ലോകകപ്പിനുശേഷം കളി നിർത്തും : ക്രിസ്റ്റ്യാനോ റൊണാൾഡോ
print edition ഫൈനൽ ടിക്കറ്റ് ; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാന ഘട്ടത്തിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗൽ ടീം പരിശീലനത്തിൽ
പാരിസ്
ക്രിസ്‌റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയുമെല്ലാം അടുത്ത വർഷത്തെ ഫുട്‌ബോൾ ലോകകപ്പ് ലക്ഷ്യമിട്ട് നാളെ ബൂട്ടുകെട്ടുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടമാണ് നാളെമുതൽ. ഒറ്റ ജയംകൊണ്ട് പല ടീമുകളും ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കും. യൂറോപ്പിൽ ആകെ 16 ടീമുകൾക്കാണ് യോഗ്യത. ഇംഗ്ലണ്ട് മാത്രമാണ് യോഗ്യത ഉറപ്പാക്കിയത്.
ഫ്രാൻസ്, പോർച്ചുഗൽ,ബൽജിയം, നെതർലൻഡ്‌സ് ടീമുകൾക്ക് ഒറ്റ ജയം മതി. സ്‌പെയ്‌ൻ, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രിയ, നോർവേ ടീമുകൾ യോഗ്യതയ്‌ക്ക് അരികെയാണ്. ഇറ്റലി, ജർമനി ടീമുകൾക്ക് കടുത്ത പോരാട്ടമാണ്.
നാളെ നോർവേ എസ്‌റ്റോണിയെയും ഇറ്റലി മൊൾഡോവയെയും നേരിടും. റൊണാൾഡോയുടെ പോർച്ചുഗലിന് റിപ്പബ്ലിക് ഓഫ് അയർലൻഡാണ് എതിരാളി. ഫ്രാൻസ് ഉക്രയ്‌നുമായി കളിക്കും. ഇംഗ്ലണ്ട് x സെർബിയ മത്സരവും നാളെയാണ്
പോർച്ചുഗലിന് നാളെ അയർലൻഡിനെ തോൽപ്പിച്ചാൽ മുന്നേറാം. ആറാം ലോകകപ്പിനൊരുങ്ങുന്ന റൊണാൾഡോയാണ് ശ്രദ്ധാകേന്ദ്രം. അടുത്ത ഫെബ്രുവരിയിൽ 41 വയസ് തികയുന്ന പോർച്ചുഗൽ ക്യാപ്‌റ്റന് ആയിരം ഗോൾ തികയ്‌ക്കാൻ ഇനി 47 എണ്ണം മതി. ഇന്ന് സമനിലയായാലും സാധ്യതയുണ്ട്. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഹംഗറി അർമേനിയയെ തോൽപ്പിക്കാതിരുന്നാൽ മതി. നാല് കളിയിൽ മൂന്നും ജയിച്ചാണ് പോർച്ചുഗൽ ഒന്നാമതുള്ളത്. മൂന്നാമതുള്ള അയർലൻഡിന് ഒറ്റജയം മാത്രമാണ്. രണ്ടാംസ്ഥാനക്കാരായ ഹംഗറിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് അർമേനിയയെ തോൽപ്പിക്കണം. ഗ്രൂപ്പ് ഡിയിൽ ഒന്നാമതുള്ള ഫ്രാൻസിന് രണ്ടാംസ്ഥാനക്കാരായ ഉക്രയ്‌നെ കീഴടക്കിയാൽ മതി.
ഗ്രൂപ്പ് ഐയിലാണ് ആവേശകരമായ പോരാട്ടം നടക്കുന്നത്. നിലവിൽ ആറ് കളിയും ജയിച്ച നോർവേയാണ് ഒന്നാമത്. നാളെ എസ്‌റ്റോണിയയെ തോൽപ്പിച്ചാൽ എർലിങ് ഹാലണ്ടിന്റെ സംഘത്തിന് ഏറെക്കുറെ യോഗ്യത ഉറപ്പാക്കാം. 15 പോയിന്റുള്ള ഇറ്റലിയാണ് രണ്ടാമത്. ഇറ്റലി മൊൾഡോവയോട് ജയിക്കാതിരുന്നാൽ നോർവേക്ക് ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കാം. നോർവേയും ഇറ്റലിയും നാളെ ജയിച്ചാൽ 16ന് നടക്കുന്ന പരസ്‌പരമുള്ള പോരാട്ടം നിർണായകമാകും. മികച്ച ഗോൾ വ്യത്യാസമുള്ള നോർവേയ്‌ക്ക് തന്നെയാണ് എങ്കിലും സാധ്യത.
ഗ്രൂപ്പ് ജിയിൽ നെതർലൻഡ്‌സിന് വെള്ളിയാഴ്‌ച പോളണ്ടുമായാണ് കളി. ഡച്ചുകാരാണ് പട്ടികയിൽ ഒന്നാമത്. പോളണ്ട് രണ്ടാമതും. ജയിച്ചാൽ ഡച്ച് യോഗ്യത നേടും. പോളണ്ടിന് പ്ലേ ഓഫ് കളിക്കേണ്ടിവരും.
ഗ്രൂപ്പ് എയിൽ ജർമനി ലക്‌സംബർഗുമായാണ് കളിക്കുന്നത്. ഗോൾ വ്യത്യാസത്തിൽ രണ്ടാമതുള്ള സ്ലൊവാക്യ വടക്കൻ അയർലൻഡിനെയും നേരിടും. 17ന് ജർമനിയും സ്ലൊവാക്യയും തമ്മിലുള്ള മുഖാമുഖം നിർണായകമാകും.
സ്-പെയ്‌ൻ ശനിയാഴ്‌ച ജോർജിയയുമായി കളിക്കും. രണ്ടാമതുള്ള തുർക്കിക്ക് ബൾഗേറിയയാണ് എതിരാളി. ഗ്രൂപ്പ് ഇയിൽ 12 പോയിന്റുമായാണ് സ്‌പെയ്‌ൻ ഒന്നാമത്. ഒന്പത് പോയിന്റാണ് തുർക്കിക്ക്.
ക്രൊയേഷ്യ, ഡെൻമാർക്ക്, സ്‌കോട്‌ലൻഡ് ടീമുകളും ലോകകപ്പ് പ്രതീക്ഷയിലാണ്.
പന്ത്രണ്ട് ഗ്രൂപ്പ് ജേതാക്കൾക്കാണ് നേരിട്ട് യോഗ്യത. ശേഷിച്ച നാല് സ്ഥാനത്തിനായി പ്ലേ ഓ-ഫ് കളിക്കണം. 12 ഗ്രൂപ്പിലെയും രണ്ടാംസ്ഥാനക്കാരും നേൻഷസ് ലീഗിലെ മികച്ച നാല് റാങ്കുകാരും ഉൾപ്പെടെ 16 ടീമുകൾക്കാണ് പ്ലേ ഓ-ഫ് യോഗ്യത. മാർച്ചിലാണ് പ്ലേ ഓഫ-് മത്സരങ്ങൾ.
യോഗ്യത നേടിയ ടീമുകൾ 28
അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ആകെ 48 ടീമുകൾക്കാണ് യോഗ്യത. ആതിഥേയർ ഉൾപ്പെടെ 28 ടീമുകൾ ഇതിനകം യോഗ്യത നേടി. 20 ടീമുകൾ ബാക്കി.
യോഗ്യത നേടിയവ
ആതിഥേയർ: കാനഡ, മെക്‌സിക്കോ, അമേരിക്ക
ഏഷ്യ: ഓസ്‌ട്രേലിയ, ജപ്പാൻ, ഇറാൻ, ജോർദാൻ, ദക്ഷിണ കൊറിയ, ഖത്തർ, സൗദി അറേബ്യ, ഉസ്‌ബെക്കിസ്ഥാൻ
ആഫ്രിക്ക: കേപ് വെർദെ, അൾജീരിയ, ഐവറി കോസ്‌റ്റ്, ഇൗജിപ്‌ത്, ഘാന, മൊറോക്കോ, സെനെഗൽ, ദക്ഷിണാ-്രഫിക്ക, ടുണീഷ്യ
ലാറ്റിനമേരിക്ക: അർജന്റീന, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പരാഗ്വേ, ഉറുഗ്വേ
ഓഷ്യാനിയ: ന്യൂസിലൻഡ്
യൂറോപ്പ്: ഇംഗ്ലണ്ട്
ലോകകപ്പിനുശേഷം കളി നിർത്തും : ക്രിസ്റ്റ്യാനോ റൊണാൾഡോ
അടുത്ത വർഷത്തെ ഫുട്‌ബോൾ ലോകകപ്പിനുശേഷം വിരമിക്കുമെന്ന സൂചന നൽകി പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ‘അടുത്ത വർഷത്തെ ലോകകപ്പ് നടക്കുന്പോൾ എനിക്ക് 41 വയസ്സാകും. അതായിരിക്കും രാജ്യാന്തര ഫുട്‌ബോളിലെ എന്റെ അവസാന നിമിഷം’ ഒരു അഭിമുഖത്തിനിടെ റൊണാൾഡോ വ്യക്തമാക്കി.
അഞ്ച് ലോകകപ്പിൽ പോർച്ചുഗലിനായി ഇറങ്ങിയിട്ടുണ്ട്. 2003ലായിരുന്നു ആദ്യം. 2008ൽ ദേശീയ ടീം ക്യാപ്‌റ്റനായി. ആയിരം ഗോളെന്ന അനുപമ നേട്ടത്തിന് അരികെയാണ് നാൽപ്പതുകാരൻ. സൗദി ക്ലബ് അൽ നസറിലാണ് നിലവിൽ. 2027വരെ കരാറുണ്ട്.
‘ഞാനെല്ലാം ഫുട്‌ബോളിന് വേണ്ടി സമർപ്പിച്ചു. കഴിഞ്ഞ 25 വർഷവും ഫുട്‌ബോളിനൊപ്പം മാത്രമായിരുന്നു. അതിൽ അഭിമാനമുണ്ട്. ഇൗ നിമിഷം ഞാൻ ആസ്വദിക്കുന്നു– റൊണാൾഡോ പറഞ്ഞു.









0 comments