പ്രതിഷേധം ഫലം കണ്ടു; ലോകകപ്പ് ടിക്കറ്റ് നിരക്ക് കുറച്ച് ഫിഫ; 60 ഡോളറിന് കളി കാണാം

സൂറിച്ച്: 2026 ലോകകപ്പ് ടിക്കറ്റ് നിരക്കിലെ അമിത വർധനവിനെതിരെ ആരാധകരിൽ നിന്നും ഫുട്ബോൾ അസോസിയേഷനുകളിൽ നിന്നും ഉയർന്ന ശക്തമായ പ്രതിഷേധത്തിന് വഴങ്ങി ഫിഫ. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിന് 60 ഡോളറായാണ് ഇപ്പോൾ നിരക്ക് കുറിച്ചിരിക്കുന്നത്.
നേരത്തെ പ്രഖ്യാപിച്ച നിരക്കുകൾ സാധാരണക്കാരായ ആരാധകർക്ക് അപ്രാപ്യമാണെന്ന വിമർശനത്തെ തുടർന്നാണ് ഈ നടപടി. നേരത്തെ പുറത്തുവിട്ട നിരക്ക് പ്രകാരം ഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റിന് പോലും 4,000 ഡോളറിന് മുകളിൽ (മൂന്നര ലക്ഷം രൂപയിലധികം) നൽകേണ്ടി വരുമായിരുന്നു.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്റിലെ ഫൈനൽ ഉൾപ്പെടെയുള്ള എല്ലാ 104 മത്സരങ്ങൾക്കും ഈ ഇളവ് ബാധകമായിരിക്കും. പുതിയ 'സപ്പോർട്ടർ എൻട്രി ടയർ' വിഭാഗത്തിലാണ് ഈ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാകുക.
യോഗ്യത നേടിയ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾ വഴിയായിരിക്കും ഇവ വിതരണം ചെയ്യുക. തങ്ങളുടെ ദേശീയ ടീമിനെ നിരന്തരം പിന്തുണയ്ക്കുന്ന 'ലോയൽ ഫാൻസിന്' മുൻഗണന നൽകാനാണ് ഫിഫ നിർദ്ദേശം. ഖത്തർ ലോകകപ്പിനെ അപേക്ഷിച്ച് അഞ്ചിരട്ടി വരെ വർധനവാണ് പല ടിക്കറ്റുകൾക്കും ഉണ്ടായിരുന്നത്.
ലോകകപ്പ് ടിക്കറ്റുകൾക്കായി ഇതുവരെ 2 കോടിയിലധികം അപേക്ഷകൾ ലഭിച്ചതായി ഫിഫ അറിയിച്ചു. എന്നാൽ ലഭ്യമായ ആകെ ടിക്കറ്റുകളുടെ ചെറിയൊരു ശതമാനം മാത്രമാണ് 60 ഡോളർ നിരക്കിൽ ലഭിക്കുക. ഇത് ആരാധകർക്കിടയിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.











0 comments