print edition കപ്പ് കടത്തുമോ ഇംഗ്ലണ്ട്

‘ഇത്തവണ ഇത് നാട്ടിലേക്ക്’–എല്ലാ ഫുട്‌ബോൾ ലോകകപ്പിലും ഇംഗ്ലീഷ് ആരാധകർ മുഴക്കുന്ന മുദ്രാവാക്യം ഇത്തവണയുമുണ്ട്. 1966ൽ നേടിയ ഏക കിരീടത്തിനുശേഷം ഇംഗ്ലണ്ടിന് ലോകഫുട്‌ബോളിൽ സന്തോഷിക്കാനൊന്നുമില്ല. യൂറോ കപ്പിൽ രണ്ടുവട്ടം റണ്ണറപ്പായതൊഴിച്ചാൽ വട്ടപൂജ്യമാണ് പ്രകടനം.
ഡേവിഡ് ബെക്കാമും വെയ്‌ൻ റൂണിയെയും പോലുള്ള അത്യുഗ്രൻ കളിക്കാർ വന്നുപോയിട്ടും ഇംഗ്ലീഷ് ഷെൽഫിൽ കിരീടങ്ങൾ കാലിയാണ്. ഇൗ നിരാശ ഇത്തവണയെങ്കിലും മാറ്റാനാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പിലേക്കുള്ള വരവ്. പക്ഷേ ഗ്രൂപ്പ് ഘട്ടം തന്നെ വെല്ലുവിളിയാണ്. കരുത്തരായ ക്രൊയേഷ്യയ്‌ക്കൊപ്പം ആഫ്രിക്കൻ വമ്പുള്ള ഘാന കൂടിയാകുമ്പോൾ എളുപ്പമാകില്ല. ‘എൽ’ ഗ്രൂപ്പിൽ പാനമയാണ് മറ്റൊരു ടീം.
ഇംഗ്ലണ്ട്
ഫിഫ റാങ്ക് 4
17–ാം ലോകകപ്പ്
തുടർച്ചയായ എട്ടാം ലോകകപ്പാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പ്രതിഭകൾക്ക് പഞ്ഞമില്ലെങ്കിലും തോറ്റ് മടങ്ങലാണ് പതിവ്. 60 വർഷമായി ആദ്യത്തെയും അവസാനത്തെയും കിരീടമുയർത്തിയിട്ട്. പിന്നീട് 1990ലും 2018ലും സെമിയിലെത്തി. അഞ്ച് തവണ ക്വാർട്ടറിലും. പക്ഷേ അതിനപ്പുറം മുന്നേറാനായില്ല. ഇത്തവണ ജർമൻ പരിശീലകൻ തോമസ് ടുഷെലിന്റെ കീഴിലാണ് ഇറങ്ങുന്നത്. കുറേക്കാലത്തിന് ശേഷമാണ് ഇംഗ്ലണ്ട് വിദേശ കോച്ചിന് കീഴിൽ ലോകകപ്പ് കളിക്കുന്നത്. ചരിത്രത്തിലാകെ മൂന്ന് തവണയാണ് വിദേശികൾ ടീമിനെ ഒരുക്കിയത്. യോഗ്യതാ റൗണ്ടിൽ ആദ്യ ആറ് കളിയും ജയിച്ചാണ് ടിക്കറ്റുറപ്പിച്ചത്. യൂറോപ്പിൽനിന്നും യോഗ്യത നേടിയ ആദ്യ സംഘമാണ്. സൂപ്പർതാരനിരയാൽ സമ്പന്നമാണ്. ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ, ജൂഡ് ബെല്ലിങ്‌ഹാം, ബുകായോ സാക, ഡെക്ലൻ റൈസ്, കോൾ പാൽമെർ തുടങ്ങിയ പ്രതിഭകളാണ് ടീമിൽ. 2022ൽ ക്വാർട്ടറിൽ പുറത്തായി.
മത്സരങ്ങൾ: ജൂൺ 17–ക്രൊയേഷ്യ, 23–ഘാന, 27–പാനമ.
ക്രൊയേഷ്യ
ഫിഫ റാങ്ക് 11
7–ാം ലോകകപ്പ്
അവസാന രണ്ട് പതിപ്പിലും വിസ്‌മയിപ്പിച്ച ക്രൊയേഷ്യ രണ്ടും കൽപ്പിച്ചാണ് ഇൗ ലോകകപ്പിന് ഒരുങ്ങുന്നത്. 2018ൽ റണ്ണറപ്പായി, കഴിഞ്ഞ തവണ ഖത്തറിൽ മൂന്നാം സ്ഥാനവും. ആദ്യ നാലിൽ ഇടംപിടിക്കുക എന്നതാണ് ഇത്തവണയും ലക്ഷ്യമെന്ന് ടീം പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥിരതയാണ് കരുത്ത്. തോറ്റ് കൊടുക്കാൻ കഴിയാത്ത മനസ്സുമുണ്ട്. പ്രതിരോധത്തിലൂന്നി തക്കം കിട്ടുമ്പോൾ ആക്രമിക്കുന്ന ശൈലി ലോകവേദിയിൽ ഇത്രയും വിജയകരമായി നടപ്പാക്കിയ മറ്റൊരു സംഘമില്ല. സ്ലാട്‌കോ ദാലിച്ച് തന്നെയാണ് കോച്ച്. നാൽപ്പതുകാരൻ ലൂകാ മോഡ്രിച്ചിനാണ് ഇത്തവണയും ആസൂത്രണത്തിന്റൈ ചുമതല. ഇവാൻ പെരിസിച്ച്, യോസ്‌കോ ഗ്വാർഡിയോൾ, ലൂകാ വുസ്‌കോവിച്ച് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
മത്സരങ്ങൾ: ജൂൺ 17–ഇംഗ്ലണ്ട്, 24–പാനമ, 27–ഘാന.
ഘാന
ഫിഫ റാങ്ക് 74
5–ാം ലോകകപ്പ്
തുടർച്ചയായ രണ്ടാം ലോകകപ്പിനാണ് ഘാന തയ്യാറെടുക്കുന്നത്. 2010ൽ ക്വാർട്ടറിലെത്തിയതാണ് മികച്ച നേട്ടം. കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. പുതിയ പരിശീലകൻ കാർലോസ് ക്വിയോറോസിന് കീഴിലാണ് വരവ്. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ പത്തിൽ എട്ട് കളിയും ജയിച്ചു. യൂറോപ്പിൽ തിളങ്ങിനിൽക്കുന്ന ഒരുപറ്റം യുവനിരയിലാണ് പ്രതീക്ഷ. അന്റോണിൻ സെമെന്യോ, മുഹമ്മദ് കുദുസ്, തോമസ് പാർടി, ബ്രണ്ടൻ തോമസ് തുടങ്ങിയവർ മികവ് കാട്ടിയാൽ ഘാന അൽഭുതം കാട്ടും.
മത്സരങ്ങൾ: ജൂൺ 18–പാനമ, 23–ഇംഗ്ലണ്ട്, 27–ക്രൊയേഷ്യ.
പാനമ
ഫിഫ റാങ്ക് 33
2–ാം ലോകകപ്പ്
ചരിത്രത്തിലെ രണ്ടാം ലോകകപ്പാണ്. 2018ലായിരുന്നു ആദ്യത്തേത്. അന്ന് പ്രാഥമികഘട്ടം തന്നെ പുറത്തായി. തോമസ് ക്രിസ്റ്റ്യൻസെൻ പരിശീലിപ്പിക്കുന്ന സംഘത്തിൽ അദൽബെർടോ കറസ്‌കാലിയ, മൈക്കേൽ അമീർ മുറിലോ, അനിബൽ ഗോദോയ് എന്നീ മികച്ച കളിക്കാരുണ്ട്.
മത്സരങ്ങൾ: ജൂൺ 18–ഘാന, 24–ക്രൊയേഷ്യ, 27–ഇംഗ്ലണ്ട്.











0 comments