ കെയ്‌ൻ വിട്ടുകൊടുത്തില്ല. 75–ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ സമനില പിടിച്ച കെയ്‌ൻ 11 മിനിറ്റിനുള്ളിൽ തകർപ്പനൊരു ലോങ് റേഞ്ചറിൽ ഇംഗ്ലണ്ടിന് ജയവുമൊരുക്കി. ആറിന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ആതിഥേയരായ മെക്‌സിക്കോയാണ് എതിരാളി.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയിൽ ക്രൊയേഷ്യയെ കീഴടക്കിയശേഷം ഇംഗ്ലണ്ടിന് താളം കണ്ടെത്താനായിരുന്നില്ല. മറുവശത്ത്, ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ കുരുക്കിയെത്തിയ കോംഗോ ആ മിടുക്ക് ആവർത്തിച്ചു. ഇംഗ്ലണ്ടിന്റെ പ്രതിരോധ ദൗർബല്യം മുതലെടുത്തായിരുന്നു സിപെംഗയുടെ ഗോൾ.
ആ ഗോളിൽ ഇംഗ്ലണ്ട് പതറി. കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി ആക്രമണങ്ങളെ സമർഥമായി ചെറുത്തു. ഇതിനിടെ ഇംഗ്ലീഷ് പരിശീലകൻ തോമസ് ടുഷെൽ ബുകായോ സാക്കയെയും ആന്തണി ഗോഡനെയും കളത്തിലിറക്കി. നീക്കങ്ങൾക്ക് ജീവൻ വന്നു.
ഗോഡന്റെ ക്രോസിൽ തലവച്ചാണ് കെയ്‌ൻ ഒപ്പമെത്തിച്ചത്. പിന്നാലെ ഗോഡന്റെ മറ്റൊരു നീക്കത്തിൽ വല തകർത്തൊരു ഷോട്ടിൽ ജയവും പൂർത്തിയാക്കി. ലോകകപ്പിൽ അഞ്ച് ഗോളായി ക്യാപ്‌റ്റന്. ആകെ നേട്ടം 13. ലോകകപ്പ് ഗോളെണ്ണത്തിൽ ബ്രസീൽ ഇതിഹാസം പെലെയെയും മറികടന്നു.











0 comments